MediaAppUSA

വന്നുവന്ന് കോഴിയും തുടങ്ങി ആക്രമണം (ദുര്‍ഗ മനോജ് )

ദുര്‍ഗ മനോജ് Published on 24 November, 2022
വന്നുവന്ന് കോഴിയും തുടങ്ങി ആക്രമണം (ദുര്‍ഗ മനോജ് )

കോഴിപ്പോര് നമ്മള്‍ കേട്ടിട്ടുണ്ട്. എതിരാളിയെ കൊത്തിക്കൊല്ലുന്ന അങ്കക്കലി മൂത്ത പോരുകോഴികളെ നമുക്ക് പരിചിതമാണ്. എന്നാല്‍ സാധാരണ ഗതിയില്‍ മനുഷ്യരോട് അമ്മാതിരി അങ്കത്തിനൊന്നും ഒരു പോരുകോഴിയും ധൈര്യപ്പെടാറില്ല. പരമാവധി പുരപ്പുറത്തു കയറി നിന്ന് രണ്ടു കൊക്കരക്കോ ശബ്ദമുണ്ടാക്കും. പിന്നെ കഴുത്തു നീട്ടിപ്പിടിച്ച് ഒരു നടപ്പു നടക്കും. എന്നാല്‍ അതൊക്കെ പഴങ്കഥയാകുന്നു. നാട്ടില്‍ തെരുവുനായകര്‍ക്ക് വാര്‍ത്താപ്രാധാന്യം വന്നത് അറിഞ്ഞാണെന്നു തോന്നുന്നു, മഞ്ഞുമ്മലില്‍ ഒരു പൂവന്‍കോഴി ആക്രമണകാരിയായി മാറിയത്. ആ വാര്‍ത്ത ഇങ്ങനെ,
പൂവന്‍കോഴി കൊത്തി പരിക്കേല്‍പ്പിച്ച രണ്ട് വയസ്സുകാരന് ഗുരുതര പരിക്ക്. കോഴിയുടമക്കെതിരെ പൊലീസ് കേസെടുത്തു. എറണാകുളം മഞ്ഞുമ്മല്‍ മുട്ടാര്‍ കടവ് റോഡിലാണ് സംഭവം. കുട്ടിയുടെ മുത്തച്ഛന്‍ നല്‍കിയ പരാതിയിലാണ് നടപടി. കുട്ടിയുടെ കണ്ണിനു താഴെയും തലയ്ക്ക് പിന്നിലും കോഴി കൊത്തി പരിക്കേല്‍പ്പിച്ചെന്നാണ് പരാതിയില്‍ പറയുന്നത്. കഴിഞ്ഞ മാസമാണ് സംഭവം നടന്നത്. മഞ്ഞുമ്മല്‍ താമസിക്കുന്ന പരാതിക്കാരന്റെ മകളുടെ മകനെയാണ് കൊത്തി പരിക്കേല്‍പ്പിച്ചത്. കുഞ്ഞ് ഒച്ചവെച്ച് കരഞ്ഞെങ്കിലും കോഴി കൊത്ത് നിര്‍ത്തിയില്ല. നിരവധി തവണ കോഴി കൊത്തുകയായിരുന്നു. കണ്ണിനു തൊട്ടു താഴെയും കവിളിലും ചെവിക്കു പിന്നിലും തലയിലുമെല്ലാം ആഴത്തില്‍ മുറിവേറ്റിട്ടുണ്ട്. സംഭവം നടന്ന ഉടന്‍ തന്നെ കുട്ടിയെ മഞ്ഞുമ്മല്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടിയെ ശിശുരോഗ വിദഗ്ധനെ കാണിക്കണമെന്ന ഡോക്ടറുടെ നിര്‍ദേശത്തെ തുടര്‍ന്ന് ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യുകയായിരുന്നു. കണ്ണിനു താഴെ ആഴമേറിയ കൊത്ത് കിട്ടിയതിനാല്‍ കാഴ്ചയെ ബാധിക്കാന്‍ സാധ്യതയുണ്ടെന്ന് ഡോക്ടര്‍ അറിയിച്ചു. അഞ്ച് ദിവസങ്ങള്‍ക്ക് ശേഷം കുട്ടിയെ ഇന്നലെ ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്തു. അക്രമകാരിയായ കോഴി മുമ്പും ആളുകളെ ഉപദ്രവിച്ചിട്ടുണ്ട്. വിവരം ഉടമയെ അറിയിക്കുകയും കോഴിയെ കൂട്ടിലിട്ട് വളര്‍ത്താന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഉടമ അത് ?ഗൗരവമാക്കാതെ കോഴിയെ അഴിച്ച് വിടുകയായിരുന്നു. കേസ് ഒത്തു തീര്‍പ്പാക്കാന്‍ ശ്രമിച്ചെങ്കിലും കുട്ടിയുടെ നില കണക്കിലെടുത്ത് മുന്നോട്ട് പോവുകയായിരുന്നു. ആശുപത്രിച്ചെലവും നഷ്ടപരിഹാരവും ആവശ്യപ്പെട്ടാണ് പരാതി. ഐപിസി സെക്ഷന്‍ 324 വകുപ്പു പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളതെന്ന് പൊലീസ് പറഞ്ഞു. 

കാര്യം എന്തൊക്കെ പറയുമ്പോഴും സംഗതി കേസും കൂട്ടവും ആയത് പൂവന്‍കോഴി അറിഞ്ഞോ എന്നതാണ് പ്രധാനം. അതുപോലെ സ്വന്തം വീട്ടിലെ വളര്‍ത്തുമൃഗങ്ങള്‍, നാട്ടുകാര്‍ക്കും ഓമനകള്‍ ആകണമെന്നില്ലെന്ന് ദയവായി മൃഗപക്ഷി സ്‌നേഹികള്‍ തിരിച്ചറിയണം. ആഗോള മാന്ദ്യത്തിനു മുന്നോടിയായി പാലിനും, പിന്നെ എല്ലാ ദുഃഖവും മറന്ന് ഒന്ന് ഉറങ്ങാന്‍ സഹായിക്കുന്ന മദ്യത്തിനും സര്‍ക്കാര്‍ വില കൂട്ടിക്കഴിഞ്ഞു. പട്ടികടിക്ക് കുത്തിവയ്ക്കാന്‍ പോകാന്‍ കാല്‍ക്കാശ് കൈയ്യിലില്ലാത്ത മനുഷ്യരോട് വഴിയില്‍ കോഴിയുണ്ട് ശ്രദ്ധിക്കുക എന്നുകൂടി പറയരുത്.
സഹിക്കാന്‍ വയ്യാഞ്ഞിട്ടാണ്. പ്ലീസ്...

(Two year old boy got eye injury after being attacked by a chicken)

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക