Image

പ്രണയ വ്യവഹാരം ( കവിത: ഫർസാന എ.പി )

Published on 24 November, 2022
പ്രണയ വ്യവഹാരം ( കവിത: ഫർസാന എ.പി )

ഓർമ്മകളെ തീവണ്ടികളിൽ
കയറ്റിഅയക്കുന്നതാണെന്റെ
പ്രണയവ്യവഹാരം.

നമ്മുടെ ഒച്ചകൾ
നീങ്ങിയവസാനിക്കുന്നതും
പ്ലാറ്റ്ഫോമൊഴിഞ്ഞു ഞാൻ
നിന്റെ നഷ്ടം കണക്ക്കൂട്ടുന്ന
എന്റെ ഹൃദയമിടിപ്പുകൾ
പതുക്കെ തിരിഞ്ഞു നടക്കുന്നു.

മഞ്ഞിനും മഴയ്ക്കും ഇടയിലൊരു
മലപോലെ പ്രണയത്തിൽ
അവ ചെന്നു കയറുന്നു.
ഓരോ ഉമ്മകളും
അടയാളം വെച്ച കൊടികൾ
കുളിരു കോരി നിൽക്കുന്ന ചാരെ
രോമാഞ്ചങ്ങളുടെ
ഫോട്ടോഷൂട്ട് കാപ്പി മണപ്പിക്കുന്നു.

കോടകെട്ടിയ ആലിംഗനങ്ങൾ
മലയിറങ്ങി യാത്ര പറയുന്നു,
ആ പോകുന്ന കിനാവുകളെ 
കോർത്തുവെച്ച വിരലുകളുടെ
കട്ടൗട്ടുകളെന്ന് ഞാൻ 
അടുത്ത തീവണ്ടികളിലേക്കെന്ന് 
പൊതിഞ്ഞു കെട്ടി തുടങ്ങുന്നു,
നമ്മളെ.

POEM  - FARSANA  A P

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക