Image

വൃശ്ചികം വന്നു വിളിച്ചപ്പോൾ സതീഷ് ബാബു   വിടവാങ്ങി (വൈക്കം സുനീഷ് ആചാര്യ)

Published on 24 November, 2022
വൃശ്ചികം വന്നു വിളിച്ചപ്പോൾ സതീഷ് ബാബു   വിടവാങ്ങി (വൈക്കം സുനീഷ് ആചാര്യ)

വൃശ്ചികം വന്നു വിളിച്ചു എന്ന കൃതിയുടെ പേര് അന്വർത്ഥമാക്കുന്നത് പോലെ സ്നേഹത്തിന്റെ ഭാഷയിലൂടെ മലയാളികളുടെ മനസ്സിലിടം നേടിയ പ്രിയ എഴുത്തുകാരൻ വൃശ്ചികമാസത്തിൽ വിടവാങ്ങി. മലയാള സാഹിത്യത്തിൽ അങ്ങനെ ഒരു പ്രതിഭ കൂടി അസ്തമിച്ചു.

ചലിച്ചു കൊണ്ടിരിക്കുന്ന ലോകം കോവിഡ് രോഗം മൂലം നിശ്ചലമായപ്പോൾ ഒറ്റപ്പെട്ടുപോയ മനുഷ്യന്റെ നിസ്സഹായാവസ്ഥ അഭിനയചക്രവർത്തി കമലഹാസന്റെ കാഴ്ചപ്പാടിലൂടെ നോക്കിക്കാണാൻ ശ്രമിക്കുന്ന 'കമലഹാസൻ അഭിനയിക്കാതെ പോയ സിനിമ'എന്ന കൃതിയിലൂടെ അദ്ദേഹം പറയാൻ ശ്രമിച്ചത്. മനുഷ്യരുടെ പ്രശ്നങ്ങളെ വളരെ ഗൗരവത്തോടെ നോക്കിക്കണ്ട എഴുത്തുകാരനാണ് പ്രിയ സതീഷ്ബാബു പയ്യന്നൂർ.

'വിലാപ വൃക്ഷത്തിലെ കാറ്റ് 'എന്ന നോവൽ മലയോരങ്ങളിൽ കുടിയേറിയ ക്രിസ്ത്യൻ ജനതയുടെ ജീവിതം തുറന്നു കാട്ടുന്നതാണ്. ബൈബിൾ ഭാഷയുടെ സൗന്ദര്യം നോവലിലുടനീളം കാണാം.

'ന്യൂസ്‌ റീഡറും പൂച്ചയും ' എഴുത്തുഭാഷയുടെ മാറ്റങ്ങൾ പ്രകടനമാകുന്ന വ്യത്യസ്തങ്ങളായ പത്തുകഥകളുടെ സമാഹാരമാണ്.

പേരമരം,കുടമണികൾ കിലുങ്ങിയ രാവിൽ,
കലികാൽ,വൃശ്ചികം വന്നു വിളിച്ചു തുടങ്ങി കൃതികളും രചിച്ചു.1985-ലെ കാരൂർ പുരസ്‌കാരം,രണ്ടായിരത്തി പന്ത്രണ്ടിൽ 
ചെറുകഥയ്ക്കുള്ള കേരള സാഹിത്യ പുരസ്കാരം തുടങ്ങിയവക്ക്‌ അർഹനായി.
ബാങ്ക് ഉദ്യോഗസ്ഥനായിരുന്ന അദ്ദേഹം നിരവധി ടെലിവിഷൻ ചിത്രങ്ങളും ഡോക്യുമെന്ററികളും സംവിധാനം ചെയ്യുകയുണ്ടായി.

സാമൂഹിക പ്രതിബദ്ധതയുള്ള ഒരു എഴുത്തുകാരൻ കൂടിയാണ് മലയാളത്തിന് നഷ്ടമായത്. അദ്ദേഹം പകർന്ന അക്ഷരങ്ങളിലൂടെ ഇനിയും മലയാളികളുടെ ഹൃദയത്തിൽ സതീഷ് ബാബു പയ്യന്നൂർ എന്ന സ്നേഹഭാഷയുടെ എഴുത്തുകാരൻ ജീവിക്കും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക