MediaAppUSA

വിവാഹിതയെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന കേസ് നിലനില്‍ക്കില്ലെന്ന് കോടതി

Published on 25 November, 2022
വിവാഹിതയെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന കേസ് നിലനില്‍ക്കില്ലെന്ന് കോടതി

കൊച്ചി : വിവാഹിതയായ യുവതിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്നാരോപിച്ചുള്ള കേസ് നിലനില്‍ക്കില്ലെന്നു ഹൈക്കോടതി വിധിച്ചു. പരാതിക്കാരി വിവാഹിതയാണെങ്കില്‍ നിയമപരമായി മറ്റൊരു വിവാഹം സാധിക്കാത്ത നിലയ്ക്ക് വ്യാജ വാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്നാരോപിച്ച് നടപടിയെടുക്കാനാവില്ല. 

വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്ന് ആരോപിച്ച് പുനലൂര്‍ പൊലീസ് റജിസ്റ്റര്‍ ചെയ്ത് കേസില്‍ പ്രതിയായ കൊല്ലം സ്വദേശി ടിനോ തങ്കച്ചന്‍ നല്‍കിയ ഹര്‍ജി അനുവദിച്ചാണ് ജസ്റ്റിസ് കൗസര്‍ എടപ്പഗത്തിന്റെ ഉത്തരവ്. ഓസ്‌ട്രേലിയയില്‍ വച്ച് ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ട ഇരുവരും പ്രണയത്തിലായിരുന്നു. യുവതിയുടെ ആരോപണം മുഖവിലയ്ക്ക് എടുത്താല്‍ പോലും പ്രഥമവിവര മൊഴി അനുസരിച്ച് പീഡനക്കേസ് നിലനില്‍ക്കില്ലെന്നു പ്രതിയുടെ അഭിഭാഷകന്‍ വാദിച്ചു. വിവാഹിതരാകാന്‍ തീരുമാനിച്ചുവെന്നും പരസ്പര സമ്മതപ്രകാരം ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടുവെന്നും മൊഴിയില്‍ പറയുന്നുണ്ട്.

വിവാഹം ചെയ്യാമെന്നു പറഞ്ഞതു കൊണ്ടു സമ്മതിച്ചു എന്നാണു യുവതിയുടെ പരാതി. എന്നാല്‍, വിവാഹിതയായ യുവതി പ്രണയത്തിലുള്ള വ്യക്തിയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട കേസ് ആണിതെന്നു കോടതി പറഞ്ഞു. യുവതി ഭര്‍ത്താവില്‍ നിന്നു പിരിഞ്ഞു താമസിക്കുകയാണെങ്കിലും വിവാഹമോചന നടപടികള്‍ പുരോഗമിക്കുന്നതേ ഉള്ളൂ. നിയമപരമായി നടപ്പാക്കാനാകാത്ത വിവാഹ വാഗ്ദാനം പീഡനക്കേസിലെ പ്രോസിക്യൂഷന്‍ നടപടികള്‍ക്ക് ആധാരമാക്കാന്‍ കഴിയില്ലെന്നു വിലയിരുത്തിയ കോടതി കേസ് റദ്ദാക്കി.

 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക