Image

വിഴിഞ്ഞത്ത് പോലീസ് സ്‌റ്റേഷന്‍ അടിച്ചു തകര്‍ത്തു; 30 പോലീസുകാര്‍ക്ക് പരിക്ക്, ലാത്തിച്ചാര്‍ജ്, സമവായ ചര്‍ച്ച 

Published on 27 November, 2022
വിഴിഞ്ഞത്ത് പോലീസ് സ്‌റ്റേഷന്‍ അടിച്ചു തകര്‍ത്തു; 30 പോലീസുകാര്‍ക്ക് പരിക്ക്, ലാത്തിച്ചാര്‍ജ്, സമവായ ചര്‍ച്ച 

 

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിര്‍മ്മാണ പദ്ധതിയെ എതിര്‍ത്തുകൊണ്ടുള്ള പ്രതിഷേധം അക്രമാസക്തമായി. വൈകിട്ട് ഏഴുമണിയോടെ പോലീസ് സ്‌റ്റേഷനിലേക്ക് ഇരച്ചുകയറിയ ആയിരത്തോളം വരുന്ന സമരസമിതി പോലീസ് സ്‌റ്റേഷന്‍ അടിച്ചുതകര്‍ത്തു. 30ലേറെ പോലീസുകാര്‍ക്ക് പരിക്കേറ്റു. പോലീസ് വാഹനങ്ങള്‍ അടിച്ചുതകര്‍ത്തു. കേസ് ഫയലുകള്‍ വലിച്ചെറിഞ്ഞു. എസ്.ഐ ലിജോ പി.മാണിയുടെ കാലിന് ഗുരുതരമായി പരിക്കേറ്റു. മാധ്യമ പ്രവര്‍ത്തകര്‍ക്കും മര്‍ദ്ദനമേറ്റു. 

വിഴിഞ്ഞത്ത് ഇന്നലെ നടന്ന പ്രതിഷേധത്തിന്റെ ഭാഗമായി ആര്‍ച്ച് ബിഷപ്, ബിഷപ്  അടക്കം അമ്പതോളം വൈദികര്‍ക്കും കണ്ടാലറിയാവുന്ന 200 ഓളം പേര്‍ക്കെതിരെയും കേസെടുത്തതിനു പിന്നാലെയാണ് ജനക്കൂട്ടം അക്രമാസക്തരായത്. ഗൂഢാലോചന അടക്കമുള്ള കുറ്റങ്ങളാണ് ആര്‍ച്ച് ബിഷപ്പിനെതിരെ അടക്കം ചുമത്തിയത്. 

ഈ വാര്‍ത്ത അറിഞ്ഞതോടെ തിരുവനന്തപുരം ലത്തീന്‍ അതിരൂപതയിലെ ഇടവകകളില്‍ നിന്നുള്ള വിശ്വാസികള്‍ പ്രതിഷേധവുമായി പോലീസ് സ്‌റ്റേഷനിലേക്ക് എത്തുകയായിരുന്നു. ഇന്നലെ കസ്റ്റഡിയില്‍ എടുത്ത അഞ്ച് പേരെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ടു. 

സമരസമിതി പ്രവര്‍ത്തകര്‍ എത്തുമ്പോള്‍ ആവശ്യത്തിന് പോലീസുകാര്‍ സ്‌റ്റേഷനിലുണ്ടായിരുന്നില്ല. സമരക്കാര്‍ സ്‌റ്റേഷന്‍ അടിച്ചുതകര്‍ക്കുകയും നിര്‍മ്മാണം നടന്നുകൊണ്ടിരുന്ന സ്‌റ്റേഷനിലെ നിര്‍മ്മാണ വസ്തുക്കള്‍ വലിച്ചെറിയുകയും ചെയ്തു. 

സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ 200 ലേറെ വരുന്ന പോലീസ് സംഘം ലാത്തിച്ചാര്‍ജും കണ്ണീര്‍ വാതകവും നടത്തിയാണ് പ്രവര്‍ത്തകരെ ഒഴിവാക്കിയത്. ഒരുഘട്ടത്തില്‍ പരിക്കേറ്റ പോലീസുകാരെ ആശുപത്രിയില്‍ കൊണ്ടുപോകുന്നതിന് ആംബുലന്‍സ് എത്തിക്കാന്‍ പോലും പ്രവര്‍ത്തകര്‍ അനുവദിച്ചിരുന്നില്ല. പോലീസ് സ്‌റ്റേഷന്‍ പരിസരത്തുള്ള വാഹനങ്ങളും തകര്‍ത്തു.

നിലവില്‍ പോലീസ് ഒരു ഭാഗത്തും കെഎസ്ആര്‍ടിസി, ഹാര്‍ബര്‍ പരിസരത്ത് സമരസമിതി പ്രവര്‍ത്തകരും തമ്പടിച്ചിരിക്കുകയാണ്. തീരപ്രദേശത്ത് ജാഗ്രത നിര്‍ദേശം നല്‍കി. പ്രദേശത്ത് കൂടുതല്‍ ഡി.വൈ.എസ്.പിമാര്‍ക്കും സി.ഐമാര്‍ക്കും ചുമതല നല്‍കി. 

ഇതിനകം സമവായ ചര്‍ച്ച ആരംഭിച്ചു. ജില്ലാ കലക്ടറും കമ്മീഷണറും അടക്കമുള്ള സംഘം സഭയുമായി ചര്‍ച്ച നടത്തുകയാണ്. പ്രശ്‌നം രൂക്ഷമാക്കിയത് പോലീസ് ആണെന്ന് അതിരുപത വികാരി ജനറാള്‍ യൂജിന്‍ പെരേര ആരോപിച്ചു. സമരസ്ഥലത്ത് നിന്നുവെന്നത് ഗൂഢാലോചനയല്ലെന്നും അദ്ദേഹം പറഞ്ഞു. വൈദികരെ പോലും പോലീസ് ആരകമിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

നിലവില്‍ സ്ഥലത്ത് സ്ഥിതി ശാന്തമാണ്. ചര്‍ച്ചയുടെ തീരുമാനം അനുസരിച്ചായിരിക്കും സമരത്തിന്റെ തുടര്‍ന്നുള്ള ഗതി.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക