Image

ഏകീകൃത കുര്‍ബാന:എറണാകുളം സെന്റ് മേരീസ് കത്തീഡ്രല്‍ അടച്ചു

Published on 28 November, 2022
ഏകീകൃത കുര്‍ബാന:എറണാകുളം സെന്റ് മേരീസ് കത്തീഡ്രല്‍ അടച്ചു

കൊച്ചി: ഏകീകൃത കുര്‍ബാനയെച്ചൊല്ലി എറണാകുളംഅങ്കമാലി അതിരൂപതയുടെ ആസ്ഥാന ദേവാലയമായ എറണാകുളം സെന്റ് മേരീസ് കത്തീഡ്രല്‍ ബസിലിക്കയ്ക്കു മുന്നില്‍ സംഘര്‍ഷം. ഏകീകൃത കുര്‍ബാന അര്‍പ്പിക്കാന്‍ എത്തിയ അപ്പസ്തലിക് അഡ്മിനിസ്‌ട്രേറ്റര്‍ ആര്‍ച്ച്ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് പ്രതിഷേധത്തിനിടെ മടങ്ങി. ഇരുവിഭാഗവും പ്രതിഷേധത്തില്‍ ഉറച്ചുനിന്നതോടെ  പള്ളി  പൊലീസ് അടച്ചിട്ടു. 4 പേരെ അറസ്റ്റ് ചെയ്തു. പള്ളിയില്‍ നിശ്ചയിച്ചിരുന്ന മനസ്സമ്മതം ഉള്‍പ്പെടെയുള്ള ചടങ്ങുകള്‍ മറ്റ് സ്ഥലങ്ങളിലേക്കു മാറ്റി. പള്ളി തുറന്നാല്‍ സംഘര്‍ഷമുണ്ടാകും എന്നുള്ള റിപ്പോര്‍ട്ട് പൊലീസ് ആര്‍ഡിഒയ്ക്കു നല്‍കും.

സെന്റ് മേരീസ് ബസിലിക്കയില്‍ മുന്‍ നിശ്ചയപ്രകാരം ഏകീകൃത കുര്‍ബാന അര്‍പ്പിക്കാന്‍ ആര്‍ച്ച് ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് തൃശൂരില്‍ നിന്ന് ഇന്നലെ രാവിലെ അഞ്ചേമുക്കാലിന് എത്തി. ഏകീകൃത കുര്‍ബാനയെ എതിര്‍ക്കുന്നവര്‍ മണിക്കൂറുകള്‍ക്കു മുന്‍പേ പള്ളി മുറ്റത്തുണ്ടായിരുന്നു. ഏകീകൃത കുര്‍ബാന ആവശ്യപ്പെടുന്നവരും തൊട്ടടുത്തായി നിലയുറപ്പിച്ചു. മാര്‍ ആന്‍ഡ്രൂസ് താഴത്തിനെ അനുകൂലിച്ചും പ്രതികൂലിച്ചും മുദ്രാവാക്യങ്ങള്‍ ഉയര്‍ന്നു.

പൊലീസ് സുരക്ഷ ഉണ്ടായിരുന്നെങ്കിലും 'ഗോ ബാക്ക് ബിഷപ്' വിളികളോടെ വിമതവിഭാഗം അഡ്മിനിസ്‌ട്രേറ്ററുടെ വാഹനത്തിനു തടസ്സം സൃഷ്ടിച്ചു. അതോടെ മാര്‍ താഴത്ത്  തൊട്ടടുത്തുള്ള അതിരൂപതാ ആസ്ഥാനത്തേക്ക് പോയി. സുരക്ഷയൊരുക്കാന്‍ പുറത്തേക്കു വന്ന ഔദ്യോഗിക പക്ഷക്കാരില്‍ ചിലര്‍ കസേരകള്‍ വലിച്ചെറിഞ്ഞു, ബോര്‍ഡുകള്‍ നശിപ്പിച്ചു. മാര്‍ താഴത്തിനു പിന്നാലെ പോയവരില്‍ ഒരു വിഭാഗം അതിരൂപതാ മന്ദിരത്തിലേക്ക് ഓടിക്കയറി ഫ്‌ലെക്‌സുകളും മറ്റും നശിപ്പിച്ചു.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക