Image

ചെന്നൈയിലും നിർവാണ ഫീസ്റ്റ് സൂപ്പർ ഹിറ്റ്

നാസർ മുഹമ്മദ് Published on 28 November, 2022
ചെന്നൈയിലും നിർവാണ ഫീസ്റ്റ് സൂപ്പർ ഹിറ്റ്

ചെന്നൈ: രുചി മുകുളങ്ങളുടെ ഇഷ്ട തോഴനും സെലിബ്രിറ്റി ഷെഫുമായ സുരേഷ് പിള്ളയുടെ നിർവാണ ഫീസ്റ്റ് ചെന്നൈയിലും സൂപ്പർ ഹിറ്റ്.


മൂന്ന് ദിവസമായി തേനാം പെട്ടിലെ ഹയാത്ത് റീജൻസിയിൽ സംഘടിപ്പിച്ച നിർവാണ ഫീസ്റ്റ് രുചി പ്രിയരുടെ മനം കവർന്നു. ഹയാത്ത് റീജൻസി ചെന്നൈയുടെ സിഗ് നേച്ചർ ഔട്ട്ലെറ്റായ ഫൊക്കാസിയയിലാണ് കേരള സ്പെഷൽ ഫൈവ് കോഴ്സ് സെറ്റ് മെനു സുരേഷ് പിള്ള അവതരിപ്പിച്ചത്. നിർവാണ ഫീസ്റ്റ് എന്നു പേരിട്ട സ്പെഷൽ ഭക്ഷ്യമേളയിൽ കേരളീയ വിഭവങ്ങൾ ഇതുവരെ അറിയാത്ത രുചിയോടെയാണ് ഒരുക്കിയത്. 


കടുമാങ്ങ നിറച്ച പാനി പൂരിക്കുള്ളിലേക്ക് മോര് ഒഴിച്ചു കഴിച്ചവരുടേയും വേണാട് പാൽ കൊഞ്ചും പഴംപൊരി ചാറ്റുമെല്ലാം ആസ്വദിച്ച് കഴിച്ചവർ ഏറെയാണ്. തേങ്ങാപ്പാലിൻ്റെ നേർത്ത മധുരത്തിനൊപ്പം കുരുമുളകിൻ്റെ എരിവും പച്ച മാങ്ങയുടെ പുളിയുമെല്ലാം നാവിലൂടെ അലിച്ചിറങ്ങുന്ന നെയ്മീൻ നിർവാണയുടെ രുചി ഹയാത്തിൽ നിന്ന് പുറത്തിറങ്ങിയാലും നാവിൻതുമ്പിൽ തന്നെ തങ്ങിനിൽക്കുന്നതായിരുന്നു. കൊല്ലം മട്ടൻകറി, ഉള്ളി തീയൽ, മലബാർ നൂൽ പൊറോട്ട, തേങ്ങാ പാലും ശർക്കരയും ചേർത്തുള്ള ശ്രീലങ്കൻ വിഭവം വാത്തളപ്പവും പാലട തൂവിയെത്തുന്ന പാലട ചീസ് കേക്കുമാണ് ഡിസേർട്ട് വിഭാഗത്തിൽ. മോക്ക്ടെയ്ൽ, കോക്ക്ടെയ്ൽ വിഭാഗത്തിലും വ്യത്യസ്തത നിറഞ്ഞിരുന്നു.


നിഷ്കളങ്കമായ പുഞ്ചിരി തൂകി സ്നേഹവും ലാളിത്യവും കൂടി ഷെഫ് പിള്ള രുചിക്കൂട്ടുകളിൽ ചേർത്ത് വിളമ്പുമ്പോൾ ഇഷ്ടവിഭവങ്ങൾ ഏറെ സംതൃപ്തിയോടെ കഴിക്കാൻ ഒത്തിരി പേരാണ് ഹയാത്തിൽ എത്തിച്ചേർന്നത്. ചെന്നൈയിലെ പല വ്യവസായ, രാഷ്ട്രീയ പ്രമുഖരും ചലച്ചിത്ര താരങ്ങളും സുരേഷ് പിള്ളയുടെ കൈപ്പുണ്യം നുകരാനെത്തി.

ചലച്ചിത്ര താരങ്ങളായ ജയറാമും പാർഥിപനുമെല്ലാം കുടുംബസമേതമാണ് എത്തിയത്. മൂന്ന് ദിവസമായി നടത്തിയ ഭക്ഷ്യമേളയിൽ നിന്നും ലഭിച്ച വരുമാനത്തിൻ്റെ ഒരു ഭാഗം വയനാട്ടിലെ ആദിവാസി കുട്ടികൾക്ക് പുതിയ വസ്ത്രങ്ങൾ വാങ്ങാൻ നൽകുമെന്ന് സുരേഷ് പിള്ള പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക