Image

കുയിലമ്മ (കവിത: ദീപ ബിബീഷ് നായര്‍)

ദീപ ബിബീഷ് നായര്‍ Published on 30 November, 2022
കുയിലമ്മ (കവിത: ദീപ ബിബീഷ് നായര്‍)

കണ്ടുവോ നിങ്ങളാ കൂകും കുയിലിനെ
മുറ്റത്തെ മാവിലിന്നേകയായി
ഒട്ടുനാള്‍ മുന്നിലായല്ലോ കലപില
കൂട്ടിപ്പിരിഞ്ഞവര്‍ രണ്ടിടത്തായ്
ആരുമറിയാതെ കരടനീഢത്തിലായ്
അവളന്ന് മുട്ടകളിട്ടിരുന്നു
അരുതെന്ന് ചൊല്ലിപ്പറഞ്ഞവന്‍
ദേഷ്യത്തിലുച്ചത്തിലല്ലോ രവങ്ങളായി
മത്സരിച്ചവരതാ കൂകിത്തളര്‍ന്നപ്പോഴവനുണ്ട്
ദൂരെ പറന്നുപോയി
കാറുണ്ട് മാനത്ത് കോളുണ്ട് മാരിയും
കാര്യമായെത്തുന്ന പോലെയുണ്ട്
ആടിത്തുടങ്ങുന്നു മാവിന്റെ ചില്ലയും
തെന്നലിന്‍ ശീല്‍ക്കാരമേറിയല്ലോ
സന്ധ്യമയങ്ങുന്നിരുട്ടും പരക്കുന്നു
കണ്ടില്ല മാരനെയന്നുമവള്‍
തെറ്റിപ്പിരിഞ്ഞങ്ങ് പോകുവാനെങ്ങാനെ
പറ്റുന്നു നാഥനെന്നോര്‍ത്തു പോയി
അകലെയായ് നിന്നതാ കേള്‍ക്കുന്നു
കൂജനം
അരികിലായെത്തിയവന്‍ ക്ഷണത്തില്‍
അതുവരെയുള്ളിലടക്കിയ സങ്കടം
അണപൊട്ടിയൊഴുകിയാ വേളയിലും
കൊക്കുകള്‍ ചേര്‍ത്തവര്‍ ചിറകുകള്‍ ചേര്‍ത്തവര്‍
ഒന്നായി മാറിയ കാഴ്ച കണ്ടോ ?

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക