Image

പ്രവാസികളുടെ വിശ്വാസ തീക്ഷ്ണതയില്‍ അഭിമാനം: മാര്‍ ജോസഫ് പെരുന്തോട്ടം

Published on 30 November, 2022
 പ്രവാസികളുടെ വിശ്വാസ തീക്ഷ്ണതയില്‍ അഭിമാനം: മാര്‍ ജോസഫ് പെരുന്തോട്ടം

 

ദുബായ്: ഗള്‍ഫ് നാടുകളിലെ സിറോ മലബാര്‍ വിശ്വാസികളുടെ തീക്ഷ്ണതയും സഭാ സ്നേഹവും തന്നെ എല്ലായ്പ്പോഴും അത്ഭുതപ്പെടുത്തുന്നുവെന്നും അവരെ ഓര്‍ത്ത് അഭിമാനമുണ്ടെന്നും ചങ്ങനാശേരി ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം.


ദുബായ് സെന്റ് മേരീസ് കത്തോലിക്കാ ദേവാലയത്തിലെ സീറോ മലബാര്‍സഭാ വിശ്വാസികളുടെ വാര്‍ഷിക സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിശ്വാസവും പാരമ്പര്യവും പ്രവാസ ജീവിതത്തിലും കാത്തുസൂക്ഷിക്കുന്ന വിശ്വാസികള്‍ സഭയുടെ സമ്പത്താണെന്നും മാര്‍ ജോസഫ് പെരുന്തോട്ടം കൂട്ടിച്ചേര്‍ത്തു.

 

ഞായറാഴ്ച്ച ഉച്ചയ്ക്കു രണ്ടിന് സെന്റ് മേരീസ് ദേവാലയത്തില്‍ നടന്ന ആഘോഷമായ വിശുദ്ധ കുര്‍ബാനയോടെയാണ് പരിപാടികള്‍ക്കു തുടക്കമായത്. മാര്‍ ജോസഫ് പെരുന്തോട്ടം വിശുദ്ധ കുര്‍ബാനയില്‍ മുഖ്യകാര്‍മികത്വം വഹിച്ചു. തുടര്‍ന്ന് സമ്മേളനവേദിയായ ഗേള്‍സ് സ്‌കൂള്‍ വളപ്പിലേക്ക് വിശിഷ്ട വ്യക്തികളെ വാദ്യമേളങ്ങളുടെ അകമ്പടിയോടെ സ്വീകരിച്ചാനയിച്ചു.

എസ്എംസി പ്രസിഡന്റ് മനോജ് തോമസ് അധ്യക്ഷത വഹിച്ചു. സതേണ്‍ അറേബ്യ വികാരിയാത്തിന്റെ അധ്യക്ഷന്‍ ബിഷപ് ഡോ. പൗലോ മാര്‍ട്ടിനെല്ലി അനുഗ്രഹ പ്രഭാഷണം നടത്തി. സീറോ മലബാര്‍സഭാ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി വെര്‍ച്വലായി സന്ദേശം നല്‍കി. എസ്എംസി ജോയിന്റ് സെക്രട്ടറി ഷാജി ജോര്‍ജ് വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു.


വര്‍ഷികത്തോടനുബന്ധിച്ച് പുറത്തിറക്കിയ ഡിജിറ്റല്‍ സുവനീര്‍ 'അവനോടൊപ്പം' ബിഷപ് ഡോ. പൗലോ മാര്‍ട്ടിനെല്ലി പ്രകാശനം ചെയ്തു.

ഇടവക വികാരി ഫാ. ലെന്നി കോന്നോലി കപ്പൂച്ചിന്‍, മലയാളം സമൂഹത്തിന്റെ ഡയറക്ടര്‍ ഫാ. വര്‍ഗീസ് കോഴിപ്പാടന്‍ കപ്പൂച്ചിന്‍, വിപിന്‍ വര്‍ഗീസ്, ബെന്നി മാത്യു എന്നിവര്‍ പ്രസംഗിച്ചു. മാത്യു ആന്റണി സ്വാഗതവും ബെന്നി തോമസ് പുല്ലാട്ട് നന്ദിയും പറഞ്ഞു.

ദീപു, ടിന്റു എന്നിവര്‍ പരിപാടിയുടെ അവതാരകരായിരുന്നു. പൊതുസമ്മേളനത്തിനു ശേഷം 'ഇതാ ഞാന്‍' എന്ന മ്യൂസിക്കല്‍ ഡ്രാമയോടെയാണ് പരിപാടികള്‍ സമാപിച്ചത്. അയ്യായിരത്തിലേറെ വിശ്വാസികള്‍ പങ്കെടുത്തു.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക