Image

തിളക്കമുണ്ടോ ഈ ഗോൾഡിന് ? 

Published on 02 December, 2022
തിളക്കമുണ്ടോ ഈ ഗോൾഡിന് ? 

സൗത്ത് ഇന്ത്യ ഒട്ടാകെ തരംഗമായ പ്രേമം എന്ന ചിത്രത്തിന് ശേഷം അൽഫോൻസ് പുത്രൻ അണിയിച്ചൊരുക്കുന്ന ചിത്രമാണ് ഗോൾഡ്. പൃഥ്വിരാജ് പ്രൊഡക്ഷൻസും മാജിക്‌ ഫ്രെയിംസും ചേർന്ന് നിർമ്മിച്ചിരിക്കുന്ന ചിത്രത്തിൽ പൃഥ്വിരാജ്, നയൻ‌താര, ഷമ്മി തിലകൻ, ലാലു അലക്സ്, ബാബുരാജ്, കൃഷ്ണശങ്കർ, മല്ലിക സുകുമാരൻ തുടങ്ങിയ ഒരു നീണ്ട താരനിര തന്നെ ഉണ്ട്. 

ഒരു ഷോപ്പിംഗ് മാളിൽ മൊബൈൽ കട നടത്തുന്ന ജോഷിയുടെ വീടിന്റെ മുമ്പിൽ ആരോ ഒരു ബൊലേറോ ജീപ്പ് പാർക്ക് ചെയ്തിട്ട് പോകുന്നു. അത് എങ്ങനെ അവിടെ വന്നു എന്നും ആര് കൊണ്ടിട്ടു എന്നും ജോഷി അന്വേഷിക്കാൻ തുടങ്ങുന്നു. ബൊലേറോ ജീപ്പിന്റെ പിന്നിലെ രഹസ്യം വെളിവായി തുടങ്ങുന്നതോടെ അപ്രതീക്ഷിതമായ ചിലത് സംഭവിക്കുന്നു. സംവിധായകന്റെ മുൻ ചിത്രങ്ങളായ നേരവും പ്രേമവും പോലെ വളരെ നേർത്ത ഒരു കഥാതന്തുവിൽ നിന്ന് വികസിപ്പിച്ചിരിക്കുന്ന ചിത്രമാണ് ഗോൾഡും. എന്നാൽ മുൻചിത്രങ്ങളിൽ ഏറെ കൈയ്യടി നേടിയ അൽഫോൻസിന്റെ ആഖ്യാന ശൈലി ഗോൾഡിൽ തിരിച്ചടിക്കുന്നതാണ് കാണുന്നത്. എഡിറ്റിംഗിലും കളറിംഗിലും സിനിമാട്ടോഗ്രാഫിയിലും ഒക്കെ നടത്തിയിരിക്കുന്ന പരീക്ഷണങ്ങൾ ആസ്വാദനത്തിന് കല്ലുകടിയാകുന്നുണ്ടെന്ന് പറയാതെ വയ്യ. രസമുള്ള സന്ദർഭങ്ങളിലൂടെയും നീറ്റ് ആയ എക്സിക്യൂഷനിലൂടെയും ചിത്രം ട്രാക്കിൽ കേറുന്നു എന്ന് പലയിടത്തായി തോന്നിപ്പിക്കുന്നുണ്ടെങ്കിലും ആ momentum കീപ്പ് ചെയ്യാൻ പറ്റാതെ വീണ്ടും ചിത്രം താഴേക്ക് പോകുന്നത് പല ആവർത്തി സംഭവിക്കുന്നുണ്ട്. പെട്ടെന്ന് പറഞ്ഞ് തീർക്കാവുന്ന കഥയെ അത് അർഹിക്കുന്ന സ്ക്രീൻ ടൈമിന് അപ്പുറത്തേക്ക് വലിച്ച് നീട്ടുമ്പോൾ ഉണ്ടാകുന്ന പാകപ്പിഴകൾ ഗോൾഡിനെ ക്ഷീണിപ്പിക്കുന്നുണ്ട്. എന്നിരുന്നാലും വളരെ enjoyable ആയ ചില നിമിഷങ്ങൾ ചിത്രം സമ്മാനിക്കുന്നുണ്ട്. അതിൽ ഏറിയ പങ്കും ആദ്യ പകുതിയിലാണ് താനും. ആ സീനുകളിൽ ഒക്കെ രാജേഷ് മുരുകേശന്റെ പാശ്ചാത്തല സംഗീതം ചിത്രത്തെ ലിഫ്റ്റ് ചെയ്യുന്നത് ചെറുതായിട്ട് ഒന്നും അല്ല. ഗോൾഡ് ഒരു പക്ഷെ ഏറ്റവും കൂടുതൽ ഗുണകരമായി ഭവിക്കുന്നതും സംഗീത സംവിധായകന് തന്നെയാവാം.   

പുതുമ ഒന്നും ഇല്ലാത്ത മൂന്നാമത്തെ ചിത്രം എന്ന അൽഫോൻസ് ടാഗ് ലൈനുമായാണ് ഗോൾഡ് പ്രേക്ഷകരിലേക്ക് എത്തിയിരിക്കുന്നത്. എന്നാൽ പ്രമേയത്തിന്റെ പുതുമ ഇല്ലായ്മയെക്കാൾ, പ്രേമം എവിടെ അവസാനിച്ചുവോ അവിടെ നിന്നും വീണ്ടും  ആരംഭിച്ച പോലുള്ള അവതരണശൈലി ഒരു പക്ഷെ പ്രേക്ഷകന് മടുപ്പുണ്ടാക്കിയേക്കാം. കഥാപാത്ര രൂപീകരണങ്ങളിൽ എഴുത്തുകാരൻ കാണിച്ച അലസത ചിത്രത്തിൽ വല്ലാതെ മുഴച്ച് നിൽക്കുന്നുണ്ട്. ഒട്ടു മിക്ക കഥാപാത്രങ്ങൾക്കും ഒരു ഐഡന്റിറ്റി ഇല്ലാതെ പോകുന്നത് കഥയുടെ സ്വാഭാവികമായ ഒഴുക്കിനു തടയാകുന്നുണ്ട്. ഹ്യൂമർ ക്രിയേറ്റ് ചെയ്യാൻ പലയിടത്തും ശ്രമിച്ചിട്ടുണ്ടെങ്കിലും വർക്ക് ആയതിനേക്കാൾ വർക്ക് ആകാതെ പോയ കോമഡികൾ ആയിരുന്നു കൂടുതൽ. 

പെർഫോമൻസുകളിലേക്ക് വന്നാൽ പൃഥ്വിരാജ് തന്റെ നായക കഥാപാത്രം നീറ്റ് ആയി ചെയ്തിട്ടുണ്ട്. പൊതുവെ പൃഥ്വിയുടെ ചിത്രങ്ങളിൽ കാണാറുള്ള ബലം പിടുത്തം ഒന്നും ഗോൾഡിൽ കണ്ടില്ല. എന്നാൽ ഹ്യൂമർ രംഗങ്ങൾ ചെയ്യുമ്പോൾ ഉള്ള അനായാസത ഇനിയും പൃഥ്വിക്ക് തീണ്ടാപ്പാട് അകലെ ആണ്. ലേഡി സൂപ്പർസ്റ്റാർ നയൻ‌താര എന്തിനായിരുന്നു ഈ ചിത്രത്തിൽ എന്ന ചിന്ത പടം കണ്ടു കഴിയുമ്പോൾ ബാക്കി ആകും. ചിത്രത്തിലെ ഏറ്റവും മികച്ച പെർഫോമൻസ് ഷമ്മി തിലകന്റെ ആയിരുന്നു. ബാബുരാജും ശബരീഷ് വർമ്മയും തമ്മിലുള്ള കോമ്പിനേഷൻ രംഗങ്ങളും നന്നായി. ലാലു അലക്സ്, അജ്മൽ എന്നിവർ വല്ലാതെ നിരാശപ്പെടുത്തി. 

പ്രേമത്തിന്റെ സംവിധായകൻ അടുത്ത ചിത്രവുമായി എത്തുന്നു എന്ന ആദ്യ വാർത്ത മുതൽ highly expected film ആയിരുന്നു ഗോൾഡ്. മാനം മുട്ടെ ഉള്ള ആ പ്രതീക്ഷകൾ തന്നെയാകും ചിത്രത്തിന് വരും നാളുകളിൽ ഏറ്റവും വലിയ വിലങ്ങു തടി ആകാൻ പോകുന്നത്. 
കാത്ത് കാത്തിരുന്ന അൽഫോൻസിന്റെ ഗോൾഡിന് തിളക്കം കുറച്ച് കുറവാണ് എന്ന് തന്നെ പറയേണ്ടി വരും... !

# Gold Cinema review news

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക