Image

'ആ കുട്ടി നന്നായിട്ട് ചെയ്യുന്നുണ്ടെന്ന് പറഞ്ഞു', പൃഥ്വിരാജ് അഭിനന്ദിച്ചതിനെ കുറിച്ച് അനുമോള്‍

Published on 05 December, 2022
 'ആ കുട്ടി നന്നായിട്ട് ചെയ്യുന്നുണ്ടെന്ന് പറഞ്ഞു', പൃഥ്വിരാജ് അഭിനന്ദിച്ചതിനെ കുറിച്ച് അനുമോള്‍

 


വര്‍ഷങ്ങളായി മലയാളം മിനിസ്‌ക്രീന്‍ രംഗത്ത് സജീവ സാന്നിധ്യമാണ് അനുമോള്‍. 'അനുജത്തി' എന്ന സീരിയലിലൂടെ ആണ് നടി മിനി സ്‌ക്രീനിലേക്ക് എത്തുന്നത്. 'ഒരിടത്ത് ഒരു രാജകുമാരി', 'സീത' തുടങ്ങിയ പരമ്പരകളിലും 'ടമാര്‍ പടാര്‍', 'സ്റ്റാര്‍ മാജിക്ക്' തുടങ്ങിയ പരിപാടികളിലൂടെയും ആണ് അനുമോള്‍ ഇന്നത്തെ ജനപ്രീതിയിലേക്ക് എത്തുന്നത്. സോഷ്യല്‍ മീഡിയയിലും വിശേഷങ്ങള്‍ പങ്കുവെച്ച് സജീവമാണ് താരം.

ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ താരത്തിന്റെ അഭിമുഖമാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. 'സു സൂ' എന്ന സീരിയലിലും അനുമോള്‍ അഭിനയിക്കുന്നുണ്ട്. മല്ലിക സുകുമാരനും ഇതില്‍ പ്രധാന വേഷം ചെയ്യുന്നുണ്ട്. മല്ലിക സുകുമാരനെ പോലെ വലിയൊരു കലാകാരിയുടെ കൂടെ അഭിനയിക്കാനായത് ഭാഗ്യമാണെന്നും മല്ലികാമ്മയോട് പേടിയാണെന്നും, സെറ്റില്‍ മറ്റെല്ലാവരോടും തമാശ പറയാന്‍ പോകുമെങ്കിലും മല്ലികാമ്മയുടെ അടുത്ത് തമാശ പറയാറില്ലെന്നുമാണ് അനുമോല്‍ പറയുന്നത്.

'അടുത്തിടെ പൃഥിരാജ് തിരുവനന്തപുരത്ത് വന്നപ്പോള്‍ മല്ലികാമ്മ ലൊക്കേഷനിലുള്ള രണ്ട് മൂന്ന് പേരെയൊക്കെ രാജു വന്നിട്ടുണ്ടെന്ന് വിളിച്ച് പറഞ്ഞു. പക്ഷെ അന്ന് ഞാന്‍ തിരുവനന്തപുരത്തില്ലായിരുന്നു. ഏറ്റവും കൂടുതല്‍ കാണാന്‍ ആഗ്രഹിച്ചത് ഞാനായിരുന്നു. ഇനി വരുമ്പോള്‍ ഉറപ്പായും വിളിക്കാമെന്ന് അമ്മ പറഞ്ഞു. നമ്മുടെ പ്രോഗ്രാം രാജുവേട്ടന്‍ കാണാറുണ്ടെന്ന് മല്ലികാമ്മ പറഞ്ഞിരുന്നു. എന്റെ അഭിനയം കണ്ടിട്ട് ആ കുട്ടി നന്നായിട്ട് ചെയ്യുന്നുണ്ടെന്ന് പറഞ്ഞെന്നും പറഞ്ഞു. ഭയങ്കര സന്തോഷം ആയി,' എന്നും അനുമോള്‍ പറഞ്ഞു.

വിവാഹത്തെക്കുറിച്ചുള്ള ചോദ്യത്തിന് തന്റെ വിവാഹം കഴിഞ്ഞിട്ടില്ലെന്നും അത്തരം പ്രചരണങ്ങള്‍ തെറ്റാണെന്നും അനുമോള്‍ പറഞ്ഞു. 'കല്യാണ ആലോചനകള്‍ വരുന്നുണ്ട്. ഇപ്പോള്‍ എല്ലാവരും ലൗ മാര്യേജ് ആണല്ലോ. ഇപ്പോള്‍ എന്നെ ആരും ലൗ ചെയ്യുന്നില്ല. എവിടെ ചെന്നാലും എന്നെ അനിയത്തി ആയാണ് കാണുന്നത്. എന്താണെന്നറിയില്ല, ചിലപ്പോള്‍ ആര്‍ട്ടിസ്റ്റ് ആയതിന്റെ പേടി ആയിരിക്കും'. എനിക്ക് കല്യാണം ആയാല്‍ സോഷ്യല്‍ മീഡിയയിലൂടെ അറിയിക്കുമെന്നും നടി വ്യക്തമാക്കി.  സോഷ്യല്‍ മീഡിയയിലും വലിയ ആരാധക വൃന്ദം അനുമോള്‍ക്കുണ്ട്. എട്ട് വര്‍ഷത്തോളമായി സീരിയല്‍ രംഗത്തുള്ള തനിക്ക് ടെലിവിഷന്‍ ഷോയില്‍ നിന്നുമാണ് കൂടുതല്‍ ജനപ്രീതി ലഭിച്ചതെന്നും അനുമോള്‍ പറഞ്ഞിരുന്നു.

 

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക