Image

തൃക്കാർത്തിക ഐതിഹ്യവും ഓർമ്മകളും (ഉമ സജി)

Published on 07 December, 2022
തൃക്കാർത്തിക ഐതിഹ്യവും ഓർമ്മകളും (ഉമ സജി)

വൃശ്ചികമാസത്തിലെ തൃക്കാർത്തിക. കേരളവും തമിഴ്നാടും ഒരുപോലെ ആഷോഷിക്കുന്ന ദിനം. ദേവി ആദിപരാശക്തിയുടെയും സുബ്രഹ്മണ്യ സ്വാമിയുടെയും വിശേഷദിവസമായി കണക്കാക്കുന്നു. വൃശ്ചികമാസത്തിലെ കാർത്തികനാളും പൗർണ്ണമിയും ചേർന്നു വരുന്ന ദിനമാണ് തൃക്കാർത്തിക ആഘോഷിക്കുന്നത്. 

തൃക്കാർത്തിക സംബന്ധിച്ച് ഐതിഹ്യങ്ങൾ പലതുണ്ട്. ദുർഗാഭഗവതിയായ സാക്ഷാൽ പാർവതീദേവി കാർത്യായനി എന്ന രൂപത്തിൽ അവതരിച്ച ദിവസമാണു തൃക്കാർത്തിക എന്നാണ് ഐതിഹ്യങ്ങളിലൊന്ന്. അതുകൊണ്ടു ദേവിയുടെ ജന്മദിനം എന്ന നിലയിലാണു കേരളത്തിൽ തൃക്കാർത്തിക ആഘോഷിക്കുന്നത്. അഗ്നി നക്ഷത്രമാണ് കാർത്തിക. ഇത് ജ്ഞാനത്തിന്റെയും ആഗ്രഹ സാഫല്യത്തിന്റെയും ശുഭത്വത്തിന്റെയും പ്രതീകം കൂടിയാണ്.

സന്ധ്യയ്ക്ക് മൺചെരാതുകളിൽ ദീപം തെളിയിച്ച് പരാശക്തിയെ മനസ്സിൽ ധ്യാനിച്ച് നാടെങ്ങും ആഘോഷിക്കുന്നു. വൃശ്ചികമാസത്തിലെ തൃക്കാർത്തിക ഭഗവതിയുടെ തിരുനാളായതുകൊണ്ടാണ് അന്ന് കാർത്തിക ആഷോഷിക്കുന്നത്.


ഇങ്ങനെ കാർത്തികവിളക്കുകൾ തെളിയിച്ചാൽ ജീവിതത്തിലെ എല്ലാ ദുരിതങ്ങളും ഭഗവതി മാറ്റിത്തന്ന് സർവ്വവിധ ഐശ്വര്യങ്ങളും പ്രധാനം ചെയ്യുമെന്ന് വിശ്വസിക്കുന്നു. 


മറ്റൊരു ഐതിഹ്യം,  തുളസീദേവിയുടെ ജനനം ഈ ദിവസം ആയിരുന്നു എന്നാണ്. ശ്രീകൃഷ്ണൻ ഗോലോകത്തിൽ രാധികാദേവിയെ പൂജിച്ച ദിവസമാണെന്നും പറയപ്പെടുന്നു. ലക്ഷ്മീദേവിയുടെ അവതാരങ്ങളായ തുളസീദേവിയേയും രാധികാദേവിയേയും പ്രാർത്ഥിച്ച് വീടുകളിൽ സന്ധ്യയ്ക്ക് മൺചെരാതുക്കളിൽ ദീപം തെളിയിയ്ക്കുന്നത് മഹലക്ഷ്മി വീട്ടിൽ ആവസിക്കാൻ കാരണമാകുമെന്നും വിശ്വസിക്കുന്നു. 


സുബ്രഹ്മണ്യസ്വാമി ശരവണപ്പൊയ്കയിൽ ജാതനായപ്പോൾ ഭഗവാനെ നോക്കി വളർത്തിയത് കാർത്തിക നക്ഷത്രത്തിന്റെ അധിദേവതമാരായ കൃത്തികാ ദേവിമാരാണെന്നും, അതിനാൽ സുബ്രഹ്മണ്യസ്വാമിയേയും ദേവിമാരെയും പൂജിക്കുന്നു എന്നും വിശ്വാസം. ആറു കൃത്തികാദേവിമാരാൽ വളർത്തപ്പെട്ട് ആറുമുഖനായി മാറിയ സുബ്രഹ്മണ്യസ്വാമിയെ പാർവ്വതീദേവി കാർത്യായനിദേവിയായി ജന്മമെടുത്ത് ചേർത്തുപിടിച്ച് ഒറ്റമുഖമുള്ളവനാക്കി കുടെ കൊണ്ടുപോയ ദിവസമാണ് കാർത്തികയെന്നും വിശ്വസിക്കുന്നു.


തൃക്കാർത്തികദിവസം സന്ധ്യയ്ക്ക് വിളക്കുതെളിയിയ്ക്കുമ്പോൾ ഐശ്വര്യപൂർണ്ണമായ കാർത്തികദീപം തെളിയുന്നു.

ഇത്രയും തൃക്കാർത്തികയെക്കുറിച്ചുള്ള ഐതിഹ്യങ്ങൾ.

എന്റെ കുട്ടുക്കലത്തെ തൃക്കാർത്തുക ഓർമ്മകൾ ഇന്നും ഹൃദയത്തിൽ മങ്ങലേല്ക്കാതെ നിൽക്കുന്നു. 

അന്ന് ഗ്രാമപ്രദേശങ്ങളിലൊന്നും ചെരാതിൽ ദീപം തെളിയിയ്ക്കൽ ഉണ്ടായിരുന്നില്ല. സ്ക്കൂളിൽ നിന്നെത്തിയാൽ ഞങ്ങൾ കുട്ടികളെല്ലാം ചേർന്ന് പൊയ്കയിലേക്ക് പോകും (വയലിനോട് ചേർന്ന് കിടക്കുന്ന താണഭൂഭാഗങ്ങൾ). അവിടെ വളരുന്ന ഒരുതരം പുല്ലുണ്ട്, "കാക്കണം" പുല്ല് എന്ന് പേര്, ഏകദേശം ചൂരലുപോലെയൊക്കെ ഇരിക്കും. അതിന്റെ തണ്ട് വെട്ടിയെടുത്ത്, ഇലയെല്ലാം കളഞ്ഞ്, തെങ്ങിന്റെ ചൂട്ടുകെട്ടി പന്തം പോലെയാക്കും. അത് സന്ധ്യയ്ക്ക് മുറ്റത്തിന്റെ ഓരത്തും, വീടിന്റെ മുൻവശത്ത് പറമ്പിന്റെ മൂലയ്ക്കുമെല്ലാം തെളിയിയ്ക്കും. ഒപ്പം "ഹരഹരോ...ഹരഹരോ..." എന്ന് പറയും. തമിഴ്നാടിനോട് ചേർന്നു വരുന്ന ചെങ്കോട്ട-പുനലൂർ തമിഴ് സ്വാധീനമായിരുന്നോ കെട്ടാരക്കരയിലും എന്നറിയില്ല. അതിന് ശേഷം കിഴങ്ങുവർഗ്ഗങ്ങളെല്ലാം കനലിൽ ചുട്ടതും, ഇലയടയും വച്ച് ദേവിയെ പുജിക്കും. ശേഷം അമ്പലത്തിൽ കാർത്തിക വിളക്ക് തൊഴും. 

എല്ലാക്ഷേത്രങ്ങളിലും മണ്ഡലകാലത്ത് വൃശ്ചികം ഒന്നുമുതൽ  41 ദിവസം പൂജകളും ദീപാരാധനയും ഉണ്ടായിരുന്നു. തൃക്കാർത്തികയ്ക്ക് പ്രത്യേക പൂജയും. കാർത്തികദീപം തൊഴുന്നത് ദുരുതനിവാരണതിനും സർവ്വൈശ്വര്യലബ്ദിക്കും കാരണമെന്ന് വിശ്വസിക്കുന്നു.


ഇന്നും ആചാരങ്ങളെല്ലാം ഒരുപോലെ തന്നെ, ദീപം തെളിയിയ്ക്കൽ മൺചെരാതുക്കളിലായി എന്നുമാത്രം. 

# Trikartika legend and memories

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക