Image

കായികമേള നടത്തിപ്പുകാരേ, അറിഞ്ഞുകൂടെങ്കില്‍ ഈപ്പണിക്കു നില്‍ക്കരുത് (ദുര്‍ഗ മനോജ് )

ദുര്‍ഗ മനോജ് Published on 07 December, 2022
കായികമേള നടത്തിപ്പുകാരേ, അറിഞ്ഞുകൂടെങ്കില്‍ ഈപ്പണിക്കു നില്‍ക്കരുത് (ദുര്‍ഗ മനോജ് )

ഇന്നലെ വൈകുന്നേരം വീണ്ടും അതേ വാര്‍ത്ത, ഇത്തവണ ഷോര്‍ട്ട് പുട്ട് ആണ് വില്ലന്‍. സഹ മത്സരാര്‍ത്ഥി എറിഞ്ഞ ഷോര്‍ട്ട് പുട്ട് വീണ് ഒരു വിദ്യാര്‍ത്ഥിക്കു തലയ്ക്കു പരിക്ക് എന്നു വാര്‍ത്ത.

ഇതു മൂന്നാമത്തെ സംഭവം ആണ്. 2019 ഒക്ടോബര്‍ 22 ന് ആണ് ആദ്യമായി കായികമേളയ്ക്കിടയില്‍ മത്സരാര്‍ത്ഥി എറിഞ്ഞ ഹാമര്‍ തലയില്‍ തുളച്ചു കയറി അഫീല്‍ എന്ന പതിനേഴുകാരന്‍ മരിച്ചത് മലയാളി മറന്നു കാണില്ല. പിന്നീട് വീണ്ടും മേളകള്‍ സജീവമായത് ഈ വര്‍ഷമാണ്. ഈ വര്‍ഷവും ഒരു അപകടം നടന്നു കഴിഞ്ഞു, ഒക്ടോബര്‍ 31 ന് കൊല്ലത്തു നടന്ന കായിക മേളയില്‍ മകനേയും കൊണ്ടുവന്ന അമ്മയുടെ തലയിലേക്കാണ് ഹാമര്‍ തുളഞ്ഞു കയറിയത്. അവര്‍ ആശുപത്രിയിലാണ്. അതിനിടയില്‍ ഇന്നലെ മാഹിയില്‍ നിന്നും അടുത്ത വാര്‍ത്ത വരുന്നു, ഇത്തവണ ഹാമര്‍ അല്ല ഷോട്ട് പുട്ടിലെ ഭാരമുള്ള പന്ത് ആണ് ഒരു വിദ്യാര്‍ത്ഥിയുടെ തലയില്‍ വീണിരിക്കുന്നത്. വിദ്യാര്‍ത്ഥി  ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ആണ്.

മേള നടത്തിപ്പുകാരോട് ഒരു ചോദ്യം? ഹാമര്‍ ത്രോ, ജാവലിന്‍ ത്രോ, പിന്നെ ഷോര്‍ട്ട് പുട്ട്, ഈ മൂന്ന് വിഭാഗങ്ങളും എറിയുന്ന കായികാഭ്യാസമാണ്. ആ കായിക ഇനങ്ങള്‍ക്ക് വേണ്ട സ്ഥലംമാര്‍ക്കു ചെയ്ത് അതു തീരും വരെ മറ്റാരേയും അവിടേക്ക് പ്രവേശിപ്പിക്കാതിരിക്കാന്‍ നിങ്ങളെക്കൊണ്ടാവില്ലേ? അതിനു സാധിക്കുന്നില്ലെങ്കില്‍ ദയവായി ഈ പണിക്ക് ഇറങ്ങാതിരിക്കുക. പിന്നെ, വിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥന്മാരേ, നിങ്ങളും മേള നടത്തിപ്പില്‍ ഇടക്ക് സ്റ്റേഡിയത്തിലോട്ട് ഒന്ന് ചുമ്മാ ചെന്നു നോക്കണം. ഈ അപകടം പതിയിരിക്കുന്ന ഐറ്റങ്ങളുടെ മത്സരങ്ങള്‍ നടത്തുന്നത് ആവശ്യത്തിന് സുരക്ഷാ സംവിധാനം ഒരുക്കിയിട്ടാണോ എന്ന് നോക്കണം. പിന്നെ ഒരു അഭ്യര്‍ത്ഥനയുണ്ട്, ഇതിന്റെ പേരില്‍ ഈ മൂന്ന് ഐറ്റവും മേളകളില്‍ വേണ്ടന്നു വയ്ക്കുന്ന വിജ്ഞാപനം ഇറക്കിക്കളയരുത്. മറ്റൊന്നുമല്ല, ടൂറു പോയ ബസിന് വേഗത കൂടി അപകടം നടന്നു വിദ്യാര്‍ത്ഥികള്‍ മരിച്ചപ്പോള്‍ ടൂറിസ്റ്റ് ബസ്സുകള്‍ മുഴുവന്‍ വെള്ളയടിച്ചാല്‍ പ്രശ്‌നം തീരും എന്നൊക്കെ കണ്ടു പിടിച്ച അണ്ണന്മാരാ ഉന്നതഉദ്യോഗസ്ഥര്‍. അതു കൊണ്ടു പറഞ്ഞതാണ്.

Organizers of sports fairs, if you don't know, don't do this job.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക