Image

 സൗദി വെളളക്ക' ഹൃദയം കീഴടക്കുന്ന ചലച്ചിത്രം

ആശാ പണിക്കർ Published on 07 December, 2022
 സൗദി വെളളക്ക' ഹൃദയം കീഴടക്കുന്ന ചലച്ചിത്രം


 'ഓപ്പറേഷന്‍ ജാവ' എന്ന ചിത്രത്തിനു ശേഷം തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്‌ത സൗദി വെളളക്ക എന്ന ചിത്രം
സമീപകാലത്ത്‌ മലയാളത്തില്‍ ഇറങ്ങിയ ഏറ്റവും മികച്ച സിനിമകളില്‍ ഒന്നാണ്‌. നിറപ്പകിട്ടാര്‍ന്ന ലൊക്കേഷനുകളില്ല,
കണ്ണഞ്ചിക്കുന്നതോ ത്രസിപ്പിക്കുന്നതോ ആയ ഫൈറ്റ്‌ സീനില്ല, പഞ്ച്‌ ഡയലോഗില്ല, നായികയും നായകനും വിദേശ
രാജ്യങ്ങളില്‍ പ്രണയഗാനങ്ങള്‍ പാടി ഉല്ലസിക്കുന്നില്ല. മറിച്ച്‌ ഉള്ളില്‍ തട്ടുന്നൊരു കഥയുണ്ട്‌. നമുക്കേവര്‍ക്കും
പരിചയമുള്ളതോ, നമ്മുടെ ജീവിതവുമായി അടുത്തു നില്‍ക്കുന്നവരോ ആയ കുറേ കഥാപാത്രങ്ങള്‍ ഈ
ചിത്രത്തിലുണ്ട്‌. നമുക്കേറെ പരിചിതമായ ഒരു കഥയും കഥാപശ്ചാത്തലവും അവിടെയുളള കുറേ മനുഷ്യരും
അവരുടെ കിനാവും കണ്ണീരും സ്വപ്‌നങ്ങളും വേദനകളും. സിനിമ കണ്ടിരിക്കുമ്പോള്‍ ചില രംഗങ്ങള്‍ നമ്മുടെ
കണ്ണിനെ ഈറനണിയിക്കും. കണ്ടിറങ്ങുമ്പോള്‍ നെഞ്ചിനുളളില്‍ ഒരു വിങ്ങല്‍ നമ്മെ വിട്ടു പോകാതെ കിടക്കും.
അതാണ്‌ ഈ സിനിമയുടെ വിജയം. ഗോവ-രാജ്യാന്തര ചലച്ചിത്ര മേളയിലേക്ക്‌ സൗദി വെള്ളക്ക എത്തിയതില്‍
അത്ഭുതപ്പെടാനില്ല എന്നു നമുക്ക്‌ ഈ സിനിമ കാണുമ്പോള്‍ മനസ്സിലാകും.
കൊച്ചിയിലെ തമ്മനത്തിനടുത്തുള്ള സൗദി എന്ന ഗ്രാമത്തില്‍ നടക്കുന്ന കഥയാണ്‌ സിനിമയുടെ ഇതിവൃത്തം.
അവിടെ അഭിലാഷ്‌ ശശിധരന്‍ എന്നൊരു ചെറുപ്പക്കാരനുണ്ട്‌. അയാള്‍ ഒരു കേസില്‍ അകപ്പെടുന്നതും അതില്‍ നിന്നു
രക്ഷപെടാന്‍ അയാള്‍ ശ്രമിക്കുന്നതും അതേ തുടര്‍ന്നുണ്ടാകുന്ന സംഭവ വികാസങ്ങളുമാണ്‌ സിനിമ പറയുന്നത്‌. രണ്ടു
കുടുംബങ്ങള്‍ തമ്മിലുള്ള അതിര്‍ത്തി തര്‍ക്കം അവിടെ നിലനില്‍ക്കുന്നുണ്ട്‌. അതില്‍ ഒരു വീട്ടിലെ
വയോധികയാണ്‌ ആയിഷ റാവുത്തര്‍. അവര്‍ തങ്ങളുമായി അതിര്‍ത്തി തര്‍ക്കം നിലനില്‍ക്കുന്ന അയല്‍പക്കത്തെ വീട്ടില്‍
കളിച്ചു കൊണ്ടിരുന്ന ഒരു കുട്ടിയെ അടിക്കുന്നു. അവിടെ ട്യൂഷന്‌ വന്ന കുട്ടികളില്‍ ഒരാളെയാണ്‌ ആയിഷ
റാവുത്തര്‍ അടിച്ചത്‌. അടി കൊണ്ട്‌ അവന്റെ ഇളകി നിന്നിരുന്ന ഒരു പല്ല്‌ കൊഴിഞ്ഞു പോകുന്നു.
അയല്‍വാസിയാകട്ടെ ഈ വിഷയം ഊതിപ്പെരുപ്പിച്ച്‌ കേസ്‌ കൊടുപ്പിക്കുന്നു. അങ്ങനെ ആയിഷ റാവുത്തര്‍ കേസില്‍
അകപ്പെടുന്നു. പിന്നെ പത്തു പതിമൂന്ന്‌ വര്‍ഷം കേസും വക്കാലത്തുമായി നടക്കേണ്ടി വരികയാണ്‌ അവര്‍ക്ക്‌.
സാമ്പത്തികമായി ഒരുപാട്‌ പിന്നാക്കം നില്‍ക്കുന്ന ആയിഷയ്‌ക്ക്‌ എങ്ങനെ കേസു നടത്താനാകും. അതിനായി അവര്‍
സഹിക്കേണ്ടി വരുന്ന യാതനകളും അവര്‍ എങ്ങനെ തന്റെ ജീവിതം മുന്നോട്ട്‌ കൊണ്ടു പോകുന്നു എന്നുമാണ്‌ ചിത്രം
പറയുന്നത്‌.
ഉമ്മയായി എത്തിയ താരം മികച്ച പ്രകടനം കാഴ്‌ച വച്ചിട്ടുണ്ട്‌. വികാര വിക്ഷോഭങ്ങളും നിസ്സഹായതയും
വേദനയും ധര്‍മ്മ സങ്കടവുമെല്ലാം മാറി മാറി വരുന്ന മുഖം. അതിഭാവുകത്വവും ഒരുപാട്‌
സംഭാഷണങ്ങളും ഇല്ല. കാച്ചിക്കുറുക്കിയ അഭിനയ ശൈലി. പ്രതിഭയുടെ തിളക്കം നന്നായി അറിയാന്‍ കഴിയുന്ന
കഥാപാത്രമാണ്‌ ആയിഷ റാവുത്തര്‍. ഓപ്പറേഷന്‍ ജാവയില്‍ നിന്നെല്ലാം ഒരുപാട്‌ മുന്നേറിയിരിക്കുന്നു
ലുക്‌മാന്‍ എന്ന നടനും. മലയാളത്തില്‍ വ്യത്യസ്‌തമായ കഥാപാത്രങ്ങള്‍ അവതരിപ്പിക്കാന്‍ കഴിവുള്ള ഒരു
നടനാണ്‌ താനെന്ന്‌ അദ്ദേഹം വ്യക്തമാക്കുകയാണ്‌ ഈ ചിത്രത്തിലൂടെ. ചിത്രത്തിന്റെ സഹ സംവിധായകന്‍
കൂടിയായ ബിനു പപ്പന്‍, സുജിത്‌ ശങ്കര്‍ എന്നിവരും മികച്ച അഭിനയം കാഴ്‌ച വച്ചു. നല്ല സിനിമകളെ സ്‌നേഹിക്കുന്നവര്‍ക്ക്‌
ധൈര്യമായി ടിക്കറ്റെടുക്കാം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക