Image

'വണങ്കാനി'ല്‍ സൂര്യക്ക് പകരമാകാന്‍ അഥര്‍വ

Published on 07 December, 2022
 'വണങ്കാനി'ല്‍ സൂര്യക്ക് പകരമാകാന്‍ അഥര്‍വ

 


ആരാധകര്‍ ഏറ്റെടുത്ത പ്രഖ്യാപനമായിരുന്നു ബാലയുടെ സംവിധാനത്തില്‍ സൂര്യ അഭിനയിക്കുന്നുവെന്നത്. 'വണങ്കാന്‍' എന്ന ചിത്രത്തില്‍ നിന്ന് സൂര്യ പിന്‍മാറിയെന്ന വാര്‍ത്ത അടുത്തിടെ പുറത്തുവന്നത് ആരാധകരെ നിരാശയിലുമാക്കി. സൂര്യയുടെ പകരക്കാന്‍ ആരായിരിക്കും ചിത്രത്തില്‍ എന്നാണ് ഇപ്പോഴത്തെ ചര്‍ച്ച. തമിഴകത്തിലെ ഒരു യുവ താരം  ചിത്രത്തില്‍ നായകനായേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

അഥര്‍വയായിരിക്കും ബാലയുടെ 'വണങ്കാന്‍' എന്ന ചിത്രത്തില്‍ നായകനാകുക എന്നാണ് സാമൂഹ്യമാധ്യമത്തിലെ പ്രചാരണങ്ങള്‍. നേരത്തെ 2013ല്‍ 'പരദേശി' എന്ന ചിത്രത്തില്‍ ബാലയ്‌ക്കൊപ്പം അഥര്‍വ ജോലി ചെയ്തിട്ടുണ്ട്. 'വണങ്കാന്റെ' കാര്യത്തില്‍ ഔദ്യോഗിക പ്രഖ്യാപനമുണ്ടായിട്ടില്ല. എന്തായാലും സൂര്യ പിന്‍മാറിയെങ്കിലും ബാല ചിത്രം ഉപേക്ഷിക്കാന്‍ തീരുമാനിച്ചിട്ടില്ല എന്ന് വ്യക്തമായിരിക്കുകയാണ്.

'വണങ്കാനി'ല്‍ നിന്ന് സൂര്യ പിന്‍മാറിയ കാര്യം ബാല തന്നെയാണ് അറിയിച്ചത്. കഥയിലെ ചില മാറ്റങ്ങള്‍ കാരണം സൂര്യക്ക് അത് ചേരുമോ എന്ന ആശങ്ക എനിക്കുണ്ട്. എന്നിലും കഥയിലും സൂര്യക്ക് ഇപ്പോഴും പൂര്‍ണ വിശ്വാസമുണ്ട്. പക്ഷേ എന്നെ ഇത്രയധികം സ്‌നേഹിക്കുന്ന അനുജന് ഞാന്‍ കാരണം ഒരു മോശവും ഉണ്ടാകരുത് എന്നത് സഹോദരനായ എന്റെ കടമയാണ്. 'വണങ്കാന്‍' എന്ന സിനിമയില്‍ നിന്ന് സൂര്യ പിന്‍മാറാന്‍ ഞങ്ങള്‍ രണ്ടുപേരും ചര്‍ച്ച ചെയ്ത് ഏകകണ്ഠമായി തീരുമാനിച്ചു. വല്ലാത്ത സങ്കടമുണ്ടെങ്കിലും എന്റെ താല്‍പര്യം മുന്‍നിര്‍ത്തിയുള്ള തീരുമാനം തന്നെയാണ് അത് എന്നും ബാല പറയുന്നു. ബോളിവുഡ് താരം കൃതി ഷെട്ടിയെ ആയിരുന്നു ചിത്രത്തില്‍ നായികയായി തീരുമാനിച്ചിരുന്നത്.

'പിതാമഹന്‍' എന്ന ചിത്രത്തിന് ശേഷം ബാലയും സൂര്യയും ഒന്നിക്കുന്നുവെന്നതിനാല്‍ 'വണങ്കാന്‍' വന്‍ വാര്‍ത്താപ്രാധാന്യം നേടിയിരുന്നു.  സൂര്യയുടെ 2ഡി എന്റര്‍ടെയിന്‍മെന്റ്സ് തന്നെയായിരുന്നു ചിത്രം നിര്‍മിക്കാന്‍ തീരുമാനിച്ചിരുന്നത്.  'സൂര്യ 41' എന്ന താല്‍ക്കാലിക പേരിലായിരുന്നു ചിത്രം ആദ്യം അറിയിപെട്ടിരുന്നത്.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക