Image

വക്കീലാകാന്‍ സിസ്റ്റര്‍ ലൂസി കളപ്പുര (ജോളി അടിമത്ര-ഉയരുന്ന ശബ്ദം-71)

Published on 07 December, 2022
വക്കീലാകാന്‍ സിസ്റ്റര്‍ ലൂസി കളപ്പുര (ജോളി അടിമത്ര-ഉയരുന്ന ശബ്ദം-71)

നിയമവിദ്യാര്‍ത്ഥിയുടെ യൂണിഫോമില്‍ ക്‌ളാസ്സിലിരിക്കുന്ന ' കുട്ടിയെ  ' നോക്കി പൂത്തോട്ട എസ് എന്‍ ലോ കോളജിലെ അധ്യാപകര്‍ അമ്പരന്നു.എവിടെയോ കണ്ടുമറന്ന മുഖം. പെട്ടെന്നവര്‍ തിരിച്ചറിഞ്ഞു-സിസ്റ്റര്‍ .ലൂസി കളപ്പുര !.കന്യാസ്ത്രീ കുപ്പായമൊക്കെ അഴിച്ചുവച്ച് കോളേജ് യൂണിഫോമില്‍ ഒരു കുട്ടിയുടെ ചുറുചുറുക്കോടെ സിസ്റ്റര്‍ നിയമം പഠിച്ചുതുടങ്ങിക്കഴിഞ്ഞു. ഒരാഴ്ച മുമ്പാണ് നിയമപഠനത്തിനായി  ക്‌ളാസ്സില്‍ പോയിത്തുടങ്ങിയത്. ഈ നവംബര്‍ 30 മുതല്‍ ഇതുവരെ  ഹൈസ്‌കൂള്‍ ക്‌ളാസ്സില്‍ കണക്കു പഠിപ്പിക്കുകയായിരുന്ന സിസ്റ്റര്‍ ജീവിതത്തെ ഹരിച്ചും ഗുണിച്ചും കൂട്ടിയും കുറച്ചും ശിഷ്ടം കണ്ടുപിടിച്ചാണ് നിയമവിദ്യാഭ്യാസത്തിനെത്തിയത്. കോളേജിലെ ഏറ്റവും മുതിര്‍ന്ന കുട്ടി..റിട്ടയര്‍മെന്റിനു ശേഷം എന്തെന്ന ചോദ്യചിഹ്നം അവരുടെ മുന്നില്‍ എത്തിയതേയില്ല. ആദ്യം എംഎസ്ഡബ്‌ള്യു കോഴ്‌സ്, അതു കഴിഞ്ഞാണ് നിയമപഠനത്തിനെത്തിയത്. സമൂഹത്തിലെ നീതിനിഷേധത്തിനെതിരെ ശബ്ദമുയര്‍ത്താന്‍ സിസ്റ്റര്‍ ലൂസിയേക്കാള്‍ മറ്റാര്‍ക്കാണ് കഴിയുക ?.

ഞാനാദ്യം സിസ്റ്റര്‍ ലൂസിയെ കാണുന്നത് മൂന്ന് വര്‍ഷം മുമ്പാണ്. കുറവിലങ്ങാട്ടെ കന്യാസ്ത്രീയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് കന്യാസ്ത്രീകള്‍ എറണാകുളം വഞ്ചിസ്‌ക്വയറില്‍  സമരം നടത്തിയപ്പോള്‍ ആ വേദിയില്‍ ചെന്നിരുന്ന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചതിന് ഒറ്റപ്പെടുത്തിയ ദിവസങ്ങളായിരുന്നു അത്. മാനന്തവാടിയിലെ മഠത്തില്‍ അവരനുഭവിക്കുന്ന എതിര്‍പ്പുകള്‍ അറിഞ്ഞ് പത്രത്തില്‍  റിപ്പോര്‍ട്ട് ചെയ്യാനാണ് ഞാന്‍ കോട്ടയത്തുനിന്ന് വയനാട്ടിലേക്ക് ചെന്നത്. അവര്‍ പഠിപ്പിക്കുന്ന മാനന്തവാടി , ദ്വാരക സേക്രഡ് ഹാര്‍ട്ട് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ അന്നു വൈകുന്നേരം  നാലുമണിയോടെ ചെന്നപ്പോഴേ ഞാനൊരു നോട്ടപ്പുള്ളിയായിക്കഴിഞ്ഞിരുന്നു. അവരുടെ സന്ദര്‍ശകരെ ആരൊക്കയോ അദൃശ്യമായി നിരീക്ഷിക്കുന്നത് എനിക്കു മനസ്സിലായി. സ്വതന്ത്രമായി സംസാരിക്കാന്‍പോലും  ഞങ്ങള്‍ക്ക് ഒരിടമില്ലായിരുന്നു. പത്രക്കാരോട് മിണ്ടാന്‍ അവര്‍ക്ക് അനുവാദമില്ലായിരുന്നു. താമസിക്കുന്ന കോണ്‍വന്റില്‍ പുറത്തുനിന്നുള്ളവര്‍ സിസ്റ്ററെ സന്ദര്‍ശിക്കാന്‍  അനുവദിച്ചിരുന്നുമില്ല. മഠത്തിലെ കര്‍ശനമായ നിയന്ത്രണങ്ങളെ നേരിടുന്നതിന്റെ സമ്മര്‍ദ്ദം . അലിഖിതനിയമങ്ങളെ ചോദ്യം ചെയ്യുന്നതിന്റെ എതിര്‍പ്പുകള്‍, ശാസനകള്‍, ഒറ്റപ്പെടുത്തലുകള്‍ .. പക്ഷേ അതൊന്നും ബാധിക്കാത്ത മട്ടില്‍ സിസ്റ്റര്‍ ലൂസി ഉല്ലാസവതിയായി എന്റെ മുന്നില്‍ ഇരുന്നു സംസാരിച്ചു. സ്‌കൂളില്‍നിന്ന് വളരെ ദൂരെയുള്ള ഒരു വീട്ടില്‍ ഞങ്ങള്‍ ചെന്ന് ഇത്തിരിനേരം സംസാരിക്കാന്‍ സൗകര്യം ചോദിച്ചാണ് അഭിമുഖം എടുത്തത്.

കന്യാസ്ത്രീ മഠത്തിനു ചുറ്റിലും അകത്ത് സിസ്റ്ററുടെ മുറിയുടെ നേരെയും  ടോയ്‌ലറ്റിനു മുന്നിലുംവരെ സിസിടിവി ക്യാമറകള്‍ വച്ചിട്ടുണ്ടെന്നു പറഞ്ഞപ്പോള്‍ അത് കടുത്ത മനുഷ്യാവകാശധ്വംസനമാണെന്നു തോന്നി. എനിക്കതു നേരില്‍ കാണണമെന്നായി ഞാന്‍. സിസ്റ്ററെ സന്ദര്‍ശിക്കാന്‍ കോണ്‍വെന്റിലേക്ക് പ്രവേശനം അനുവദിക്കുന്നില്ലെന്ന് അവര്‍ പറഞ്ഞു. പക്ഷേ അവിടെ ചില സൂത്രവിദ്യകള്‍ പ്രയോഗിച്ചു. എന്റെ വാഹനത്തില്‍ത്തന്നെ ഞങ്ങള്‍ വയനാട് കാരയ്ക്കാമല എഫ്‌സിസി കോണ്‍വെന്റിലേക്കു ചെന്നു .മുറ്റത്ത് വണ്ടി പാര്‍ക്കുചെയ്തു, മഠത്തിനുചുറ്റിലും നടന്നു എല്ലാംകണ്ടു മനസ്സിലാക്കി.. ഒരു സാധാരണ മഠത്തിനു ചുറ്റിലും വച്ചിരിക്കുന്ന ക്യാമറകളുടെ എണ്ണം കണ്ടപ്പോഴേ കാര്യങ്ങളുടെ കിടപ്പു പിടികിട്ടി. ഞാന്‍ അവര്‍ക്കൊപ്പം കാറില്‍ വന്നിറങ്ങുന്നതും മഠത്തില്‍ പ്രവേശിക്കുന്നതും ആരൊക്കയോ സിസിടിവി ക്യാമറകളിലൂടെ അടുത്തും വിദൂരത്തുമിരുന്ന് വീക്ഷിക്കുന്നുണ്ട് !. അതൊക്കെ കൃത്യമായ രേഖകളാണ്. ക്ഷണിച്ചിട്ടും  സിസ്റ്ററുടെ മുറിയിലേക്കൊന്നും  കയറിയില്ല. നിയമം ഞാനായി തെറ്റിച്ച് സിസ്റ്റര്‍ക്ക് പാരയാവരുതല്ലോ . മഠത്തിന് എത്ര അനഭിമതയാണ് സിസ്റ്റര്‍ ലൂസി എന്ന് എനിക്കപ്പോള്‍ പിടികിട്ടി. ശത്രുപാളയത്തിലെ അവരുടെ സുരക്ഷയില്ലായ്മയില്‍ ഞാന്‍ വേവലാതിപ്പെട്ടു.

അന്ന് അവര്‍ പറഞ്ഞ കാര്യങ്ങള്‍ ഇന്നും  മനസ്സില്‍ പെരുമ്പറകൊട്ടുന്നുണ്ട്. കേരളത്തില്‍ എത്രയോ കന്യാസ്ത്രീകള്‍ ഇരുചക്രവാഹനങ്ങളും കാറും ജീപ്പുമൊക്കെ ഓടിക്കുന്നുണ്ട്. പക്ഷേ സിസ്റ്റര്‍ ലൂസി ഡ്രൈവിംഗ് പഠിക്കാന്‍ അനുവാദം ചോദിച്ചപ്പോള്‍ സമ്മതം കൊടുത്തില്ല. അത് ചോദ്യം ചെയ്യുക മാത്രമല്ല അവര്‍ ഡ്രൈവിംഗ് പഠിച്ച് ലൈസന്‍സ് എടുത്ത്  സ്വന്തമായി ഒരു കാര്‍ വാങ്ങി അതോടിച്ച് സ്‌കൂളില്‍ പോകുകയും ചെയ്തു. സോഷ്യല്‍ മീഡയകളില്‍ ശാസ്ത്രീയസംഗീതമാലപിക്കുന്ന സന്യാസിനിമാരെയും നൃത്തച്ചുവടുകള്‍ വയ്ക്കുന്ന കന്യാസ്ത്രീകളെയും നമ്മള്‍ കണുകയും അഭിനന്ദിക്കയും ചെയ്യാറുണ്ട്. കോട്ടയത്ത് ഈയിടെ നടന്ന ചിത്രപ്രദര്‍ശനത്തില്‍കണ്ട  മനോഹര പെയിന്റിംഗുകള്‍ രണ്ടു കന്യാസ്ത്രീകള്‍ വരച്ചതായിരുന്നു.  

അതിനൊന്നും മഠങ്ങള്‍ വിയോജിപ്പു പ്രകടിപ്പിച്ചതായി കേട്ടിട്ടില്ല. പക്ഷേ സിസ്റ്റര്‍ ലൂസി രണ്ടുവരി  കവിത എഴുതിയത് പുസ്തമാക്കാന്‍ അനുവാദം ചോദിച്ചിട്ട് നല്‍കിയില്ല. പക്ഷേ അവര്‍ സ്വന്തം ഉത്തരവാദത്തില്‍ പുസ്തകം അച്ചടിച്ച് പുറത്തിറക്കി. കേരളത്തിനു പുറത്തും വിദേശങ്ങളിലും കന്യാസ്ത്രീകളുടെ വേഷത്തില്‍ നമ്മുടേതില്‍നിന്നും വളരെ വ്യത്യാസമുണ്ട്. സാരി ധരിക്കുന്ന കന്യാസ്ത്രീകള്‍ കേരളത്തിലുണ്ട്. വേഷമെന്തായാലും അവരുടെ സേവനങ്ങളാണ് ഉജ്ജ്വലം. അലര്‍ജി കൊണ്ട് പൊറുതിമുട്ടിയ സിസ്റ്റര്‍ ലൂസി താന്‍ ചുരിദാര്‍ അണിേേഞ്ഞാട്ടെയെന്ന് അനുവാദം ചോദിച്ചപ്പോള്‍ അത് നിഷേധിച്ചു. വൈദികർ   ളോഹയും പാന്റും ഷര്‍ട്ടും അണിയുന്നു.  പക്ഷേ കന്യാസ്ത്രീകള്‍ക്കു തിരുവസ്ത്രമല്ലാതെ മറ്റെല്ലാം നിഷേധിക്കുന്നു എന്നത് അവര്‍ ചോദ്യം ചെയ്തു. അവര്‍ ഇടയ്ക്ക് ചുരിദാര്‍ ധരിച്ചു, പൊതു വേദികളില്‍ പ്രത്യക്ഷപ്പെട്ടു. നീതിനിഷേധങ്ങളോടെ സമരസപ്പെടുവാന്‍ സിസ്റ്റര്‍ ലൂസി ഒരിക്കലും തയ്യാറല്ലായിരുന്നു. സന്യസ്തരുടെ വ്യക്തി ജീവിതത്തിലെ സദാചാരമൂല്യച്യുതികളെപ്പറ്റി അവര്‍ പരസ്യവേദികളിലും ചാനല്‍ ചര്‍ച്ചകളിലും  തുറന്നടിച്ചു. ശത്രുക്കള്‍ പെരുകാന്‍ ഇതൊക്കെയായിരുന്നു കാരണം.

ഒടുവില്‍ ബിഷപ്പിന്റെ ലൈംഗികപീഡനമേറ്റ കന്യാസ്ത്രീയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സമരവേദിയില്‍ ചെന്നതോടെ അവര്‍ക്കെതിരെ നടപടികളായി. മഠത്തില്‍ നിന്ന് ഇറങ്ങേണ്ടിവരുന്ന ഗതികേടിലെത്തി. കോണ്‍വെന്റില്‍ തന്റെ അവകാശങ്ങള്‍ നിഷേധിക്കപ്പെടുന്നു എന്നു കാട്ടി സത്യാഗ്രഹസമരം നടത്തിയത് വലിയ വാര്‍ത്തയായിരുന്നു. അതൊന്നും സഭാചരിത്രത്തില്‍ കേട്ടുകേള്‍വിപോലും ഇല്ലാത്തതാണല്ലോ. ഒരു വലിയ സമൂഹം ഉറ്റുനോക്കിക്കൊണ്ടിരിക്കുന്ന ജീവിതമാണ് സിസ്റ്റര്‍ ലൂസിയുടേത്.

റിട്ടയര്‍മെന്റിനു ശേഷം അവരുടെ ഗതിയെന്താകുമെന്ന് ഉത്കണ്ഠപ്പെട്ടിരുന്നവര്‍ ഏറെയാണ്. മഠത്തില്‍നിന്ന് പുറംതള്ളപ്പെട്ടാല്‍ എന്തായിരിക്കും പിന്നെ എന്നൊക്കെ ചിന്തിച്ചിരുന്നവരിലേറെയും പുറത്തുള്ള അഭ്യുദയകാംക്ഷികളായിരുന്നു. 2021-ല്‍ സിസ്റ്റര്‍ റിട്ടയര്‍ചെയ്തു. ഇതിനോടകം ' ഇഗ്നോ 'യില്‍ എംഎസ്ഡബ്‌ള്യു ചെയ്തു കഴിഞ്ഞു. അപ്പോഴാണ് നിയമവഴിയെ പോയാലോ എന്ന ചിന്തയുണ്ടായത്. എന്നും നീതി നിഷേധത്തിനെതിരെ പോരാടുന്ന അവര്‍ക്ക് അതൊരു ആവേശമായി. അങ്ങനെ എന്‍ട്രന്‍സ് എഴുതി പ്രവേശനം നേടിയാണ് എറണാകുളത്തിനടുത്ത് പൂത്തോട്ടയിലെ  ലോകോളേജില്‍ ചേര്‍ന്ന് പഠനം തുടങ്ങിയത് .കന്യാസ്ത്രീവേഷത്തിലല്ല കോളേജ് യൂണിഫോമില്‍ത്തന്നെ !.ചെറിയ കുട്ടികള്‍ക്കൊപ്പമിരുന്ന് രണ്ടാം ബാല്യത്തിലേക്കും ക്യാമ്പസ് ജീവിതത്തിലേക്കുമുള്ള മടങ്ങിപ്പോക്ക്. ഇതിനൊക്കെ സിസ്റ്റര്‍ ലൂസിയ്ക്കു തുണയായത് അവരുടെ നിശ്ചയദാര്‍ഢ്യമാണ്. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ സ്വന്തം അക്കൗണ്ട് തുടങ്ങണമെന്ന നിബന്ധന വന്ന സമയത്ത് സിസറ്റര്‍ സ്വന്തമായി ബാങ്ക് അക്കൗണ്ട് തുറന്നു. അത് സഭാനിയമങ്ങള്‍ക്ക് വിരുദ്ധമാണ്. കന്യാസ്ത്രീകളുടെ ശമ്പളം മുഴുവന്‍ സഭയ്ക്ക് അവകാശപ്പെട്ടതാണ്. പക്ഷേ, അധ്വാനത്തിന്റെ കൂലി  അതോടെ സിസ്റ്റര്‍ക്ക് സ്വന്തമായി. അന്നുമുതല്‍  ശമ്പളം സ്വന്തം പേരിലെത്തി. അങ്ങനെയാണ് കാര്‍ വാങ്ങാനുള്ള ശേഷി ഉണ്ടായത്. 20 വര്‍ഷത്തെ സര്‍വ്വീസ് മാത്രമാണുള്ളത്. അതിന്റെ അവസാന ഘട്ടങ്ങളിലാണ് സ്വന്തം അക്കൗണ്ടില്‍ ശമ്പളം എത്തിത്തുടങ്ങിയത്. റിട്ടയര്‍മെന്റുകാലത്ത് സ്വന്തം കാലില്‍ ഉറച്ചുനില്‍ക്കാന്‍ തുണയാകുന്ന ചെറിയ പെന്‍ഷനും സിസ്റ്റര്‍ക്കുണ്ട്. പഠിപ്പിച്ചു വലുതാക്കിയ സഭയ്ക്ക് ഏകദേശം പതിനഞ്ചുവര്‍ഷത്തെ ശമ്പളം മുഴുവനും അവര്‍ സമര്‍പ്പിച്ചുകഴിഞ്ഞു. ഒരു കൈവിരലിലെണ്ണാവുന്ന വര്‍ഷങ്ങളുടെ ശമ്പളം മാത്രമേ സിസ്റ്റര്‍  സ്വന്തമാക്കിയുള്ളൂ.  

റിട്ടയര്‍ചെയ്തു കഴിഞ്ഞാല്‍ എല്ലാം അവസാനിച്ചെന്നു കരുതുന്നവര്‍ക്ക് ഒരു പാഠമാണ് ഈ കന്യാസ്തീയുടെ ജീവിതം. സാമ്പത്തിക സ്വാതന്ത്ര്യമുള്ളതിനാല്‍ അവരെ തോല്‍പ്പിക്കാന്‍ ആര്‍ക്കും കഴിയില്ല എന്ന പരമസത്യം. മരണംവരെ സന്യാസിനിയായി ജീവിക്കാന്‍ അവര്‍ക്ക് ആരുടെയും ഔദാര്യത്തിനു ഇനി കാത്തു നില്‍ക്കേണ്ട. ഇഷ്ടവിഷയം പഠിക്കാന്‍ ആരുടെയും ദയയ്ക്കായി യാചിച്ചുനില്‍ക്കേണ്ട. ഫീസുകൊടുക്കാനുള്ള പണത്തിനായി ആരുടെമുന്നിലും കൈനീട്ടേണ്ടതില്ല. ഇഷ്ടപ്പെട്ട വിഷയത്തില്‍ പഠനം പൂര്‍ത്തിയാക്കി  സേവനം ചെയ്യണം. സമൂഹത്തിലെ  നീതിനിഷേധിക്കപ്പെട്ടവര്‍ക്ക് നീതി തേടിക്കൊടുക്കണം. മാനവസേവ മാധവസേവയാക്കി ഇനിയുള്ള കാലം.. അതു മാത്രമാണ് സിസ്റ്റര്‍ ലൂസിയുടെ ലക്ഷ്യം.

വലിയൊരു സത്യത്തിലേക്കാണ് സിസ്റ്റര്‍ ലൂസി കളപ്പുരയുടെ ജീവിതം വിരല്‍ ചൂണ്ടുന്നത്.   ഇളം പ്രായത്തില്‍ കന്യാസ്ത്രീമഠത്തിലേക്കു ചേക്കേറുന്ന ഒരു പെണ്‍കുട്ടി. അവള്‍ക്ക് അവിടെ നല്ല വിദ്യാഭ്യാസം ലഭിക്കുന്നു, ജോലി കിട്ടുന്നു. ശമ്പളം മുഴുവനും സഭയ്ക്കു അര്‍പ്പിക്കുന്നു. യൗവ്വനം മെല്ലെ വാര്‍ധക്യത്തിലേക്കു കടക്കുന്നു. ഈശോയുടെ മണവാട്ടിയായി അനുസരണം, ദാരിദ്ര്യം, ബ്രഹ്‌മചര്യം തുടങ്ങിയ വ്രതവാഗ്ദാനം നല്‍കി അന്ത്യം വരെ ജീവിക്കുന്നു. അവര്‍ക്ക് പരിഭവങ്ങളില്ല, പരാതികളില്ല, തുറന്നു പറച്ചിലില്ല. നമ്മളാരും-സ്വന്തം വീട്ടുകാര്‍പോലും അവരെപ്പറ്റി വേവലാതിപ്പെടാറുമില്ല. നീതിയ്ക്കുവേണ്ടി രാപ്പകല്‍ പ്രസംഗിക്കുന്നവരാരും മാടുപോലെ പണിയെടുത്ത് എരിഞ്ഞുതീരുന്ന ഈ സന്യാസിനികളെപ്പറ്റി തലപുണ്ണാക്കാറുമില്ല. ഒരു കന്യാസ്ത്രീ 30 വര്‍ഷം സ്‌കൂളിലോ കോളേജിലോ, ആസ്പത്രിയിലോ കഠിനമായി അധ്വാനിച്ച് പണിയെടുത്ത ശമ്പളം അപ്പാടെ സഭ വാങ്ങുന്നതിനു പകരം പകുതി  ശമ്പളം അവള്‍ക്കായി നല്‍കിക്കൂടെ. പകുതി സഭയെടുത്തോട്ടെ. മുഴുവനും എടുക്കുന്നത് നീതി നിഷേധമാണ്, അനീതിയാണ്. ഉണ്ണീശോയുടെ പേരിലുള്ള അടിമപ്പണിയെന്നു അതിനെ വിളിക്കാം. സന്യാസിനിക്കും ചെറു യാത്രകള്‍ ചെയ്യാന്‍ കൊതിയുണ്ടാവില്ലേ, കേട്ടുകേള്‍വി മാത്രമുള്ള ഒരു ദേശംകാണാനുള്ള ,കൂട്ടുകാര്‍ക്കൊപ്പം ഒരു ദിവസം സന്തോഷിക്കാനുള്ള മോഹം. മനുഷ്യജീവികളല്ലേ അവരും. ചുറ്റുമുള്ള ലോകം ആകെ മാറുമ്പോഴും ക്രിസ്തുവിന്റെ മണവാട്ടിമാരെന്ന , ആരോ ഇട്ടുകൊടുത്ത ഒരു ഓമനപ്പേരില്‍ അവരെ പൂട്ടിയിടരുത്. ദൈവരാജ്യം നീതിയുടെയും സമാധാനത്തിന്റെയും  സാമ്രാജ്യമാണെന്നത് പ്രസംഗിക്കാന്‍ മാത്രമുള്ളതല്ല. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക