Image

കത്തെഴുത്തിന്റെ കുളിരോർമ്മ…(നീലീശ്വരം സദാശിവൻകുഞ്ഞി)

Published on 07 December, 2022
കത്തെഴുത്തിന്റെ കുളിരോർമ്മ…(നീലീശ്വരം സദാശിവൻകുഞ്ഞി)

ഡിസംബർ 7 ദേശീയ കത്തെഴുത്തു ദിനം . ഇന്ന് കത്തെഴുത്തിന് പ്രാധാന്യം കുറഞ്ഞു കുറഞ്ഞു കുറഞ്ഞ് എല്ലാവരും സ്മാർട്ട് ഫോണിലൂടെ അല്ലെങ്കിൽ കംപ്യൂട്ടറിലൂടെ സ്മാർട്ടായിക്കൊണ്ടിരിക്കുകയാണല്ലോ . ഇപ്പോൾ എഴുതണ്ട! പകരം മിണ്ടിയാൽ മതി . മൊബൈൽ എഴുതിക്കോളും!

പണ്ടാണെങ്കിൽ പട്ടാളത്തിലെ മകന്റെ എഴുത്തിനായി മാതാപിതാക്കളുടെ കാത്തിരിപ്പ്. ദൂരെ താമസിക്കുന്ന വേണ്ടപ്പെട്ടവരുടെ വിശേഷങ്ങൾ അറിയാനായി ബന്ധുക്കളുടെ ആകാംഷ . പഠിക്കുവാൻ പോയ മക്കളുടെ വിശേഷങ്ങൾ അറിയാൻ അല്ലെങ്കിൽ മാതാപിതാക്കളുടെ ആരോഗ്യസ്ഥിതി മനസ്സിലാക്കാൻ , ഗൾഫിലെ ഭർത്താവിനും നാട്ടിലെ ഭാര്യക്കും ഹൃദയങ്ങൾ തുറക്കാൻ , കാമുകീകാമുകന്മാർക്ക്……   ചുരുക്കത്തിൽ പ്രേമം തുടങ്ങാൻ പോലും  കത്ത് കൂടിയേ തീരൂ .

 ഇൻലൻഡ് , കാർഡ് മുതലായവ കൂടാതെ കത്തെഴുതി കവറിലിട്ടയക്കുന്ന പരിപാടിയും ഉണ്ടായിരുന്നു  .  ഒരിക്കൽ നാട്ടിലെ ഭാര്യ ഗൾഫിലെ ഭർത്താവിനെഴുതി .

“നിങ്ങൾ പോയത്തിന് ശേഷം എനിക്കുണ്ടായ കുട്ടി സുഖമായിരിക്കുന്നു . അവൻ നിങ്ങളെപ്പോലെ ഒന്നും അല്ല , മിടുക്കനാണ്”.

ഇത്രയും പോരെ കഥയല്ലിത് ജീവിതത്തിൽ വിധുബാല ആന്റിയുടെയും ജഡ്ജസിന്റെയും മുന്നിൽ പെടാൻ . അഞ്ച് വര്ഷം മുന്നേ നാട്ടിൽ വന്നപ്പോൾ താൻ തന്നെ ഡെപ്പോസിറ്റ് ചെയ്തതാണ്  കുട്ടിയെന്ന്  അയാൾക്ക് പെട്ടെന്ന് പിടികിട്ടിയില്ല .

പടിഞ്ഞാറേലെ അച്ചാമ്മ ചേച്ചീടേം കൊച്ചപ്പൻ ചേട്ടന്റേം മകൻ പട്ടാളത്തിലാണ് . വർഗീസ് . ഞങ്ങൾ നാട്ടിൽ ‘വറീത്’ എന്ന് വിളിക്കും .

വറീതേട്ടന്റെ കല്യാണം കഴിഞ്ഞ് സുഖവാസം അധികനാൾ നീണ്ടില്ല . പട്ടാളത്തീന്ന് പെട്ടെന്ന് വിളിവന്നു . പെട്ടെന്നു മടങ്ങാൻ? കാരണം കാശ്മീരിൽ  തീവ്രവാദി ആക്രമണം .

ഭാര്യക്ക് ഒരു എ കെ 47 ചുംബനം കൊടുത്ത് അയാൾ പറഞ്ഞു .

“ഞാൻ കത്തയക്കാം”

 . ഭയങ്കര പിശുക്കനാ വറീത് .അയാൾ കാശ്മീരിൽ നിന്ന് എഴുത്തെഴുത്തും . ഭാര്യക്കും അപ്പനും അമ്മക്കും കൂടി ചേർത്ത് ഒരു ഇൻലന്റിൽ ആണ് എഴുത്ത് .

ഭാര്യ മോളിക്ക് നാട്ടിൽ എന്തോ ജോലിയുണ്ട് . അച്ചാമ്മ ചേച്ചിക്ക് വായിക്കാനും അറിയില്ല .  ലെറ്ററിൽ വ്യക്തമായി എഴുതിയാവും അയക്കുക .

ആദ്യത്തെ ഹെഡിങ്ങ് ഭാര്യക്ക് പിന്നെ അപ്പനും അമ്മക്കും ഒരുമിച്ച് . അച്ചാമ്മചേച്ചി കത്ത് കിട്ടിയാൽ ഉടൻ വീട്ടിൽ വരും

“മോനെ ശിവാ ഒന്ന് വായിച്ചേ”…

എന്തോ എൻ്റെ നല്ല മനസ്സുകൊണ്ട് ഞാൻ മോളിച്ചേച്ചിക്ക് വേണ്ടി എഴുതിയതും വായിക്കാറുണ്ട് . തെറ്റിദ്ധരിക്കരുത് . തീവ്രവാദി ആക്രമണം കഴിഞ്ഞോ ഇനി ഉണ്ടാകുമോ എന്നൊക്കെ അറിയാൻ വേണ്ടി മാത്രം . 

പിന്നീട് 1980 കളിൽ ‘സാക്ഷരകേരളം സുന്ദരകേരളം’ , ‘വയോജനവിദ്യാഭ്യാസം’ മുതലായവ വന്നപ്പോൾ അച്ചാമ്മ ചേച്ചി പഠിക്കാൻ പോയി . അതിന് ശേഷം അവർ ചിലപ്പോൾ വറീതിന് കത്തെഴുതുമായിരുന്നു . ഒരിക്കൽ ഇടവപ്പാതിയിൽ  കോരിച്ചൊരിയുന്ന മഴയിൽ പുറത്ത് “അമ്മച്ചീ” എന്ന നിലവിളി .

കതക് തുറന്ന അമ്മച്ചി ഞെട്ടി . വറീതാണ് . അച്ചാമ്മ ചോദിച്ചു .

“മോനെ വറീതേ ഈ വീട്ടിൽ തീവ്രവാദി ആക്രമണമില്ലല്ലോ . പെട്ടെന്നിങ്ങനെ ഓടിയെത്താൻ ?”

“ മേരിക്ക് എന്ത് പറ്റി ?”

 വറീത് സങ്കടത്തോടെ ചോദിച്ചു .

പുന്നാരപെങ്ങളാണ് . ഭർത്താവ് ഗൾഫിൽ . ഇപ്പൊ ആറുമാസം ഗർഭിണിയാണ് മേരി .

മേരിക്ക് ആറ് ആയി എന്ന് അച്ചാമ്മ എഴുതിയത് “മരിക്കാറായി” എന്നാണ് . സാക്ഷര കേരളം സുന്ദരകേരളം . വറീത് സ്വന്തം ഭാര്യ മോളിയോടൊന്ന് മൂളാൻ പോലും നിന്നില്ല .

എന്റെ പഴയ കൂട്ടുകാരി എനിക്കയച്ച കത്ത് ഞാനിന്നും ഒരു നിധിപോലെ സൂക്ഷിച്ചു വച്ചിരിക്കുന്നു . ഒരു ഇൻലന്റിൽ ഫെവിക്കോൾ ഒഴിച്ച് അതിൽ നിറയെ പഞ്ചസാര ഒട്ടിച്ച് അതിലൂടെ എഴുതിയ ലൗ ലെറ്റർ . അവർ ഇന്നും എന്റെ പ്രിയപ്പെട്ട കൂട്ടുകാരിയും ഫേസ്ബുക് ഫ്രണ്ടുമാണ് .

ഒരിക്കൽ കിഴക്കേതിലെ അമ്മാവൻ എന്റെ വീട്ടിൽ വന്നു.

“ മോനെ രാഘവന് ഒരു കത്തെഴുതണം”

 .മകനാണ് രാഘവൻ . തിരുവന്തപുരത്താണ് . പ്രേമിച്ച് കല്യാണം കഴിച്ച് വീട്ടിൽ നിന്നും മാറി താമസിക്കുന്നു . തിരുവനതപുരത്ത് പാളയത്ത് . മോൻ തിരിച്ചു വരണം . അച്ഛന്റെ വഴക്കുമാറി . അതാണ് എഴുത്തിൽ പറയേണ്ടത്. ആ ലെറ്റർ കിട്ടിയതിന് ശേഷം അമ്മാവൻ മരിച്ചപ്പോളാണ് രാഘവൻ വന്നത് .

എഴുത്ത് ഇങ്ങനെ ആയിരുന്നു

“മോനെ രാഘവാ നീ പോയതിൽ പിന്നെ ഇവിടെ എല്ലാവര്ക്കും വളരെ സുഖമാണ് . വരില്ലേ?”

ഇപ്പോൾ എല്ലാവരും എഴുത്തിലല്ല സുഖം കാണുന്നത് . തൊഴുത്തിലാണ് . വീട്ടിൽ വരുന്നു സ്വന്തം തൊഴുത്തിൽ കയറുന്നു . ഫോണെടുക്കുന്നു . സ്മാർട്ടായി എഴുതുന്നു .

അതെ എഴുത്തുകൾ ഒരുതരത്തിൽ  വിട പറയുകയാണ് . ഒപ്പം പഴയ കാത്തിരിപ്പുകളും .

# National letter writing day December 7 , 2022

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക