Image

ഹോസ്റ്റല്‍ പ്രവേശനം; വിദ്യാര്‍ത്ഥികള്‍ സമയ നിയന്ത്രണം പാലിച്ചേ മതിയാകൂ(ദുര്‍ഗ മനോജ് )

ദുര്‍ഗ മനോജ് Published on 08 December, 2022
 ഹോസ്റ്റല്‍ പ്രവേശനം; വിദ്യാര്‍ത്ഥികള്‍ സമയ നിയന്ത്രണം പാലിച്ചേ മതിയാകൂ(ദുര്‍ഗ മനോജ് )

മെഡിക്കല്‍, ഡെന്റല്‍ കോളേജുകളില്‍ സമയക്രമത്തിലെ വിവേചനത്തിനെതിരെ ഹൈക്കോടതി വിധി വരാനിരിക്കേ, ആരോഗ്യ കുടുംബക്ഷേമ വകുപ്പ്‌ല അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ ആശാ തോമസ് നിലവിലെ സമയക്രമം ചില ഭേദഗതികളോടെ കര്‍ശനമാക്കി നടപ്പാക്കാന്‍ ഉത്തരവിട്ടു. നിലവിലെ രീതിയില്‍ പെണ്‍കുട്ടികള്‍  ഒമ്പതരയ്ക്കു മുന്‍പായി ഹോസ്റ്റലില്‍ പ്രവേശിക്കണം എന്നും, ആണ്‍കുട്ടികള്‍ക്ക് എപ്പോഴായാലും തരക്കേടില്ല എന്നുമായിരുന്നല്ലോ. അതിലാണിപ്പോള്‍ മാറ്റം വന്നിരിക്കുന്നത്. ഇനി മുതല്‍ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികള്‍ ആണും പെണ്ണും ഒമ്പതരയ്ക്കു മുന്‍പ് ഹോസ്റ്റലില്‍ കയറിയിരിക്കണം. ലേറ്റായാല്‍ രക്ഷിതാവിന്റെ കുറിപ്പുവേണ്ടി വരും. രണ്ടാം വര്‍ഷം മുതല്‍ ഉള്ള വിദ്യാര്‍ത്ഥികള്‍ക്കു ഈ സമയക്രമം ബാധകമല്ല, വാര്‍ഡില്‍ സമയം കൂടുതല്‍ ചെലവിടേണ്ടതിനാല്‍ അവര്‍ക്ക് ഐ ഡി കാര്‍ഡ് ഗേറ്റില്‍ കാണിച്ച് മൂവ്‌മെന്റ് റെജിസ്റ്ററില്‍ ഒപ്പുവച്ച് അകത്തു പ്രവേശിക്കാം. അപ്രകാരം ചെയ്യുന്ന വിദ്യാര്‍ത്ഥി / വിദ്യാര്‍ത്ഥിനികളോട് കാരണം ബോധിപ്പിക്കാന്‍ ആവശ്യപ്പെടാന്‍ പാടില്ല. ഇതു കൂടാതെ സി സി ടി വി കള്‍ പ്രവര്‍ത്തനക്ഷമമാണ് എന്ന് ഹോസ്റ്റല്‍ അധികൃതര്‍ ഉറപ്പും വരുത്തണം.
ഈ വിഷയത്തില്‍ ഹൈക്കോടതി നടത്തിയ നിരീക്ഷണങ്ങള്‍ ശ്രദ്ധേയമാണ്. കേരളത്തില്‍ പഠിക്കുമ്പോള്‍ മാത്രമാണോ പെണ്‍കുട്ടികളുടെ സുരക്ഷയെക്കുറിച്ച് ആശങ്കയെന്ന് ഹൈക്കോടതി ചോദിച്ചു. യുക്രെയിനില്‍ യുദ്ധസമയത്ത് അകപ്പെട്ട പെണ്‍കുട്ടികള്‍ ആ ഘട്ടം തരണം ചെയ്തതു നമ്മള്‍ കണ്ടതല്ലേ? അങ്ങനെയുള്ള കുട്ടികളെ പ്രതി സുരക്ഷാആശങ്ക ശരിയാണോ എന്നായിരുന്നു കോടതിയുടെ നിരീക്ഷണം. ഏതായാലും ആണിനും പെണ്ണിനും രണ്ടു നിയമം പറ്റില്ല എന്നും സുരക്ഷയെക്കുറിച്ച് ആശങ്കയുണ്ടെങ്കില്‍ അതിനു വേണ്ട നടപടി സ്വീകരിക്കുകയാണു വേണ്ടതെന് കോടതി പറഞ്ഞു.

കോഴിക്കോടു മെഡിക്കല്‍ കോളേജ് ഹോസ്റ്റലില്‍ നിന്നും പെണ്‍കുട്ടികള്‍ രാത്രി 9.30 നു ശേഷം പുറത്തിറങ്ങുന്നതിനു വിലക്കേര്‍പ്പെടുത്തിയ ഹര്‍ജി പരിഗണിക്കുന്ന വേളയിലാണ് കോടതി ലിംഗസമത്വത്തെ മുന്‍നിര്‍ത്തി സ്ത്രീ വിവേചനങ്ങള്‍ക്കെതിരെ അഭിപ്രായം രേഖപ്പെടുത്തിയത്. ഏതായാലും ഈ മാസം പതിനഞ്ചാം തീയതിയിലെ ഹൈക്കോടതിയുടെ ഫൈനല്‍ വിധിയ്ക്കായി കാത്തിരിക്കാം.

Hostel admission: Students Just need to follow the time limit.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക