Image

ചന്ദന സുഗന്ധമുള്ള പെണ്‍കുട്ടി (കഥ- വൈദേഹി)

Published on 08 December, 2022
ചന്ദന സുഗന്ധമുള്ള പെണ്‍കുട്ടി (കഥ- വൈദേഹി)

ഫോണില്‍ അലാറം അടിച്ചു … … അഞ്ചു മണി ആയി……..

റിട്ടയേഡ് ക്യാപ്റ്റന്‍ അരവിന്ദ് മെല്ലെ ഒന്ന് തിരിഞ്ഞു കിടന്നു…. പെന്‍ഷന്‍ ആയെങ്കിലും സര്‍വീസില്‍ ഇരിക്കുന്ന സമയം മുതല്‍ക്കേ ഉള്ള ജീവിത ചര്യകള്‍ അതുപോലെ തുടരാന്‍ ശ്രെമിക്കുന്നുണ്ട് ..  . പക്ഷെ ഇന്ന് ….ഇന്ന് എഴുന്നേല്‍ക്കാന്‍ തോന്നുന്നില്ല…

ഫോണ്‍ എടുത്തു…. അതിന്‍റെസ്ക്രീനില്‍ ദേവൂ ന്‍റെ പിണങ്ങി നില്‍ക്കുന്നത് പോലുള്ള മുഖം, “കള്ളി പെണ്ണ് “ ഫോട്ടോയില്‍ പോലും തന്‍റെ നേരെ ഒന്ന്  നേരെ ചിരിക്കുന്നില്ല …. ഒരു കുസൃതിയോടെ മനസ്സില്‍ ഓര്‍ത്തു. 

അലാറം ഓഫാക്കി എഴുന്നേറ്റു.  കിടക്കയില്‍ ഉണ്ടായിരുന്ന ഒരു കവര്‍ എടുത്ത് ഭദ്രമായി അലമാരയില്‍ വച്ചു.   എല്ലാ  ദിവസവും പ്രഭാതകൃത്യങ്ങള്‍ക്കു ശേഷംനടക്കാന്‍ പോകാറുണ്ട്.  ഇന്ന് വയ്യ… ..ഒരു ക്ഷീണം പോലെ…..

അടുക്കളയില്‍ കയറി ഒരു കട്ടന്‍ ചായ ഇട്ടു , അതുമായി സ്വീകരണ മുറിയിലേക്ക് വന്നു. ടീപ്പോയിയുടെ പുറത്ത് ചായക്കപ്പ് വച്ചശേഷം താക്കോലെടുത്ത് വാതില്‍ തുറന്നു…  വിരമിച്ച ശേഷം ഒറ്റയ്ക്കാണ് ജീവിതം.  ഈ ഒറ്റപ്പെടല്‍ സ്വയം സ്വീകരിച്ചതാണ്‌….കുടുംബ ഓഹരിയായി കിട്ടിയതെല്ലാം അനിയനും അനിയത്തിക്കും ആയി പകുത്തു നല്‍കിയ ശേഷം പെന്‍ഷന്‍ തുകയില്‍ നിന്നും ഒരു സ്റ്റുഡിയോ അപ്പാര്‍ട്ട്മെന്‍റ് വാങ്ങി അതില്‍ താമസം തുടങ്ങിയിട്ട് രണ്ട് വര്‍ഷം ആകുന്നു.  ഇവിടെ സ്വസ്ഥംകുറച്ചു സംഘടനാ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകുന്നു.  ഇടയ്ക്ക് പോയി അമ്മയോടും സഹോദരങ്ങളോടുമൊപ്പം രണ്ടുനാള്‍ താമസിച്ചു തിരികെ വരും.  

എപ്പോള്‍ കണ്ടാലും അമ്മയ്ക്ക് പറയാന്‍ ഒരു കാര്യമേ ഉണ്ടാവൂ……”എന്‍റെ കുട്ടന്‍ എല്ലാം മറക്കണം" ….. ‘നിനക്ക് വിധിയില്ലാ എന്ന് കരുതി സമാധാനിക്കണം ‘

അമ്മയുടെ കണ്ണടയുമുന്‍പ് …… അത്രയും ആകുമ്പോള്‍ തന്നെ നിറഞ്ഞുവരുന്നകണ്ണുകള്‍ അമ്മ കാണാതെ എഴുന്നേറ്റു മാറും. ….. പിന്നാലെ അമ്മയുടെ നെടുവീര്‍പ്പ് കേള്‍ക്കാം.  ഈശ്വരാ എന്‍റെ കുട്ടി ടെ സങ്കടം ഇനി ഒരിക്കലും മാറില്ലല്ലോ…..ഇതിനും വേണ്ടി എന്ത് തെറ്റാ എന്‍റെ കുട്ടി ചെയ്തത്…. അറിയില്ലാലോ ഭഗവാനേ ……

കോറിഡോറില്‍ പത്രം വന്ന്‍ കിടപ്പുണ്ട്.  കുനിഞ്ഞ് അതെടുത്ത ശേഷം മെല്ലെ വാതില്‍ അടച്ചു .  … ആരെങ്കിലും കണ്ടാല്‍ കുശലം ചോദിയ്ക്കാന്‍ വരും.  ഇന്ന്  ഒന്നിനും ഒരു ഉത്സാഹവും  തോന്നുന്നില്ല… മെല്ലെ സെറ്റിയില്‍ വന്നിരുന്ന ശേഷം ചായക്കപ്പെടുത്ത് കുറച്ചു കുടിച്ചു.. അത് താഴെ വച്ചശേഷം പത്രം വായിക്കാനായി എടുത്തു നിവര്‍ത്തി. ……

പത്രം തുറന്നതും  കണ്ണില്‍ പെട്ട ആദ്യ വാര്‍ത്ത തന്നെ മനസ്സിനെ വല്ലാതെ പിടിച്ചുലയ്ക്കുന്നതായിരുന്നു.   “പ്രണയം നിരസിച്ച യുവതിയെ യുവാവ് വെട്ടി കൊലപ്പെടുത്തി..”.ഇങ്ങനെ ഇല്ലായ്മ ചെയ്യുന്നതാണോ പ്രണയം.  മിക്കവാറും ദിവസങ്ങളില്‍ ഇതുപോലെ ധാരാളം വാര്‍ത്ത‍കള്‍ വരുന്നുണ്ട്. ഇതൊക്കെ കാണുമ്പോള്‍ സഹിക്കാനാകാത്ത വിഷമം ഉണ്ടാകുമെങ്കിലും ആരോടാ ഇതൊക്കെ പറയുന്നത്.  ഇപ്പോഴത്തെ കുട്ടികള്‍ക്ക് ആരോടും ഒരു പ്രതിബദ്ധതയും ഇല്ലായെന്നാണ് തോന്നുന്നത്.  എല്ലാം അവരുടെ ഭാഗം ജയിക്കാനുള്ള ശ്രെമങ്ങള്‍ മാത്രം.  കൂടുതല്‍ വായിക്കാന്‍ തോന്നിയില്ല.  പത്രം മടക്കിവച്ച് കണ്ണുകള്‍ അടച്ച് മെല്ലെ സെറ്റിയിലേയ്ക്ക് ചാരി ഇടുന്നു. 

“ദേവൂന്‍റെ ഓര്‍മകള്‍ക്കിന്ന്‍  ഒരു വയസ് കൂടി ആവുന്നു”......

ആരായിരുന്നു തനിക്കവള്‍? ………ആരുമായിരുന്നില്ല,   എന്നാലോ കണ്ടുമുട്ടിയ അന്ന് മുതല്‍ ഈ നിമിഷം വരെയും തന്‍റെ “ജീവശ്വാസമാണ വ ള്‍”.......തന്നെയും അവള്‍ക്ക് ഒരുപാട് ഇഷ്ടമായിരുന്നു എന്നറിഞ്ഞ നിമിഷം ഓര്‍ത്താല്‍ ഇപ്പോഴും തന്‍റെ മനസ്സിന്‍റെ പിടിവിട്ട് പോകും ……..

പത്താം ക്ലാസ്സില്‍ പഠിച്ചിരുന്ന സമയത്താണ് അവളെ ആദ്യമായി കാണുന്നത്..  മറ്റേതോ സ്കൂളില്‍ നിന്നും താന്‍ പഠിച്ചിരുന്ന സ്കൂളിലേയ്ക്ക് എട്ടാം ക്ലാസ്സില്‍ പുതുതായി വന്ന്‍ ചേര്‍ന്ന പെണ്‍കുട്ടി .  ആരുമായും അധികം സംസാരിക്കാത്ത എപ്പോഴും മുഖത്തൊരു വിഷാദഭാവമുള്ള മെലിഞ്ഞ ഒരു പെണ്‍കുട്ടി.  മിക്കവാറും ഒറ്റയ്ക്കാണ് സ്കൂളിലേയ്ക്കുള്ള വരവും പോക്കും ……അവളുടെ മുടിയുടെ അഴകാണ് തന്നെ ആദ്യമായി അവളിലേയ്ക്ക് അടുപ്പിച്ചതെന്ന്  വേണമെങ്കില്‍ പറയാം.   

കൂട്ടുകാരുമൊത്ത് സൊറ പറഞ്ഞ് ക്ലാസ് വരാന്തയില്‍ ഇരുന്നപ്പോഴാണ് അവളെ ആദ്യമായി കാണുന്നത്,  “ദേ നോക്കടാ ആ കൊച്ചിന്‍റെ മുടി", രാജന്‍റെ ഒച്ച കേട്ടാണ് അവിടേയ്ക്ക് ശ്രെദ്ധി ക്കുന്നത്.  കറുത്ത് ഇടതൂര്‍ന്ന നീണ്ട മുടി,  ഏകദേശം അവളുടെ മുട്ടോളം നീളത്തില്‍ കുളിപിന്നു  കെട്ടി വിടര്‍ത്തി ഇട്ടിരുന്നു.   പിന്തിരിഞ്ഞു നടന്ന അവളുടെ മുഖം കാണാന്‍ സാധിച്ചിരുന്നില്ല…

“ധാരാളം മുടിയുള്ള പെണ്‍കുട്ടികളുടെ മുഖത്തിന്‌ ഒരു ചന്തം കാണില്ല”,  രാമേട്ടന്‍ ബെല്ലടിക്കാന്‍ വരുന്നത് കണ്ട് വരാന്തയില്‍ നിന്ന് എഴുന്നേല്‍ക്കുമ്പോള്‍ ഒരാത്മഗതം പോലെ പറഞ്ഞു.  അത് കേട്ടപ്പോള്‍ രാജന്‍ ഉച്ചത്തില്‍ ചിരിച്ചു കൊണ്ട്  പറഞ്ഞു, “കിട്ടാത്ത മുന്തിരി പുളിക്കുമെന്നും പറയാറുണ്ട്"..... .   ‘പോടെ…പോടെ ‘ ന്നും പറഞ്ഞ് അവന്‍റെ  പുറകില്‍ ഒരടിയും കൊടുത്തുകൊണ്ട് ക്ലാസ്സിലേയ്ക്ക് കയറി.   എന്തുകൊണ്ടാനെന്നറിയില്ല ടീച്ചര്‍മാര്‍ പഠിപ്പിക്കുമ്പോഴും ആ മുടിയുടെ ചന്തം അങ്ങനെ മനസ്സില്‍ താളം ചവിട്ടി.  .. 

ഇനി  വൈകുന്നേരമേ അത്  ആരാണെന്ന് അറിയാന്‍ പറ്റൂ.എന്നാല്‍ അതുവരെ  ക്ഷമിച്ചിരിക്കാന്‍ സാധിച്ചില്ല.  ഉച്ചയ്ക്ക് രാജനെയും കൂട്ടി താഴെ ഗ്രൗണ്ടിലാകെ ഒന്ന് കറങ്ങിനോക്കി.  വിചാരിച്ചയാളെ കാണാന്‍ സാധിച്ചില്ല.  നിരാശയോടെ മടങ്ങാം എന്ന് കരുതി തിരിഞ്ഞു നടന്നപ്പോഴാണ് “ചേട്ടനെന്താ ഇവിടെ ?’ എന്ന് പുറകില്‍ നിന്നൊരു ചോദ്യം ….അത് കേട്ട് അറിയാതെ ഒന്ന് ഞെട്ടി... അനിയത്തിയാണ്,  അജ്ഞാത സുന്ദരിയെ കണ്ടുപിടിക്കാനുള്ള തിരക്കിനിടയില്‍ ഇങ്ങനെ ഒരാള്‍ ഇവിടെ  ഉള്ള കാര്യം  ഓര്‍ത്തില്ലാ യിരുന്നു.     കള്ളത്തരം പിടിക്കപ്പെട്ടതിന്‍റെ ചമ്മല്‍ മുഖതറിയാത്ത വണ്ണം  ചിരിച്ചുകൊണ്ട്   ചോദിച്ചു, നിന്‍റെ കയ്യില്‍ ഒന്നില്‍ കൂടുതല്‍ പേനകള്‍ ഉണ്ടോ?  ഞാന്‍ കൊണ്ടുവന്ന പേന തെളിയുന്നില്ല.   നോക്കട്ടെ… എന്ന് പറഞ്ഞിട്ട് അവള്‍ ക്ലാസ്സിലേയ്ക്ക്‌ കയറിപ്പോയി.   കുറച്ച് സമയം കഴിഞ്ഞ് തിരിച്ച് വന്ന്  റൈനോള്‍ഡിന്‍റെ ഒരു പേന തന്‍റെ കയ്യിലേയ്ക്ക് തന്നിട്ടു പറഞ്ഞു “എന്‍റെതല്ല , ദേവികയുടെതാ “, കളയരുതേ……ദേവികയോ ?  അതാരാ പുതിയ അവതാരം? താന്‍ തിരക്കി നടക്കുന്ന ആള്‍ തന്നെ ആയിരിക്കണ മെന്നുള്ള പ്രാര്‍ത്ഥനയോടെയാ ചോദിച്ചത്….

ഈ വര്‍ഷം പുതുതായ് വന്നതാ ചേട്ടാ,   നല്ല ഭംഗിയാ കാണാന്‍, എന്തോരം മുടിയാന്ന് അറിയാമോ?  എന്‍റെടുത്താ ഇരിക്കുന്നേ ……..വിവരണം കേട്ട് മനസ്സു നിറഞ്ഞു. ….പക്ഷേ അത് പ്രകടിപ്പിക്കാന്‍ പാടില്ലല്ലോ ….അത് കൊണ്ട് കൃത്രിമ ഗൗരവം നടിച്ചുകൊണ്ട് പറഞ്ഞു, “ആ…മതി ….മതി വിവരണം ", പോയിരുന്ന് പഠിക്കാന്‍ നോക്ക്, ഇല്ലേ  അച്ഛന്‍റെ കാര്യം അറിയാല്ലോ , നല്ല അടികിട്ടും മാര്‍ക്ക് കുറഞ്ഞാല്‍….. ഇതെല്ലം കണ്ടും കേട്ടും ചിരിയടക്കാന്‍ പാടുപെട്ടു  നിന്ന  രാജന്‍ അനിയത്തി ക്ലാസ്സിലേയ്ക്ക്‌ പോയതും പൊട്ടിച്ചിരിക്കാന്‍ തുടങ്ങി…

“ആളെ കണ്ടില്ലെങ്കില്‍ എന്താ , ആളുടെ പേന കിട്ടിയില്ലേ !” വാ  പോകാം ബെല്ലടിക്കാറാ യി , …രാജന്‍ അതും പറഞ്ഞു നടന്നു തുടങ്ങി… ആ പേന ഇടത് വശത്തെ പോക്കറ്റിലേ യ്ക്ക് വച്ചതും നെഞ്ചിടിക്കുന്നത് പുറത്ത് കാണാവുന്ന അവസ്ഥയില്‍ ആയി… വലത് കൈ കൊണ്ട് മെല്ലെ ആ പേനയെ ഹൃദയത്തോട് ചേര്‍ത്ത് അമര്‍ത്തി പിടിച്ചു…

ബെഞ്ചില്‍ ഇരുന്ന ശേഷം ആ പേന കയ്യില്‍ എടുത്തു നോക്കി… നീല അടപ്പുള്ള വെളുത്ത പേന,  അടപ്പ് തുറന്ന് നോക്കിയപ്പോള്‍ റീഫില്ലറില്‍  ഒരു കഷ്ണം പേപ്പര്‍ ചുരുട്ടി വച്ചിട്ടുണ്ട്.  മെല്ലെ അതെടുത്ത് തുറന്ന് നോക്കി ….. നല്ല വടിവൊത്ത അക്ഷരത്തില്‍ ദേവിക എസ്‌ ആര്‍ എന്ന് എഴുതിയിട്ടുണ്ട്.  ഈ പേന ഞാന്‍ തിരികെ കൊടുക്കില്ല…… അത് മനസ്സില്‍ ഉറപ്പിച്ചു…..

അവസാന പീരീഡായി… സ്കൂള്‍ വിട്ട് പോകുമ്പോള്‍ ദേവൂ നെ ഒന്ന് കാണ ണ മെന്ന് വിചാരിച്ചിരുന്നപ്പോഴാ ഒരു ചോക്കിന്‍റെ കഷ്ണം പുറത്ത് പതിച്ചത്… ആകെ ഒന്ന്‍ ഞെട്ടി….. കണ ക്ക്  സാര്‍ ആണ്…. തന്‍റെ ദിവാസ്വപ്നം കണ്ട് എറിഞ്ഞതാണ്…ഒരു ചമ്മിയ ചിരിയോടെ എഴുന്നേല്‍ക്കാന്‍ തുനിഞ്ഞതും സര്‍ പറഞ്ഞു “ ആ വേണ്ട….വേണ്ട… അവധിക്കാലം കഴിഞ്ഞ് വന്നതിന്‍റെ ഉറക്കമല്ലേ....ഇരുന്നോ ഇനി ഇത് ആവര്‍ത്തിക്കരുത്..” … കുട്ടികള്‍ ചുറ്റും ആര്‍ത്ത് ചിരിക്കാന്‍ തുടങ്ങി…. ആ ചമ്മലില്‍ നിന്നും രക്ഷപെട്ട് ഇരിക്കാന്‍ തുനിഞ്ഞതും തൊട്ടടുത്ത് ഡെസ്കില്‍ കമഴ്ന്ന് കിടന്ന് ചിരിക്കുന്ന രാജനെയാണ് കണ്ണില്‍ പെട്ടത്.  കൂടെ നിന്ന്‍ കാല് വാരുന്നോ ന്ന് ചോദിച്ച് അവന്‍റെ കാലിനിട്ടോ രു ചവിട്ടും കൊടുത്തു…

അന്ന് മുതല്‍ പത്താം ക്ലാസ്സുകാര്‍ക്ക്‌ എക്സ്ട്രാ ക്ലാസുകള്‍ തുടങ്ങുമെന്ന് നേരത്തേ തന്നെ അറിയിപ്പുണ്ടായിരുന്നു…അന്നത്തെ വിഷയം കണക്ക് തന്നെ ആയതിനാല്‍ സര്‍ പുറത്തേ യ്ക്ക് പോകാതെ  ക്ലാസ് തുടര്‍ന്നു…… സ്കൂള്‍ വിടുമ്പോള്‍   ദേവൂ നെ ഒന്ന്‍ കാണാമെ ന്നുള്ള മോഹം അങ്ങനെ നടക്കാതെ പോയി.   ….

വൈകിട്ട് സ്കൂള്‍ വിട്ട് പോകുന്നവഴി അതുപോലുള്ള ഒരു പേന വാങ്ങി അനിയത്തിയെ ഏല്‍പിച്ചു…

അടുത്ത ദിവസം രാവിലെ ട്യൂഷന് പോകാതെ രാവിലെ തന്നെ സ്കൂളില്‍ എത്തി.  രാജനും കൂടെ ഉണ്ടായിരുന്നു.  ക്ലാസ്സിന്‍റെ വരാന്തയില്‍ ഇരുന്ന്  ഗേറ്റ് ലേയ്ക്ക് നോക്കി ഇരിപ്പായി.  ബെല്ലടിക്കാറായതും അനിയതിയോടൊപ്പം അവള്‍ ഗേറ്റ് കടന്നെത്തി.  തന്നെ കണ്ട് അനിയത്തി നിന്നു.  അത് കണ്ട് എഴുന്നേറ്റ് അവരുടെ അടുത്തേയ്ക്ക് ചെന്ന്‍ കാര്യം തിരക്കി. 

“ചേട്ടന് ഇന്നലെ തന്ന പേന മാറിപ്പോയെ  ന്ന ദേവു പറയുന്നത്”..... ഒന്ന്‍ സംസാരിക്കാന്‍ കിട്ടിയ അവസരം പാഴാക്കിയില്ല..  ഓ അതാണോ ! കാര്യം ഞാന്‍ കുറച്ച് എഴുതികഴിഞ്ഞപ്പോള്‍ മഷി തീര്‍ന്നുപോയി.  അതാ വേറെ തന്നത്. , പറയുന്ന കൂട്ടത്തില്‍ അവളുടെ മുഖത്തേയ്ക്ക് ഒന്ന് പാളി നോക്കി.   നീണ്ട മുഖം,  ഇപ്പോള്‍ നിറഞ്ഞൊഴുകും എന്ന മട്ടിലുള്ള മഷിയെഴുതിയ നീണ്ട കണ്ണുകള്‍,  ഇടതൂര്‍ന്ന കറുത്ത കണ്‍പീലികള്‍,  നല്ല വടിവൊത്ത നേര്‍ത്ത പുരികം, നീണ്ട മൂക്ക്, പനിനീര്‍ പൂവിന്‍റെ നിറമുള്ള ചുണ്ടുകള്‍,  പൊട്ടു തൊട്ടിട്ടില്ല, നെറ്റിയില്‍ ഒരു ചന്ദന കുറി മാത്രം. .. അവളുടെ നിറവും നെറ്റിയിലെ ചന്ദന കുറിയും തിരിച്ചറിയാന്‍ സാധിക്കുന്നത് അതിനു നടുവിലായി തൊട്ടിരിക്കുന്ന സിന്ദൂരം ഉള്ളത്കൊണ്ടാണെന്ന് തോന്നിപ്പോയി….

‘ആദ്യമായാണ് താന്‍ ഒരു പെണ്‍കുട്ടിയെ ഇത്രയധികം ശ്രെദ്ധിക്കു ന്നത്. ‘

തന്‍റെ മുഖത്തേയ്ക്ക് ഒന്ന് നോക്കിയിട്ട് മുഖം താഴ്ത്തി അവള്‍ പറഞ്ഞു , “അതില്‍ ഞാന്‍ എന്‍റെ പേരെഴുതി വച്ചിരുന്നു".....

“ഓ അതാണോ പേടി “ ഞാനത് ആരും കാണാതെ കീറികളഞ്ഞേയ്ക്കാം…പറഞ്ഞിട്ട് അനിയത്തി കാണാതെ അവളെ നോക്കി സാരമില്ലെന്ന മട്ടില്‍ കണ്ണുകള്‍  ഒന്ന്  അടച്ചു കാണിച്ചു.  അവള്‍ അത് കണ്ട് ഒന്ന് ഞെട്ടിയത് പോലെ തോന്നി.  പിന്നെ മെല്ലെ കണ്ണുകള്‍ താഴ്ത്തി, അപ്പോള്‍ അവളുടെ ചുണ്ടില്‍  ഒരു ചെറു പുഞ്ചിരി വിടര്‍ന്നുവോ? അതോ അത് തന്‍റെ തോന്നലയിരുന്നുവോ?  അവളുടെ അടുത്തുനിന്നും മാറാന്‍ തോന്നിയില്ലങ്കിലും കൂടുതല്‍ സമയം അങ്ങനെ നില്ക്കാന്‍ പറ്റില്ലല്ലോ, അതിനാല്‍ ഒരു കൃത്രിമ ഗൗരവം നടിച്ച് അനിയത്തിയോട് പറഞ്ഞു “ആ ശരി , ഇനി അധികം നിന്ന്‍ താമസിക്കാതെ ക്ലാസ്സില്‍ പൊയ്ക്കോ, ബെല്ലടിക്കാന്‍ സമയമായി”….

താനും തിരികെ ക്ലാസ്സിലേയ്ക്ക് നടന്നു.  ഇതെല്ലം കണ്ടിരുന്ന രാജന്‍ തന്നെ അഭിനന്ദിച്ച് പറഞ്ഞു “നിനക്ക് ഇത്രയും ധൈര്യമുണ്ടാകുമെന്ന് കരുതിയില്ല “ന്ന്.. പിന്നീട് എപ്പോള്‍ കണ്ടാലും ദേവു  ഒന്ന്‍ തന്‍റെ മുഖത്തേയ്ക്ക് നോക്കിയ ശേഷം കണ്ണുകള്‍ താഴ്ത്തി നടക്കും.  ബുക്കുകള്‍ മാറോട്‌  ചേര്‍ത്തു പിടിച്ചുള്ള ആ നടത്തം കാണാന്‍ തന്നെ നല്ല ചന്തമായിരുന്നു……..

കുറച്ചു മാസങ്ങള്‍ കഴിഞ്ഞു.  സ്കൂള്‍ യുവജനോത്സവമായി.  അനിയ ത്തി ഗ്രൂപ്പ്‌ ഡാന്‍സിന് പേര് കൊടുത്തു.  പതിയെ അവളെ സമീപിച്ച് ആരൊക്കെയാ ഡാന്‍സിനുള്ളതെന്ന്‍ തിരക്കി.  കൂട്ടത്തില്‍ ദേവുവും ഉണ്ട്.  എനീട്ട് അവള്‍ പറഞ്ഞു, “കഷ്ടമാ അവളുടെ കാര്യം, വീടുകാര്‍ ഒന്നിനും സമ്മതിക്കില്ല, പതിനെട്ട് വയസ്സായാല്‍ പിന്നെ അവളെ പഠിക്കാന്‍ പോലും വിടില്ലെന്നാ പറയുന്നേ"... ഇപ്പൊ തന്നെ ക്ലാസ്സ്‌ ടീച്ചര്‍ അവളുടെ അച്ഛനോട് ഒരുപാട് തവണ ചോദിച്ചിട്ടാ അനുവാദം കൊടുത്തത്..  ആ പാവത്തിന് സ്വര്‍ഗം കിട്ടിയ പ്രതീതിയാ.  ഞാന്‍ മനസ്സില്‍ പറഞ്ഞു, “എനിക്കും അങ്ങനെ തന്നെയാ" ന്ന്…

യുവജനോത്സവത്തിനു തലേന്ന് അനിയത്തി വന്ന്‍ ചോദിച്ചു,”ചേട്ടന്‍റെ കയ്യുള്ള ബനിയന്‍ രണ്ടെണ്ണം  തരാമോ?,”  ഡാന്‍സിന്‍റെ ഡ്രസ്സ്‌ മാറുമ്പോള്‍ അടിയില്‍ ധരിക്കാനാണ്, പെണ്‍കുട്ടികളുടെ ഒരു സുരക്ഷാമുന്‍കരുതല്‍… നിനക്കെന്തിനാ രണ്ട് ബനിയന്‍?  ഒരെണ്ണം പോരെ?  ഒരെണ്ണം ദേവൂനാ ചേട്ടാ അവള്‍ പറഞ്ഞു…അവള്‍ക്ക് വീട്ടില്‍ ചോദിക്കാന്‍ പേടിയാ…. സന്തോഷം കൊണ്ട് തുള്ളിച്ചാടാന്‍ തോന്നിപ്പോയി …..അലമാര തുറന്ന് നോക്കി,  പുതിയത് ഒരെണ്ണം ഇരിപ്പുണ്ട്… അതും അലക്കി വച്ചിരുന്ന മറ്റൊരെണ്ണവും കൂടി എടുത്ത് അനിയത്തിടെ കയ്യില്‍ കൊടുത്തിട്ട് പറഞ്ഞു,  “നാളെ പരിപാടി കഴിഞ്ഞ് ഇങ്ങു തിരികെ വാങ്ങിച്ചോ, ഇനി ഇതും കൊണ്ട് വീട്ടില്‍ പോയി പ്രശ്നം ഉണ്ടാക്കണ്ട”.... പുതിയത് നിന്‍റെ കൂട്ടുകാരിക്ക്കൊടുത്തോളൂ ……തുള്ളിച്ചാടാന്‍ വെമ്പുന്ന മനസ്സിനെ അടക്കിനിര്‍ത്തി എങ്ങനെയൊക്കെയോ പറഞ്ഞോപ്പിച്ചു. 

അടുത്ത ദിവസം ഡാന്‍സ് കാണുന്നതിനായി ഓഡിറ്റോറിയത്തിന്‍റെ മുന്‍നിരകളില്‍ ഒന്നില്‍ തന്നെ  രാജനോടൊപ്പം സ്ഥാനം പിടിച്ചു.  അനിയത്തിയെ പോലും ശ്രെദ്ധിക്കാതെ അവളെത്തന്നെ കണ്ണെടുക്കാതെ നോക്കിയിരുന്നു.  ഇടയ്ക്കവള്‍ തന്നെയൊന്ന് നോക്കിയോ?  അതോ തന്‍റെ തോന്നലായിരുന്നുവോ? അല്ല, രാജനും പറഞ്ഞു, അവള്‍ ഇടയ്ക്ക് നിന്നെ നോക്കുന്നുണ്ടായിരുന്നു ന്ന്…..

വൈകിട്ട് വീട്ടില്‍ ചെന്നയുടനെ അനിയത്തിയുടെ ബാഗില്‍ നിന്നും രണ്ട്‌ ബനിയനും എടുത്തു.  ഒന്നുകൂടി ഉറപ്പിക്കാനായി അവളോട് ചോദിച്ചു, “നീ പുതിയത് തന്നെ അല്ലേ കൂട്ടുകാരിക്ക് കൊടുത്തത്? അതെ എന്നവള്‍ മറുപടി പറഞ്ഞു.  “ ആ  ശരി ഞാന്‍ കഴുകിക്കോളം" എന്ന് പറഞ്ഞ് അതുമായി റൂമില്‍ കയറി വാതില്‍ അടച്ചു . 

അനിയത്തിക്ക് കൊടുത്തത് അലക്കുവനുള്ള ബാസ്കറ്റിലേയ്ക്ക് ഇട്ട ശേഷം മറ്റേതുമായി കട്ടിലിലേയ്ക്ക് മറിഞ്ഞു….

ആദ്യം അതിനെ നെഞ്ചോട് ചേര്‍ത്ത് അമര്‍ത്തിപ്പിടിച്ചു.  പിന്നെ മുഖത്തേയ്ക്ക് ചേര്‍ത്തു.  നല്ല ചന്ദനത്തിന്‍റെ വാസന…. തലയണയില്‍ നിവര്‍ത്തി ഇട്ട ശേഷം അതില്‍ മുഖം  ചേര്‍ത്ത് കിടന്നു.  സന്ധ്യക്ക് കിടന്നുറങ്ങാതെ എഴുന്നേല്‍ക്ക്  കുട്ടാ എന്ന് പറഞ്ഞ് അമ്മ വാതിലില്‍ തട്ടി വിളിച്ചപ്പോഴാണ് സ്ഥല കാല ബോധം ഉണ്ടായത്.  

“ദാ വരുന്നേ” എന്ന് പറഞ്ഞ് ചാടി എഴുന്നേറ്റു.  ആ ഡ്രസ്സ്‌ എടുത്തു മടക്കി അതിന്‍റെ കവറിനുള്ളില്‍ തന്നെ വച്ചിട്ട് ആരും കാണാതെ മറ്റു തുണികളുടെ അടിയിലായി സൂക്ഷിച്ചു വച്ചു.  പിന്നെ എന്നും ഉറങ്ങാന്‍ നേരം അതിനെ തലയണ പുറത്ത് വച്ച് നെഞ്ചോടു ചേര്‍ത്ത് കിടക്കുമായിരുന്നു…. വെറുമൊരു കൗമാരചാപല്യം മാത്രമായിരുന്നോ അത്.  അല്ല……ഇന്നും ഒരു നിധി പോലെ അതിനെ കൊണ്ടു നടക്കുന്നു….. എവിടെപ്പോയാലും……..

മാര്‍ച്ച്‌ മാസം എല്ലാവരും പരീക്ഷാ ചൂടില്‍ ആണ് … താനും നന്നായി പഠിക്കാന്‍  ശ്രെമിക്കുന്നു.  ഇപ്പോള്‍ ദിവസവും  സ്കൂളില്‍ വച്ച് ദേവുവിനെ കാണാന്‍ സാധിക്കുന്നില്ല.  എങ്കിലും ഇടയ്ക്കൊക്കെ അമ്പലത്തില്‍ വച്ച് കാണുന്നുണ്ട്.  “പരീക്ഷ അടുത്തപ്പോള്‍ അമ്മയുടെ മോന് ഭക്തി മൂത്തു “എന്ന് പറഞ്ഞ് അനിയത്തിയും കളിയാക്കുന്നുണ്ട്.  അതൊന്നും ചെവികൊടുത്തില്ല.  

എക്സാം കഴിഞ്ഞു.  റിസള്‍ട്ട് വന്നു.. ഫസ്റ്റ് ക്ലാസ്സ്‌ ഉണ്ട്.  ഡിസ്റ്റിംഗ്ഷന്‍ അടുപ്പിച്ച് മാര്‍ക്കും.  അച്ഛനും അമ്മയ്ക്കും സന്തോഷമായി.  സെക്കന്‍ഡ് ഗ്രൂപ്പ്‌ എടുത്ത് കോളേജില്‍ ചേര്‍ന്നു.  രാജനും ജയിച്ചു.. എങ്കിലും  അവന്‍ ഇനി പഠിക്കുന്നില്ല എന്ന് തീരുമാനിച്ചു.  അമ്മയെ നോക്കണം, അതിനായി എന്തെങ്കിലും പണിക്ക് പോകണം.  അതിനായി അവന്‍ ഒരു ബന്ധുവിന്‍റെ സ്റ്റുഡിയോയില്‍ സഹായിയായി കയറി. 

ഒരു ദിവസം കോളേജ് വിട്ട് വരുന്ന വഴി രാജനെ കണാനായി സ്റ്റുഡിയോയില്‍ കയറി.  വര്‍ത്തമാനം പറഞ്ഞിരിക്കുന്ന കൂട്ടത്തില്‍ ദേവൂന്‍റെ കാര്യവും ചോദിച്ചു.  ഇടയ്ക്കൊക്കെ അമ്പലത്തില്‍ വച്ച്  കാണും എന്ന് പറഞ്ഞു.  അത് കേട്ട് അവന്‍ പറഞ്ഞു “ അതൊരു വല്ലാത്ത കുടുംബമാ , നീയിങ്ങനെ പ്രീ ഡിഗ്രി -ഡിഗ്രി എന്നൊക്കെ കഴിഞ്ഞു വരുമ്പോള്‍ അതിനെ വേറെ വല്ല  ആണുങ്ങളും കൊണ്ടുപോകും.  നിനക്ക് വേണമെങ്കില്‍ പട്ടാളത്തിലോ മറ്റോ ചേര്‍ന്ന് എത്രയും വേഗം ഒരു ജോലി സമ്പാദിക്കാന്‍ നോക്ക് “.  നമ്മുടെ  കൂടെ പഠിച്ചിരുന്ന ബാബു  അപേക്ഷ അയക്കാന്‍ ഫോട്ടോ എടുക്കാന്‍ ഇന്നലെ ഇവിടെ വന്നിരുന്നു.. അപ്പോള്‍ മുതല്‍ നിന്നെ കണ്ട് ഇക്കാര്യം പറയണം എന്ന് ഞാന്‍ വിചാരിക്കുന്നു.  ഇന്ന് നീ ഇവിടെയ്ക്ക് വന്നില്ലയിരുന്നെ ഞാന്‍ വീട്ടിലേയ്ക്ക് വന്നേനെ.  എനിക്കും പോകാന്‍ ആഗ്രഹമുണ്ട് , പക്ഷേ വയ്യാത്ത അമ്മയെ തനിച്ചാക്കി എങ്ങനെ പോകാനാ… രാജനെയും അമ്മയെയും അച്ഛന്‍ ഉപേക്ഷിച്ചതാ… വേറെ ആരും ഇല്ല അവര്‍ക്ക്.

ബാബുവിനെ കണ്ടു, ഡീറ്റയില്‍സ് എടുത്തു.  ഇനി വീട്ടില്‍ കാര്യം അവതരിപ്പിക്കണം. നേരിട്ട് പറഞ്ഞാല്‍ നടക്കില്ല.  അതിനായി മാമന്‍റെ സഹായം തേടി.  മാമന്‍ വീട്ടില്‍ കാര്യം അവതരിപ്പിച്ചു.  അച്ഛനും അമ്മയും ആദ്യം എതിര്‍ ത്തെങ്കിലും പിന്നെ സമ്മതിച്ചു.  

ട്രെനിംഗിന്‍റെ കാഠിന്യമൊക്കെ ദേവുവിന്‍റെ മുഖം ഓര്‍ക്കുമ്പോള്‍ മറന്നു.  ആറു മാസത്തെ ട്രെയിനിംഗിന് ശേഷം പോസ്റ്റിംഗിന് മുന്‍പ് ലീവിന് എത്തിയപ്പോള്‍ അമ്പലത്തില്‍ വച്ച്  ദേവൂനെ കണ്ടു.  തന്നെ കണ്ടതും അവളുടെ കണ്ണുകളില്‍  ഒരു തിളക്കം ഉണ്ടായത് വ്യക്തമായി താന്‍ കണ്ടതാണ്.  എന്നാല്‍ പെട്ടന്ന്  തന്നെ അത് മറച്ചു വച്ച് “നന്ദേടെട്ടന്‍ എന്നാ വന്നേ,  സുഖമാണോ?:” എന്ന് ചോദിച്ചു.  മറുപടി പറഞ്ഞതും ‘ഞാന്‍ പൊയ്ക്കോട്ടെ, വൈകിയാല്‍ വീട്ടില്‍   വഴക്ക് പറയും ‘എന്ന് പറഞ്ഞ് ധൃതിയില്‍ നടന്നു പോയി.  …

അടുത്ത വര്‍ഷം അനിയത്തിയും ദേവുവും ഡിസ്റ്റിഗ്ഷനോട് കൂടി പത്ത് പാസായി, രണ്ടാളും ഒരേ കോളേജില്‍ ഒരേ സബ്ജക്റ്റ് എടുത്ത് പഠിക്കാന്‍ തുടങ്ങി.  ഇടയ്ക്ക് ലീവിന് പോകുമ്പോള്‍ ഉള്ള കണ്ടു മുട്ടലും മറ്റുമായി ജീവിതം മുന്നോട്ട് കടന്നുപോയ്ക്കൊണ്ടിരുന്നു.

പ്രിഡിഗ്രി യും അവര്‍ നല്ല മാര്‍ക്കില്‍ ജയിച്ചു.  തനിക്ക് ഇരുപത് വയസ്സ് കഴിഞ്ഞു.  ദേവൂന് പതിനെട്ട് ആവാറായിക്കാണും.  ഇനിയും ഇത് മനസ്സില്‍ വച്ചിരുന്നാല്‍ പറ്റില്ല… അനിയത്തിയോട് കാര്യം അവതരിപ്പിച്ച് ദേവുനെ അറിയിക്കണം. ഒരുവര്‍ഷം കൂടി കഴിഞ്ഞ് കിട്ടിയാല്‍ രക്ഷപെട്ടു.  വീട്ടുകാര്‍  സമ്മതിച്ചില്ലെങ്കിലും കുഴപ്പമില്ല,  മറ്റു വഴികള്‍ തേടാം ,  നല്ലൊരു ജോലി ഉണ്ടല്ലോ….അതൊക്കെ മനസ്സില്‍ വച്ചാണ് ലീവിന് അപേക്ഷിച്ചത്.  

വീടിലെത്തി കേട്ട വാര്‍ത്തയില്‍ മനസ്സ് തകര്‍ന്നുപോയി.  വരുന്ന ഞായറാഴ്ച ദേവുവിന്‍റെ വിവാഹമാണ്. പെട്ടന്ന് തീരുമാനിച്ചതാണ് … ഇനിയും പഠിക്കണം എന്ന് പറഞ്ഞു വാശി പിടിച്ച അവളെ ഇപ്പോള്‍ വീടില്‍നിന്നും പുറത്തേയ്ക്ക് ഇറക്കാറില്ല.  വിവരമറിഞ്ഞ് ചെന്ന അനിയത്തിയോട് താന്‍ ലീവിന് വരാറായോ എന്നവള്‍ ചോദിച്ചിരുന്നൂ ന്ന്, വന്നാല്‍ കല്യാണത്തിന് വരാന്‍ പറയണം എന്ന് അനിയത്തിയോട് പറഞ്ഞേ ല്‍ പ്പി  ച്ചിച്ചിട്ടുണ്ടായിരുന്നു.  ഇതൊക്കെ പറഞ്ഞ ശേഷം അവള്‍ പറഞ്ഞു “ ഒന്ന് പോകണം ചേട്ടാ…… ചേട്ടന് സാധിക്കില്ല എന്നെനിക്കറിയാം, …….അവളൊരു പാവമാ…… എന്നോട് നിങ്ങള്‍ രണ്ടാളും ഒന്നും പറഞ്ഞിരുന്നില്ലെ ങ്കിലും രണ്ടാളുടെയും മനസ്സ് എനിക്ക് അറിയാമായിരുന്നു, ഒരു വര്‍ഷം കൂടി കഴിഞ്ഞു കിട്ടണേ എന്ന് ഞാന്‍ എന്നും  ഈശ്വരനോട് പ്രാര്‍ത്ഥി ച്ചി രുന്നതാ…. ഈശ്വരന്‍ കേട്ടില്ല,” …… പൊട്ടിക്കരയുന്ന അവളെ തന്‍റെ നെഞ്ചോട് ചേര്‍ത്ത് നിര്‍ത്തി….തന്‍റെ കണ്ണുകളും നിറഞ്ഞൊഴുകി അവളുടെ തലയിലേയ്ക്കിറ്റുവീഴുന്നുണ്ടായിരുന്നു…..

കല്യാണത്തിന് അനിയത്തിയോടൊപ്പം പോയിരുന്നു.  ദേവൂനോട് താന്‍ പുറത്തുണ്ട്ന്ന് പറയണം എന്ന് അനിയത്തിയെ പറഞ്ഞേല്‍പ്പിച്ചു.  അച്ഛന്‍റെ കൈപിടിച്ചു വന്ന അവള്‍ സദസ്യരെ നോക്കി കൈ കൂപ്പിയത്  അനിയത്തിയോടോപ്പം നിന്ന തന്‍റെ നേര്‍ക്കായിരുന്നു.  താലികെട്ട് കാണാന്‍ നില്‍ക്കാതെ അനിയത്തിയുമായി വീട്ടിലേയ്ക്ക് മടങ്ങി. 

അടുത്ത ദിവസം രാജനെ കണ്ടപ്പോള്‍ അവന്‍ ഒരു കവര്‍ കയ്യിലേയ്ക്ക് വച്ചുതന്നു.  എന്താന്ന്‍ ചോദിച്ച പ്പോള്‍ തുറന്നു നോക്കാന്‍ പറഞ്ഞു.  നോക്കിയപ്പോള്‍ ദേവൂന്‍റെ ഫോട്ടോയാണ്…. അവന്‍റെ സ്റ്റുഡിയോയില്‍ നിന്നായിരുന്നു കല്യാണ ഫോട്ടോ എടുത്തിരുന്നത്.  വിവാഹതലേന്നത്തെ ഫോട്ടോയാണ്.  മുഖത്താകെ വിഷാദഭാവം.  നെഞ്ച് പൊട്ടുന്ന വേദനയോടെ അത് തിരികെ കവറില്‍ തന്നെ വച്ചു.

രണ്ടു വര്‍ഷം കഴിഞ്ഞു….., ലീവിന് വന്നപ്പോള്‍ അമ്പലത്തില്‍ വച്ച് ദേവുവിനെ കണ്ടു.  വല്ലാതെ ക്ഷീണിച്ചിരിക്കുന്നത് പോലെ തോന്നി.  മുഖപ്രസാദം തീരെയില്ല.  അവള്‍ അടുത്ത് വന്നു ‘കുട്ടേട്ടന്‍ എന്നാ വന്നതെന്ന് ‘ചോദിച്ചപ്പോള്‍  അറിയാതെ ഒന്ന് ഞെട്ടി.  കുട്ടന്‍ എന്ന് അമ്മ മാത്രമേ വിളിക്കൂ… കുട്ടേട്ടനെ ഒന്ന് കണണ മെന്ന്‍  കുറച്ചു ദിവസമായി വിചാരിക്കുന്നു.  എന്നുവരും എന്ന് നന്ദയോട് ചോദിക്കാനി  രുന്നതാ….ഒറ്റ ശ്വാസത്തില്‍ ഇത്രയും പറഞ്ഞിട്ട് അവള്‍ തന്‍റെ മുഖത്തേയ്ക്ക് നോക്കി നിന്നു.  ആ കണ്ണുകളില്‍ തന്നെ കാണുമ്പോഴുണ്ടായിരുന്ന  ആ തിളക്കം ഇപ്പോഴില്ല. സുഖമാണോ? താന്‍ ചോദിച്ചു.. അവള്‍  ഒന്ന്‍ ചിരിച്ച പോലെ തോന്നി…ഞാന്‍ പൊയ്ക്കോട്ടേ , ഒന്നും ഓര്‍ത്ത് വിഷമിക്കരുത്,അത്രയും പറഞ്ഞു കഴിഞ്ഞ് നിറഞ്ഞു വരുന്ന കണ്ണുകള്‍ താഴ്ത്തി തിരിഞ്ഞു നടന്നു.   ആ പോക്ക് നോക്കി കുറച്ചുനേരം അങ്ങനെ തന്നെ നിന്നു… നടക്കുമ്പോഴുള്ള ആ മുടിയുടെ താളം , അവളെ ആദ്യമായി കണ്ട ദിവസം പോലെ…….

കോളേജ് വിട്ടുവന്ന അനിയത്തിയോട് ചോദിച്ചു, ദേവൂന് എന്തെങ്കിലും വിഷമം ഉണ്ടോന്ന് ….ഒന്നും അറിയില്ല ചേട്ടാ, അവള്‍ ഒന്നും പറഞ്ഞിട്ടില്ല, എന്നവള്‍ പറഞ്ഞൊഴിഞ്ഞു..  നാളെ രാജനെ കണ്ടൊന്നു തിരക്കണം മനസ്സില്‍ ഓര്‍ത്തു.  

അടുത്ത ദിവസം രാവിലെ പുറത്ത് പോയി വന്ന അനിയന്‍ പറഞ്ഞു ചേച്ചിയുടെ കൂട്ടുകാരിയെ കാണാതായെന്നു പറഞ്ഞു എല്ലായിടത്തും തിരച്ചില്‍ നടത്തുന്നു.  അത് കേട്ട് ഞെട്ടിപ്പോയി…. അവള്‍ എവിടെ പ്പോകാനാ?....

ഡ്രസ്സ്‌ മാറി പുറത്തേയ്ക്കിറങ്ങി.  സ്റ്റുഡിയോയില്‍ ചെന്ന്‍ രാജനെ കണ്ടു.  തന്‍റെ ചോദ്യങ്ങളില്‍ നിന്നും  അവന്‍ ആദ്യം  ഒഴിഞ്ഞുമാറി യെങ്കിലും പിന്നെ പതിയെ എല്ലാം പറഞ്ഞു.  പുഴയില്‍ കിടപ്പുണ്ടായിരുന്നു.  പോസ്റ്റ്‌ മോര്‍ട്ടം ചെയ്യാനായി കൊണ്ടുപോയി.   അവളുടെ ഭര്‍ത്താവ് എല്ലാദുശീലങ്ങളും ഉള്ളൊരു സംശയരോഗി.  വീട്ടുകാരും സ്വത്തിനും പണത്തിനും പുറകെ പായുന്നവര്‍.  സഹികെട്ട് വീട്ടിലേയ്ക്ക്  വന്നിട്ടിപ്പോള്‍ ഒരാഴ്ചയായി, കെട്ടിച്ചുവിട്ട പെണ്ണ് വീട്ടില്‍ നില്‍കുന്നത് അഭിമാനത്തിന് കുറവാന്നും പറഞ്ഞ് ഇന്നലെ അവളുടെ അച്ഛന്‍ തിരികെ കൊണ്ടാക്കി.. .. മിക്കവാറും അവന്‍ തല്ലികൊന്ന്‌  പുഴയില്‍ ഇട്ടതാവും….

നെഞ്ച് തകര്‍ന്ന് വീട്ടിലെത്തി.  അവളില്ലാത്ത ലോകം തനിക്കും വേണ്ടന്ന്‍ തീരുമാനിച്ചാണ് രാത്രി മുറിയില്‍ നിന്ന്‍ പുറത്തിറങ്ങിയത്.   പുറത്തേയ്ക്കുള്ള വാതില്‍ തുറക്കാന്‍ തുടങ്ങിയതും പുറകില്‍ നിന്നും രണ്ട്‌ കൈകള്‍ തന്നെ ബലമായി ചുറ്റിപിടിച്ചു.  “അവളുടെ ആത്മാവ് സഹിക്കില്ല ചേട്ടാ”…. ചേട്ടനെ ഒന്നും അറിയിക്കരുതെന്നവള്‍ പറഞ്ഞിരുന്നു.  ആര്‍ത്തലച്ചുള്ള കരച്ചിലിനിടയില്‍ അവള്‍ എന്തൊക്കെയോ പറഞ്ഞുകൊണ്ടിരുന്നു.  ഒടുവില്‍ അവളുടെ കയ്യില്‍ സത്യം ചെയ്യിച്ചു, ദേവുവിനെ മറന്ന് ഒന്നും ചെയ്യില്ലന്ന്.  

വര്‍ഷങ്ങള്‍ ഇത്രയും കടന്നുപോയിട്ടും എല്ലാം ഇന്നലത്തെ പോലെ…….. നിറഞ്ഞു തുളുംമ്പാറായ മിഴികളും, തന്നെ കാണുമ്പോഴുള്ള അതിന്‍റെ തിളക്കവും,, പിന്തിരിഞ്ഞു നടക്കുമ്പോഴുള്ള മുടിയുടെ താളവും എല്ലാം……എല്ലാം…..

എഴുന്നേറ്റ് മുറിയിലേയ്ക്ക് നടന്നു.  അലമാര തുറന്നു രാവിലെ വച്ച ആ കവര്‍ പുറത്തെടുത്തു.  കട്ടിലിലേയ്ക്ക് ഇരുന്ന ശേഷം മെല്ലെ കവര്‍ തുറന്ന്‍ ആ ഡ്രസ്സ്‌ പുറത്തേയ്ക്കെടുത്തു. …കൂടെ ആ ഫോട്ടോയും പേനയും….എല്ലാം കൂടി വാരി നെഞ്ചോട് ചേര്‍ത്ത് പിടിച്ചുകൊണ്ട് കട്ടിലിലേയ്ക്ക് വീണു…..  അപ്പോഴേയ്ക്കും ആ ചന്ദനസുഗന്ധം അവനെ വാരിപ്പുണര്‍ന്നു…………

# story by vaidehi

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക