Image

"പിറ "യിലെ അകകാഴ്ച്ചകൾ (ഡോ.സ്മിതാ ഡാനിയേൽ)

Published on 08 December, 2022
"പിറ "യിലെ അകകാഴ്ച്ചകൾ (ഡോ.സ്മിതാ ഡാനിയേൽ)

ആദിത്ത് കൃഷ്ണ ചെമ്പത്ത് തിരക്കഥ, സംവിധാനം നിർവ്വഹിച്ച ഹ്രസ്വചിത്രമാണ് "പിറ" 2022-ലെ സ്വിറ്റ്സർലാൻ്റ് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലേയ്ക്ക് ഔദ്യോഗിക ക്ഷണം ലഭിച്ച ഹ്രസ്വ ചിത്രമെന്ന നിലയിൽ ഇതിന് ഏറെ പ്രസക്തിയുണ്ട്. അനാഥമാക്കപ്പെടുന്നതും ചൂഷണത്തിനിരയാകുന്നതുമായ ബാല്യകാല ജീവിതാനുഭവങ്ങൾ ഒട്ടും അന്യമല്ലാത്ത സമകാലത്തിൽ ഇതേ വിഷയം ഏറെ പുതുമയോടെ ആദിത് അവതരിപ്പിക്കുന്നു.

അമ്മ തുമ്പി കുട്ടികളോട് കഥ പറയുന്ന രീതിയിലാണ് ചിത്രം ആരംഭിക്കുന്നത്. ശേഷം കാണിക്കുന്ന തീവണ്ടി യുടെ വരവും പോക്കും ജീവിതത്തെ പ്രതിനിധാനം ചെയ്യുന്നു. ബാങ്ക് വിളിയെ തുടർന്ന് പ്രാർത്ഥനയ്ക്കായി കടന്നു പോകുന്ന കടക്കാരൻ, കട താഴിട്ട് പൂട്ടി അവിടെ വെച്ചിട്ട് പോകുന്നു. റെയിൽപ്പാളത്തിലൂടെ ഇഴഞ്ഞു നീങ്ങുന്ന അട്ടയുടെ സൂക്ഷ്മ ദ്യശ്യം ഒരു ദുഃസൂചനയായി നിഴലിക്കുന്നു. റെയിൽപ്പാളത്തിലൂടെ നടന്ന കലുന്ന കൗമാര പ്രായത്തിലെത്തിയ പെൺകുട്ടിയും ഒരു ബാലനും മരച്ചുവട്ടിലിരുന്ന് തുമ്പിയുടെ ബാക്കി കഥ പറയുന്നതാണ് അടുത്ത ദൃശ്യം.പെയ്തു തോർന്ന മഴയുടെ ആർദ്രതയ്ക്കു പിന്നിൽ കുട്ടികൾ ഒരു ഇഷ്ടിക നിർമ്മാണ ശാലയിലേക്ക് പ്രവേശിച്ചു. സമയം വൈകുന്നതോർത്ത് കുട്ടികളെ കാത്തു നിന്ന അതിൻ്റെ ഉടമ അവരെ രൂക്ഷമായി നോക്കി. ഉള്ളിലേക്ക് കടന്ന ഇരുവരും അവിടെ പണിയെടുക്കുകയാണ്.ഇതിനിടെ അവിടെ ജോലി ചെയ്യുന്ന യുവാവായ മറ്റൊരുവൻ ഈ പെൺകുട്ടിയെ വല്ലാതെ നിരീക്ഷിക്കുന്നു. ഇഷ്ടിക നിർമ്മാർണത്തിലേർപ്പെട്ട കുട്ടികൾക്ക് വൈകുന്നേരം തുച്ഛമായ കൂലി എണ്ണികൊടുക്കുന്നു. മധ്യ വയസ്കനായ ഉടമ പെൺകുട്ടിയുടെ കവിളിൽ ബലാൽക്കാരമായി പിടിക്കുന്നു. അവൾ അവിടെ നിന്നും കുതറി മാറി..

ചിത്രത്തിനിടയ്ക്ക് അമ്മ തുമ്പിയുടേയും കുഞ്ഞു തുമ്പിയുടെയും കഥ സംഭാഷണ രൂപത്തിൽ സന്ദർഭാ ചിത്രം ഉൾച്ചേർത്തിരിക്കുന്നത് ഹൃദ്യമാണ്, പൂക്കൾ മാത്രം വിരിയുന്ന തേൻകാട് അന്വേക്ഷിച്ച് കുഞ്ഞു തുമ്പികളെ തനിച്ചാക്കി പറന്നകലുന്ന അമ്മത്തുമ്പി ഈ കുഞ്ഞുങ്ങളുടെ അമ്മയാണെന്ന് ചിത്രത്തിൻ്റെ അവസാനം മനസ്സിലാകുന്ന രീതിയിൽ ചിത്രീകരിച്ചിട്ടുണ്ട്. കിണറ്റിൽ നിന്ന് വെള്ളം കോരി നില്കുന്ന കുട്ടികളുടെ സംഭാഷണത്തിൽ നിന്നും പിറ്റേ ദിവസം ആ ഇഷ്ടിക നിർമ്മാണ ശാലയിൽ പോലീസുകാരുടെ പരിശോധനയുണ്ടെന്നും അതിനാൽ അന്ന് അവധിയാണെന്നും വ്യക്തമാകുന്നു. പോലീസുകാർ വന്നാൽ എന്താണ് പ്രശ്നമെന്ന് ചോദിക്കുന്ന ആൺകുട്ടിയോട് പെൺകുട്ടി ഇങ്ങനെ പ്രതിവചിച്ചു. " അവരുടെ കൈയ്യിൽ കിട്ടിയാൽ അവർ നമ്മളെ ജയിലിലേക്ക് പിടിച്ചു കൊണ്ടു പോകും " ജയിൽ തനിക്ക് പേടിയാണെന്ന് പെൺകുട്ടി പറഞ്ഞു. ബാലന് ജയിൽ പേടിയില്ലെന്ന് ദൃഢചിത്തനായി പറഞ്ഞു. കാരണം ജയിലിൽ അവൻ്റെ അമ്മയുണ്ടെന്നതാണ് .മാതൃസ്നേഹത്തിനായി ദാഹിക്കുന്ന ബാല്യത്തിൻ്റെ ഹൃദ്യമായ ചിത്രീകരണമാണിതിൽ പ്രതിഫലിക്കുന്നത്.

ഒരു കെട്ടിടത്തിൻ്റെ മുകളിലത്തെ നിലയിൽ നിലത്ത് കിടന്നുറങ്ങുന്ന ബാലൻ്റെ അരികിലേക്ക് ഒടുവിൽ അവൻ്റെ കാശ് തട്ടിയെടുത്ത് മടങ്ങുന്നു. മറഞ്ഞു നില്ക്കുന്ന പെൺകുട്ടിയുടെ ദൃശ്യം ഉള്ളിലെ ഭയത്തെ തുറന്നു കാട്ടുന്നതാണ്. തുമ്പികളുടെ കഥാ തുടർച്ചക്ക് ചിത്രീകരണം വഴിമാറുന്നു. കുട്ടി തുമ്പികളെ വിടെയാണ് ? എന്ന ചോദ്യത്തിനുത്തരം ബാലന് അമ്മയുമായുള്ള ഓർമ്മകളിലൂടെ യാണ് ഇതൾ വിരിയുന്നത്. കഥ പറഞ്ഞ് അവസാനിക്കുന്നത് കഴുകന്മാർ കുഞ്ഞു തുമ്പികളെ കൊത്തിത്തിന്നു.. എന്നാണ്. കഥ പറഞ്ഞിരുന്ന കുട്ടികളെ യുവാവായ ഇഷ്ടിക പണിക്കാരൻ പിന്തുടരുന്ന ഇടത്താണ് ചിത്രത്തിൻ്റെ പരിസമാപ്തി.

കാലിക പ്രാധാന്യവും ഗൗരവവുമായ വിഷയത്തിൻ്റെ ഹൃദയഭേദകമായ അവതരണമാണ് "പിറ " യിലൂടെ സാധ്യമായിരിക്കുന്നത്. അനാഥമാക്കപ്പെടുന്ന ബാല്യത്തിൻ്റെ കാരണങ്ങൾ തേടാന് തുമ്പികളുടെ കഥ പറച്ചിൽ കൊണ്ടുവന്നത് വേറിട്ട അനുഭവമായി. ബാങ്ക് വിളി പ്രാർത്ഥനാസമയ സൂചകമായണിതിൽ ചിത്രീകരിച്ചിരിക്കുന്നത്. ഇതിൽ മറ്റൊരു സങ്കേതം സ്വീകരിക്കാമായിരുന്നു. മതത്തിനതീതമായ ചിന്തകൾക്കിടം നല്കാനത് ഉപയുക്തമാകും. തുമ്പികളും പൂക്കളും തേൻ കാടും ഒക്കെ തേടുന്ന നിർമ്മല ബാല്യത്തിലേക്ക് കടന്നു വരുന്ന കഴുകന്മാരായ സമൂഹിക വിരുദ്ധരെ കാണിക്കുന്നു. ഏതായാലും തുടർക്കഥയായി മാറുന്ന ബാല പീഡന ചരിത്രത്തിൻ്റെ നേർ ചിത്രമാണ് ആദിത്ത് കൃഷ്ണയുടെ "പിറ " എന്ന ഹ്രസ്വചിത്രം.

# Pira - short film riview

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക