Image

സുരബാല (നോവൽ -1:വൈക്കം സുനീഷ് ആചാര്യ)

Published on 08 December, 2022
സുരബാല (നോവൽ -1:വൈക്കം സുനീഷ് ആചാര്യ)

മുംബൈ നഗരത്തിലെ 'ആർട്ട്‌ സിറ്റി' എന്നറിയപ്പെടുന്ന കാലാഘോഡ..  നൂറ് കണക്കിന് പ്രശസ്തരായ ചിത്രകാരന്മാരെ സംഭവന ചെയ്ത സ്ഥലം.. വർണ്ണങ്ങളിൽ വിസ്മയം തീർക്കുന്നവർ ജീവിതത്തിൽ ഒരിക്കലെങ്കിലും അവിടെയുള്ള ഗാലറികളിൽ ചിത്രപ്രദർശനം നടത്തണമെന്ന് ആഗ്രഹിച്ചിട്ടുണ്ടാകും.

 കാലാഘോഡയിലെ പ്രശസ്തമായ  ജഹാംഗീർ ആർട്ട് ഗാലറിയിൽ .... മലയാളിയായ ചിത്രകാരി
സുരബാലയുടെ ചിത്രപ്രദർശനം നടക്കുകയാണ്. വിദേശിയരും ധാരാളം എത്തിയിട്ടുണ്ട്. സുരബാല ഗുരുസ്ഥാനീയനായി കരുതുന്ന പ്രശസ്ത ചിത്രകാരൻ മംഗൾ ദാസ് ആയിരുന്നു ഉദ്ഘാടകൻ.

'' ഓരോ ചിത്രങ്ങളും മികച്ച് നിൽക്കുന്നു സുരബാലാ, ജീവൻ തുടിക്കുന്ന അവയിൽ നിന്ന് കണ്ണെടുക്കാനേ തോന്നുന്നില്ല''
ചിത്രങ്ങളൊക്കെയും ചുറ്റി നടന്നുകണ്ട് മംഗൾദാസ് സുരബാലയെ  അഭിനന്ദിച്ചു

"സർ വന്നതിൽ  വളരെ സന്തോഷം" സുരബാല പറഞ്ഞു.

"നീ വിളിച്ചാൽ വരാതിരിക്കുമോ സുരബാല....ചിത്രങ്ങളുടെ ലോകത്ത് നീ ഇനിയും ഉയരങ്ങളിലെത്തും ".

 മംഗൾ ദാസ് പുഞ്ചിരി തൂകിക്കൊണ്ട് പറഞ്ഞു.

 "എങ്കിൽ ഞാൻ ഇറങ്ങിക്കോട്ടെ മോളെ. കൊൽക്കത്തയിൽ എനിക്ക് ഇന്നുതന്നെ എത്തണം. ഇനിയും വൈകിയാൽ എയർ പോർട്ട്‌ എത്താൻ വൈകും. ഫ്ലൈറ്റ് കിട്ടില്ല ".

ദാസ് കൈകൾ കൂപ്പി എല്ലാവരോടുമായി യാത്ര പറഞ്ഞു.

"ശരി സർ "

സുരബാല അദ്ദേഹത്തെ അനുഗമിച്ചു. അപ്പോഴാണ് ജേർണലിസ്റ്റ് ജയദേവ് വാര്യറും ഫോട്ടോഗ്രാഫർ ജൈസിലും അങ്ങോട്ടേക്ക് ഓടിയെത്തിയത്

 "സാർ... സാർ  ഒരു ഫോട്ടോ എടുത്തോട്ടെ, നാളത്തെ വാർത്തയിൽ കൊടുക്കാനാണ്"

ജൈസിൽ സുരബാലയും മംഗൾ ദാസും നിൽക്കുന്ന ഫോട്ടോ പകർത്തി.  മംഗൾ ദാസ് ഒരിക്കൽ കൂടി എല്ലാവരോടും യാത്ര പറഞ്ഞ് പുറത്തേക്കിറങ്ങി.

"രാവിലെ ചീഫ് മിനിസ്റ്ററുടെ പത്ര സമ്മേളനം, അതാ അല്പം വൈകിയത് സോറി  ഡിയർ " ജയദേവ് പറഞ്ഞു .

"ഉം.. ആയിക്കോട്ടെ ഇനി എക്സ്ക്യൂസ്‌ പറഞ്ഞു ബുദ്ധിമുട്ടണ്ട " സുരബാല അല്പം പരിഭവത്തോടെ പറഞ്ഞു. ജയദേവും സുരബാലയും സുഹൃത്തുക്കളാണ്.  സുരബാലയെ ജയദേവിന് ഇഷ്ടവുമാണ്. എന്നാൽ അവൾ സമ്മതം മൂളിയിട്ടില്ല. നാട്ടിൽ അമ്മയും ഓട്ടിസം ബാധിച്ച ഒരു അനുജനുമുണ്ട് അവൾക്ക് . അനിയൻ ആർക്കും ഒരു ബാധ്യത ആകണ്ടന്ന് കരുതിയാണ് ഒരു വിവാഹത്തിനും സമ്മതിക്കാതിരുന്നത്.

 ചിത്രങ്ങൾ  കണ്ടു കഴിഞ്ഞപ്പോൾ ജയദേവ് പറഞ്ഞു.

"ഞാൻ നാട്ടിൽ പോകുന്നു. രാവിലെ ഫ്ലൈറ്റ്."

"അതെന്താ പെട്ടെന്ന്'' സുരബാല ആകാംക്ഷയോടെ ചോദിച്ചു.

"അമ്മക്ക് നിർബന്ധം കാണണമെന്ന്. കഴിഞ്ഞ ദിവസം തലകറങ്ങി വീണു".

അപ്പോളേക്കും എക്സിബിഷൻ മാനേജർ അങ്ങോട്ട് വന്നു

 "മേഡം, ആ രണ്ടു പടങ്ങൾ സായിപ്പിന് ബോധിച്ചു. ക്യാഷ് ബാങ്ക് അക്കൗണ്ട് മുഖേന തരും "

"ഓ കെ ,വേണ്ടത് ചെയ്യൂ "

 "എങ്കിൽ പോയി വരൂ. അനിയനുള്ള ഒരു മെഡിസിൻ വീട്ടിൽ കൊടുക്കുമോ'', മാനേജർ പോയപ്പോൾ സുരബാല ജയ ദേവിനോട്  പറഞ്ഞു.

"അതിനെന്താ.. എനിക്ക് അവരെ ഒന്ന് കാണുകയും ചെയ്യാലോ. ഇപ്പോൾ കുറച്ചു ഷോപ്പിംഗ് ഉണ്ട്. വൈകിട്ട് തന്റെ ഫ്ലാറ്റിൽ വരാം ".

പറഞ്ഞിട്ട് ജയദേവ് യാത്ര പറഞ്ഞിറങ്ങി.
സുരബാല പ്രദർശനത്തിന്റെ തിരക്കുകളിലേക്ക് പോയി.

                        ***   ***  ***

വൈകുന്നേരം ചെറിയ മഴ ചാറുന്നുണ്ടായിരുന്നു. ജയദേവ് സുരബാലയുടെ ഫ്ലാറ്റിലെത്തുമ്പോൾ ഏതാണ്ട് ഏഴുമണിയായി. മെഡിസിൻ പൊതിഞ്ഞു വെച്ചിട്ടുണ്ടായിരുന്നു.

"ഒരു ചായ കുടിച്ചാലോ, സുരബാല ചോദിച്ചു  "

"വേണ്ട.., ഞാൻ ഇപ്പോൾ കുടിച്ചിട്ടാണ് ഇറങ്ങിയത് ,  വീട്ടിൽ വേറെ എന്തെങ്കിലും വിശേഷം "

"എന്ത് വിശേഷം.. വിശേഷങ്ങൾ ജയദേവിന് അറിയാലോ. ജയദേവിന്റെ അമ്മ എന്ത് പറയുന്നു ഇപ്പോൾ അമ്പലത്തിൽ പോക്കുണ്ടോ "

"പിന്നെ.. മുടങ്ങാതെ പോകുന്നുണ്ട്.... വെളുപ്പിന് വെള്ളം ചൂടാക്കി കുളിച്ചു പോകും. എന്റെ വിവാഹം നടന്ന് കിട്ടാൻ ഉമാമഹേശ്വര പൂജ നടത്താൻ "

"പാവം അമ്മ.. അല്ലെ " സുരബാല പറഞ്ഞു.

"എങ്കിൽ ഞാനിറങ്ങട്ടെ, രാവിലെ ഫ്ലൈറ്റ്.. കുറച്ചു പണിയുണ്ട് ഫ്ലാറ്റിൽ ചെന്നിട്ട്  "

വാതിൽ തുറന്നു പോകാൻ ഇറങ്ങിയതും സുരബാല വിളിച്ചു.

"ജയദേവ്.."

വാതിലിൽ പിടിച്ചു കൊണ്ട് തന്നെ ജയദേവ് ചോദിച്ചു.

"എന്താ ബാല... എന്തേലും പറയാൻ മറന്നോ "
"ഉവ്വ്‌... ഒരു കാര്യം പറയാൻ മറന്നു... അമ്മയോട്...ഇനി വെളുപ്പിന് എഴുന്നേറ്റ് വെള്ളം ചൂടാക്കണ്ടന്ന് പറഞ്ഞേക്കു".

ജയദേവ് ആകെ അമ്പരന്നു നിൽക്കുന്നത് കണ്ടപ്പോൾ സുരബാല ചിരിച്ചു കൊണ്ട് പറഞ്ഞു.
" ജയദേവിനൊപ്പമുള്ളൊരു ജീവിതം ഞാനും സ്വപ്നം കാണുന്നു ,എനിക്കിഷ്ടമാണ്  ജയദേവ്.... " മുഴുമിപ്പിക്കാതെ അവൾ പ്രണയാർദ്രമായി അയാളെ നോക്കി .

"അമ്മയോട് പറയൂ.. ഞാൻ വന്നിട്ട്.. നമുക്കൊരുമിച്ച് അമ്പലത്തിൽ  പോകാമെന്ന് "

ജയദേവിന് സന്തോഷം അടക്കാനായില്ല. സുരബാലയുടെ മുഖം സന്തോഷം കൊണ്ട് വിടർന്നിരുന്നു.

ജയദേവ് സുരബാലയുടെ സമീപത്തേക്ക് ചെന്നു. എപ്പോഴും ഗൗരവം നിറഞ്ഞിരുന്ന അവളുടെ കണ്ണുകളിൽ പ്രണയത്തിന്റെ തിരയിളക്കം കണ്ടു.

"സുരബാല... ഈ ഒരു നിമിഷം ഞാൻ എന്നും സ്വപ്നം കണ്ടിരുന്നു "

"അറിയാം ജയദേവ്.. പക്ഷെ സ്വപ്‌നങ്ങൾ എന്റെ മനസ്സിൽ നിന്ന് അന്യമായിട്ട് നാളുകളായി. ഒരുപാട് ആലോചിച്ചു.. ഒടുവിലാണ് തുറന്നു പറയാമെന്നു കരുതിയത് "

പുറത്തു പെയ്യുന്ന മഴയുടെ താളം അവരുടെ പ്രണയ നിമിഷങ്ങൾക്ക് പശ്ചാത്തല സംഗീതമായി മാറി. നാളുകളായി മനസ്സിൽ കൊണ്ടുനടന്ന പ്രണയത്തിന് അവൾ സമ്മതം മൂളിയപ്പോൾ ഈ പ്രപഞ്ചം മുഴുവനും സ്വന്തമായത് പോലെ തോന്നി ജയദേവിന്. എത്രയോ മഴരാവുകളിൽ ആഗ്രഹിച്ചതാണ് ഈ നിമിഷങ്ങൾ.

അവൻ വീണ്ടും യാത്ര പറഞ്ഞ് പോകാൻ തിരിഞ്ഞപ്പോൾ അവൾ ജയദേവിന്റെ കൈകളിൽ പിടിച്ചു. അവൻ തിരിഞ്ഞതും സുരബാല അവന്റെ നെഞ്ചിലേക്ക് വീണു. ലോകത്ത് എങ്ങുമില്ലാത്ത സുരക്ഷിതത്വം തോന്നി അവൾക്ക്..

ജയദേവ് അവളെ കരങ്ങൾക്കുള്ളിലാക്കി . നിമിഷങ്ങൾ കടന്നു പോയതറിഞ്ഞില്ല. കൈകളിൽ നിന്ന് സ്വതന്ത്രയാക്കിയപ്പോൾ അവൾ നാണത്താൽ നമ്രശിരസ്കയായി നിന്നു.

ജയദേവ് അവളുടെ മുഖം കൈകൾ കൊണ്ടു കോരിയെടുത്തു. ഇമ വെട്ടുന്ന അവളുടെ മയിൽപ്പീലിക്കണ്ണുകളിൽ അമർത്തി ചുംബിച്ചു.

"വേഗം വീട്ടിൽ പോയി വരൂ "അവൾ പറഞ്ഞു .

ജയദേവ് യാത്ര പറഞ്ഞ് പുറത്തിറങ്ങി. ടാക്സിയിൽ ഇരിക്കുമ്പോഴും ആ രംഗം ഓർത്തിരിക്കുകയായിരുന്നു അയാൾ . പെട്ടിയിൽ സാധനങ്ങൾ അടുക്കി വെക്കുമ്പോളും ജയദേവിന്റെ മനസ്സിൽ സുരബാലയുടെ ചിരിച്ചു നിൽക്കുന്ന ആ മുഖം ആയിരുന്നു. എത്രയോ നാളായി കേൾക്കാൻ കൊതിച്ച വാക്കുകൾ. രാത്രി വൈകിയിട്ടും  ജയദേവിന് ഉറക്കം വന്നില്ല. ക്ഷീണം  കൊണ്ട് എപ്പോഴോ ഉറങ്ങിപ്പോയി.

 രാവിലെ മൈബൈൽ റിംഗ് ചെയ്യുന്നത്  കേട്ടാണ് ചാടിയെണീറ്റത്. ഫോട്ടോഗ്രാഫർ ജൈസിൽ ആയിരുന്നു.
 
"വേഗം ടീവി ഓൺ ചെയ്തു നോക്ക്.. ഫ്ലാഷ് ന്യൂസ്‌ "

പറഞ്ഞതും ഫോൺ കട്ട്‌ ചെയ്തു. ജയദേവ് ഹാളിലേക്ക് ചെന്നു. റിമോട്ട് എടുത്ത് ടീവി ഓൺ ചെയ്തു.  വാർത്ത കണ്ടതും ജയദേവ്  ഞെട്ടിപ്പോയി.... ഫ്ലാഷ് ന്യൂസ്‌

'പ്രശസ്ത ചിത്രകാരി സുരബാല ഫ്ലാറ്റിൽ മരിച്ച നിലയിൽ '

(തുടരും )

# Surabala- novel written by vaikom sunish acharya

Join WhatsApp News
Rakhi 2022-12-09 09:30:28
Super story
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക