Image

ഞാനിടങ്ങൾ (കവിത: സിംപിൾ ചന്ദ്രൻ)

Published on 09 December, 2022
ഞാനിടങ്ങൾ (കവിത: സിംപിൾ ചന്ദ്രൻ)

ഇനി നിന്റെ മുറി അടിച്ചുവാരുമ്പോൾ
നീയൊരു സൂക്ഷ്മദൃക്കാവണം!
സമയം പൊടിപൊതിഞ്ഞുവെങ്കിലും
ഏതെങ്കിലുമൊരു കോണിൽ നിന്ന്
എന്റെയൊരു മുടിയിഴ കിട്ടിയേക്കാം
അല്ലെങ്കിലൊരു തിളങ്ങുന്ന ചെറുമുത്ത്,
ഉടുപ്പിലെ ചിത്രത്തുന്നലിൽ നിന്ന്
അറിയാതൂർന്നു പോയത്.
നീയതു കണ്ടെടുക്കുമ്പോൾ
എന്റെ കൈപിടിച്ച് നീയൊരു
ഓർമ്മക്കിണറിലേക്ക് തെന്നിവീഴും! 
ആ മുടിവേരിലൂടെ പിന്നോട്ടു നടന്ന്,
മുത്തൊട്ടിയിരുന്ന ഉടുപ്പിലൂടെ കടന്ന്,
നീയെന്റെ ഉടൽരാജ്യത്തിലെത്തിച്ചേരും.
അവിടെ ഉപ്പും മധുരവും ചുവയ്ക്കുന്ന
മഴനനവിൽ നിന്ന്
കണ്ണീരും വിയർപ്പും വേർതിരിച്ചെടുക്കാൻ
നീ പരിശ്രമിച്ചുകൊണ്ടിരിക്കും
എന്റെ മണം നിറയ്ക്കാൻ
ശ്വാസകോശത്തെ തുറന്നുവച്ചിരിക്കും
എന്റെ ചിരിയും കരച്ചിലും
തീരാത്ത പരിഭവവും 
പുറത്തുപോയി മായാതെ
കാതുകൾ അടച്ചുപിടിച്ചിരിക്കും
'രംഗബോധമില്ലാത്ത പ്രണയിനി'യെന്ന
എപ്പോഴുമുള്ള നിന്റെ ശാസനയെ
'മരിച്ചാലും പ്രണയിക്കു'മെന്നൊരു
മറുപടിയുമ്മ കൊണ്ട് ഞാൻ
മൂടിവച്ചിരുന്നതെവിടെയെന്ന്
നീ പരതിക്കൊണ്ടിരിക്കും
ഞാനപ്പോൾ സങ്കടത്താൽ വിങ്ങിനിന്ന് 
നീയറിയാതെ നിന്നെ ഗാഢം പുണരും!
പെറ്റുപെരുകാനൊരു മയിൽപ്പീലി
പുസ്തകത്താളിലൊളിപ്പിച്ചിരുന്ന
കുട്ടിക്കാലത്തെന്നപ്പോലെ 
ഒടുവിൽ നീയെന്നെ ശ്രദ്ധയോടെ
നിന്റെ നോട്ടുപുസ്തകത്തിന്റെ
എഴുതാത്ത താളിലൊളിപ്പിച്ച്
തലയണക്കീഴിലേക്ക് കരുതുമ്പോൾ
ഞാനതിലൊരു കവിതയായി നിറയും !
അവിടെയിരുന്ന് ഞാൻ,
എന്നോളം പ്രണയം പുതച്ച്
നീയുറക്കത്തിലാഴും വരെ
നിന്റെ എണ്ണ തേക്കാത്ത മുടിയെച്ചൊല്ലി
ചൂടുവാർന്ന കുളിവെള്ളത്തെച്ചൊല്ലി
പാതിവച്ചുപോയ അത്താഴത്തെച്ചൊല്ലി
നേരം വൈകിയ ഉറക്കത്തെച്ചൊല്ലി
കലഹിച്ചുകൊണ്ടേയിരിക്കും,
എന്നെയോർത്ത് ഉറങ്ങാതിരുന്ന
രാവുകളെച്ചൊല്ലി മാത്രം
ഞാൻ നിന്നോട് കലഹിക്കുകയില്ല..
അപ്പോഴാണല്ലോ ഞാൻ ജീവിച്ചിരുന്നത്!
അത്രമേൽ നിന്റെ പ്രണയത്തിൽ
അലിഞ്ഞു ചേർന്നിരുന്നത്!

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക