Image

അരിസോണ സെനറ്റർ കർസ്റ്റൻ സിനെമ  ഡെമോക്രാറ്റിക് പാർട്ടി വിട്ടു സ്വതന്ത്രയായി 

Published on 09 December, 2022
അരിസോണ സെനറ്റർ കർസ്റ്റൻ സിനെമ  ഡെമോക്രാറ്റിക് പാർട്ടി വിട്ടു സ്വതന്ത്രയായി 

ഡെമോക്രാറ്റിക് പാർട്ടി യുഎസ് സെനറ്റിൽ ഉറപ്പുള്ള ഭൂരിപക്ഷം നേടിയതിനു തൊട്ടു പിന്നാലെ അരിസോണയിൽ നിന്നുള്ള സെനറ്റർ കർസ്റ്റൻ സിനെമ  പാർട്ടി വിട്ടു സ്വതന്ത്ര അംഗമായി റജിസ്റ്റർ ചെയ്തു. എന്നാൽ താൻ റിപ്പബ്ലിക്കൻ പാർട്ടിയിലേക്കു പോകുന്നില്ലെന്ന് അവർ വ്യക്തമാക്കി. 

സ്വതന്ത്രരായ ബെർണി സാന്ഡേഴ്സ് (വെർമണ്ട്), ആംഗ്‌സ് കിംഗ് (മെയിൻ) എന്നിവരെ പോലെ ഡെമോക്രാറ്റിക് പാർട്ടിയോട് ചേർന്നു നിന്നു തന്നെ പ്രവർത്തിക്കുമോ എന്നു അവർ വ്യക്തമാക്കിയില്ല. ഒരു പാർട്ടിയുടെയും ചട്ടക്കൂട്ടിൽ നില്ക്കാൻ കഴിയാത്തതു കൊണ്ടാണ് പാർട്ടി വിടുന്നതെന്നു പറഞ്ഞ അവർ പക്ഷെ ഡെമോക്രാറ്റിക് നേതൃത്വത്തിന്എതിരെ വിമർശനമൊന്നും ഉയർത്തിയില്ല.   

"സെനറ്റിൽ ഇതു കൊണ്ട് എന്തെങ്കിലും മാറ്റം ഉണ്ടാവുമെന്നു ഞാൻ കരുതുന്നില്ല," അവർ പറഞ്ഞു. ഡെമോക്രാറ്റിക് പാർട്ടി ഏല്പിച്ചു കൊടുത്ത കമ്മിറ്റി ചുമതലകൾ തുടരുമെന്നു സിനെമ വ്യക്തമാക്കി. "ഞാൻ വീണ്ടും സെനറ്റിൽ എത്തുമ്പോൾ കാര്യങ്ങൾ പഴയപടി തന്നെ ആവും," 2024 ൽ വീണ്ടും തിരഞ്ഞെടുപ്പ് നേരിടുന്ന സിനെമ പറഞ്ഞു. രണ്ടു കക്ഷികളോടും സഹകരിച്ചു പ്രവർത്തിക്കും. 

ചൊവാഴ്ച ജോർജിയയിൽ റഫായേൽ വാർനോക്ക് ജയിച്ചതോടെ 100 അംഗ ഉപരിസഭയിൽ 51 സീറ്റിൽ എത്തിയ ഡെമോക്രാറ്റുകൾക്കു  സിനെമയുടെ തീരുമാനം എത്ര ബുദ്ധിമുട്ടുണ്ടാക്കുമെന്നു ഇപ്പോൾ വ്യക്തമല്ല. സിനെമ സഹകരിച്ചാൽ പാർട്ടിക്കു ആ ഭൂരിപക്ഷത്തിന്റെ പ്രയോജനം തുടർന്നും കിട്ടും. ഇല്ലെങ്കിൽ അവർക്കു ഇപ്പോഴത്തെ 50-50 സഭയിലെപ്പോലെ വൈസ് പ്രസിഡന്റ് കമലാ ഹാരിസിന്റെ കാസ്റ്റിംഗ് വോട്ട് തുടർന്നും വേണ്ടി വരും. 

ഗ്രീൻ പാർട്ടി നേതാവായി തുടങ്ങിയ സിനെമ 'അരിസോണ റിപ്പബ്ലിക്ക്' പത്രത്തിൽ എഴുതിയ ലേഖനത്തിൽ തന്റെ നിലപാട് വിശിദീകരിച്ചു. "അരിസോണയിൽ പാർട്ടി രാഷ്ട്രീയം തള്ളിക്കളയുന്നവരുടെ എണ്ണം കൂടി വരികയാണ്. വാഷിംഗ്‌ടണിലെ പൊളിഞ്ഞ പാർട്ടി സംവിധാനത്തിൽ നിന്നു വിട്ടു നിൽക്കുന്ന അവരുടെ കൂടെ ചേരാനാണ് എനിക്കിഷ്ടം." 

ഡെമോക്രാറ്റുകളുടെ 51-49 ഭൂരിപക്ഷം സിനെമയുടെയും വെസ്റ്റ് വിർജീനിയ സെനറ്റർ ജോ മഞ്ചിന്റെയും സ്വാധീനം കുറയ്ക്കുമെന്ന വ്യാഖ്യാനങ്ങൾ ഉണ്ടായിരുന്നു. പ്രസിഡന്റ് ജോ ബൈഡന്റെ പല പദ്ധതികളിലും വെള്ളം ചേർക്കാൻ മുൻപ് ശ്രമിച്ചിട്ടുള്ള ഇവർ ഇരുവരെയും പാർട്ടിക്ക് നിലയ്ക്കു നിർത്താൻ കഴിയുമെന്ന കാഴ്ചപ്പാടും ഉണ്ടായി.  

സെനറ്റിലേക്കു 2024ൽ വീണ്ടും മത്സരിക്കുമോ എന്നാണ് 44 വയസ് മാത്രമുള്ള സിനെമ വ്യക്തമാക്കിയില്ല. ഡെമോക്രാറ്റിക് സെനറ്റ് നേതാവ് ചക്ക് ഷൂമറെ തന്റെ തീരുമാനം അറിയിച്ചെന്ന് അവർ പറഞ്ഞു. അദ്ദേഹവുമായി നല്ല ബന്ധമാണുള്ളത്. തന്റെ പ്രവർത്തനത്തിൽ മാറ്റം ഉണ്ടാവില്ലെന്നു ഷൂമറെ അറിയിച്ചിട്ടുണ്ട്. 

2024 ൽ ഡെമോക്രാറ്റിക് സ്ഥാനാർഥിയാവാൻ ശ്രമിച്ചാൽ പ്രൈമറികളിൽ സിനെമ കടുത്ത വെല്ലുവിളി നേരിടാം. 

Arizona Sen. Kyrsten Sinema leaves Democratic party 

 

Join WhatsApp News
Movie director Cinemark 2022-12-09 14:38:18
Let her change her name also to Cinema , to make America Great.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക