Image

പുരസ്‌കാര നിറവിൽ ഡോ. തങ്കമണി അരവിന്ദൻ:  നഴ്‌സിംഗ് അധ്യാപിക, കമ്യുണിറ്റി ആക്ടിവിസ്റ്റ് 

Published on 09 December, 2022
പുരസ്‌കാര നിറവിൽ ഡോ. തങ്കമണി അരവിന്ദൻ:  നഴ്‌സിംഗ് അധ്യാപിക, കമ്യുണിറ്റി ആക്ടിവിസ്റ്റ് 

മികച്ച നഴ്‌സിനുള്ള ഏഷ്യാനെറ്റ്  ന്യുസ് യു.എസ്.എ അവാര്‍ഡ് നേടിയ ഡോ. തങ്കമണി അരവിന്ദന്‍ മൂന്നു പതിറ്റാണ്ടായി നഴ്‌സിംഗ് അധ്യാപികയാണ്. ന്യൂജേഴ്‌സിയിലെ റട്‌ജേഴ്‌സ് യൂണിവേഴ്‌സിറ്റിയിൽ അഡ്‌ജംക്ട്  പ്രൊഫസറും ഹാക്കൻസാക്ക് മെറിഡിയൻ  മുഹ്‌ലെൻബെർഗ് സ്‌കൂളിലെ പ്രൊഫസറുമായ   ഈ കണ്ണൂര്‍ക്കാരി നഴ്‌സിംഗ് പഠനം ലക്ഷ്യമിട്ടപ്പോള്‍ വീട്ടുകാര്‍ എതിര്‍പ്പ് പ്രകടിപ്പിച്ചതാണ്. പരമ്പരാഗത രീതികള്‍ പിന്തുടരുന്ന  നായർ തറവാട്ടിൽ   നഴ്‌സിംഗിനോട് അത്ര പ്രതിപത്തിയില്ലായിരുന്നു. പക്ഷെ സേവനത്തിനുള്ള ഒരവസരമായി നഴ്‌സിംഗിനെ  കരുതി തങ്കമണി ഉറച്ച് നിന്നു.

അച്ഛന്‍ ശ്രീധരന്‍നായര്‍ എല്‍.ഐ.സി ഓഫീസറായിരുന്നതിനാല്‍ തമിഴ്‌നാട്ടിലായിരുന്നു ജനനവും വിദ്യാഭ്യാസവും. നഴ്‌സിംഗിൽ  മാസ്റ്റേഴ്‌സ് ബിരുദമെടുത്ത് ഒന്നര വര്‍ഷത്തെ ബെഡ് സൈഡ് സേവനത്തിനു ശേഷം കോയമ്പത്തൂര്‍ ശ്രീരാമകൃഷ്ണ നഴ്‌സിംഗ് കോളജില്‍ അധ്യാപികയായി. പത്തുവര്‍ഷം നാട്ടില്‍ നഴ്‌സിംഗ് പഠിപ്പിച്ചു.

അമേരിക്കയില്‍ 2001-ല്‍ എത്തിയപ്പോഴും അധ്യാപനത്തിലേക്കു  തന്നെ വാതില്‍ തുറക്കപ്പെട്ടു. തുടർന്ന് ചേംബർലെയ്ൻ  യൂണിവേഴ്‌സിറ്റിയിൽ നിന്ന്   ഡോക്ടർ ഓഫ് നഴ്സ് പ്രാക്ടീഷണർ ഇൻ ഹെൽത്ത്കെയർ  പി.എച്ച് ഡി  നേടി. 

ഭര്‍ത്താവ് അരവിന്ദന്‍ നമ്പ്യാര്‍ എലിവേറ്റര്‍ കമ്പനിയില്‍ എഞ്ചിനിയർ . രണ്ടു പുത്രന്മാര്‍. ഐ.ടി രംഗത്തുള്ള ശ്രീജിത്ത്, മെഡിക്കൽ  വിദ്യാര്‍ഥി ശ്രേയസ് എന്നിവര്‍.

ഇത്രയുമാണ് ലഘു ജീവചരിത്രം. അധ്യാപികയായി നൂറുകണക്കിന് നഴ്‌സുമാരെ വാര്‍ത്തെടുക്കുമ്പോഴും സാമൂഹ്യ സേവന രംഗത്തും ഡോ. തങ്കമണി തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചു എന്നതാണ് ശ്രദ്ധേയം.

അമേരിക്കയിലും ഇന്ത്യയിലും നഴ്‌സിംഗിന്റെ പ്രാധാന്യം നേര്‍ വിപരീതമാണെന്ന് ഡോ. തങ്കമണി കരുതുന്നു. ഇന്ത്യയില്‍ പരമ്പരാഗതമായി നഴ്‌സിംഗിനെ പുച്ഛത്തോടെയാണ് പലരും നോക്കുന്നത്. ഏതോ ഒരു കാലത്തിന്റെ ബാക്കിപത്രമാണത്. ഇന്ന് സ്ഥിതി മാറിയിട്ടുണ്ട്. എങ്കിലും അര്‍ഹമായ അംഗീകാരമോ വേതനമോ നഴ്‌സുമാര്‍ക്ക് ലഭിക്കുന്നില്ല.

അമേരിക്കയില്‍ സ്ഥിതി വ്യത്യസ്തമാണ്. ഡോക്ടറുടെ ആജ്ഞാനുവര്‍ത്തിയൊന്നുമല്ല നഴ്‌സ്. രണ്ടു പേരും രണ്ട് ജോലി ചെയ്യുന്നു. അവിടെ പരസ്പരം ബഹുമാനം മാത്രം. ഉദാഹരണത്തിന് ഒരു രോഗിക്ക് സ്‌ട്രോക്ക് വന്നോ അഥവാ സാധ്യതയുണ്ടോ എന്ന് ഇവിടെ നഴ്‌സ് ഡോക്ടറോട് പറയും. നാട്ടില്‍ അതൊന്നും നഴ്‌സിന്റെ ചുമതലയല്ല. ആരെങ്കിലും ചെയ്യാന്‍ ശ്രമിച്ചാല്‍ അവരെ നിരുത്സാഹപ്പെടുത്തുകയോ കൊച്ചാക്കി കാണിക്കുകയോ ചെയ്യും.

അതുപോലെ ഇവിടെ നഴ്‌സുമാര്‍ക്ക് ഹോസ്പിറ്റല്‍ വൈസ് പ്രസിഡന്റ് ഒക്കെ ആകാം. ഇവിടെ നഴ്‌സുമാര്‍ ഉന്നത സ്ഥാനങ്ങളിലെത്തുന്നു. ഇന്ത്യയില്‍ പ്രത്യേകിച്ച് ദക്ഷിണേന്ത്യയില്‍ താണതരം ജോലികളാണ് നഴ്‌സുമാരുടെ ചുമതല.  

അമേരിക്കയ്ക്ക് വരുമ്പോള്‍ പല പരീക്ഷ എഴുതി സ്വന്തം കഴിവ് തെളിയിച്ചാണ് അവര്‍ വരുന്നത്. അവരെ അവഗണിക്കുക എളുപ്പമല്ല.

ഓപ്പണ്‍ ഹാര്‍ട്ട് ട്രാന്‍സ്പ്ലാന്റ് വിഭാഗത്തിലാണ് കുറച്ചുകാലമെങ്കിലും നഴ്‌സ് ആയി ജോലി ചെയ്തത്. അത് വലിയ അനുഭവവും വെല്ലുവിളിയുമായിരുന്നു.

ഇവിടെ വന്നശേഷം രണ്ട് സുപ്രധാന പ്രൊജക്ടുകള്‍ ചെയ്തു. സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയുമായി ബന്ധപ്പെട്ടാണ് വാര്‍ധക്യത്തെപ്പറ്റി ഒരു പ്രൊജക്ട് ചെയ്തത്. മൈനോറിറ്റി നഴ്‌സിംഗ് സംബന്ധിച്ച ഒരു പ്രൊജക്ട് തോമസ് എഡിസണ്‍ യൂണിവേഴ്‌സിറ്റിയിലും ചെയ്തു.

യുഎസ് ഹെൽത്ത് റിസോഴ്‌സസ് ആൻഡ് സർവീസസ് അഡ്മിനിസ്ട്രേഷണ് നൽകുന്ന   (എച്ച്ആർഎസ്എ)   തോമസ് എഡിസൺ സ്റ്റേറ്റ് മൈനോറിറ്റി നഴ്‌സ് എഡ്യൂക്കേറ്റർ ഗ്രാന്റ് ലഭിച്ച ആദ്യ ഇന്ത്യൻ വനിതയാണ്. 
 
ഇതേത്തുടർന്ന് ക്രോണിക് ഡിസീസ് മാനേജ്മെന്റ്  സംബന്ധിച്ച്   ന്യൂജേഴ്‌സി  ആരോഗ്യ വകുപ്പുമായി സഹകരിച്ച് പ്രവർത്തിച്ചു. ദക്ഷിണേഷ്യക്കാർക്ക് വേണ്ടി  ക്രോണിക് ഡിസീസ് മാനേജ്മെന്റിനെക്കുറിച്ചുള്ള ശിൽപശാലകളുടെ ഒരു പരമ്പര  തന്നെ   നടത്തി
വൃദ്ധസദനങ്ങളിലും സീനിയർ സെന്ററുകളിലുമാണ് ഈ പ്രയോഗ്രാം നടപ്പാക്കിയത്. ഇതിനു ഒട്ടേറെ അംഗീകാരവും ലഭിച്ചു. 

ഇതിനിടയിൽ നഴ്സിംഗ് സമൂഹത്തിനും അവർ  വലിയ  സംഭാവനകൾ നൽകി. ഇന്ത്യൻ നഴ്‌സിംഗ്  
അസോസിയേഷൻ ഓഫ് ന്യൂജേഴ്‌സി (AAINJ) സ്ഥാപക സെക്രട്ടറിയാണ്. 2009 മുതൽ 2011 വരെ പ്രസിഡന്റായും  സേവനമനുഷ്ഠിച്ചു.
2013 മുതൽ 2015 വരെ നാഷണൽ അസോസിയേഷൻ ഓഫ് ഇന്ത്യൻ നഴ്‌സസ് ഓഫ് നോർത്ത്  അമേരിക്കയുടെ (NAINA) എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ആയി സേവനമനുഷ്ഠിച്ചു. 2016 ൽ നൈന കോൺഫറൻസ് ചെയർ.  അമേരിക്കൻ അസോസിയേഷൻ ഓഫ് ക്രിട്ടിക്കൽ കെയർ നഴ്സിംഗ് (AACN), നാഷണൽ ലീഗ് ഓഫ് നഴ്സിംഗ് (NLN)  എന്നിവയിൽ അംഗമായി .

ഇതിനിടയിലാണ് കേരള അസോസിയേഷന്‍ ഓഫ് ന്യൂജേഴ്‌സിയില്‍ (കാന്‍ജ്) പ്രവര്‍ത്തനമാരംഭിച്ചത്. സംഘടനകളില്‍ സ്ട്രസ് മാനേജ്‌മെന്റ് സംബന്ധിച്ചും മറ്റും ക്ലാസുകളെടുത്തു, പ്രത്യേകിച്ച്  കോവിഡ് കാലത്ത്. 

തനിക്കും കുടുംബത്തിനും ആദ്യംതന്നെ കോവിഡ് വന്നുപോയി. ഭര്‍ത്താവിന് കുറച്ചു പ്രശ്‌നം ഉണ്ടാവുകയും ചെയ്തുവെങ്കിലും പൂര്‍ണമായി സുഖപ്പെട്ടു.

എന്നാൽ രണ്ടുമാസം മുമ്പ്  ഡോ തങ്കമണിക്കു കോവിഡ് വീണ്ടും വന്നു. പക്ഷെ വാക്‌സിനൊക്കെ എടുത്തതിനാല്‍ വലിയ ശക്തിപ്പെടാതെ അത് പോയി. മൂന്നു ഡോസ് വാക്‌സിനാണെടുത്തിരുന്നത്. നാലാമത്തേത് എടുക്കണം. ഇപ്പോള്‍ കോവിഡ് വന്നാലും തൊണ്ടയില്‍ നിന്ന് ശ്വാസകോശത്തിലേക്കൊക്കെ പോകുന്നത് കുറവാണ്.

കാഞ്ചിനു  പുറമെ വേൾഡ് മലയാളി കൗൺസിൽ (WMC),  കേരള ഹിന്ദുസ് ഓഫ് നോർത്ത് അമേരിക്ക, നാമം എന്നിവയിലും പ്രവർത്തിച്ചു.  നാമം സെക്രട്ടറിയായിരുന്നു . ഡബ്ല്യുഎംസിയിൽ ന്യൂജേഴ്‌സി പ്രവിശ്യയുടെ പ്രസിഡന്റായും ജനറൽ കൺവീനറായും പ്രവർത്തിച്ചു
2018 ഓഗസ്റ്റിൽ ന്യു ജേഴ്‌സിയിൽ WMC ഗ്ലോബൽ കോൺഫറൻസ്  നടത്തുന്നതിൽ പ്രധാന പങ്കു വഹിച്ചു.  
ഇപ്പോൾ WMC അമേരിക്ക റീജിയന്റെ പ്രസിഡന്റായി സേവനമനുഷ്ടിക്കുന്നു.   

കോവിഡ് മാനേജ്‌മെന്റ്, സ്‌ട്രെസ്, മയക്കുമരുന്ന്  ആസക്തി, കോളജ് പഠനം, തുടങ്ങിയവയെപ്പറ്റിയുള്ള  വർക്ക് ഷോപ്പുകൾ നടത്തിയതിനു പുറമെ യുവാക്കളെ കേന്ദ്രീകരിച്ചുള്ള വിവിധ  പ്രവർത്തനങ്ങളും  നടത്തുന്നു.
 
അലക്‌സ് വിളനിലമാണ് വേള്‍ഡ് മലയാളി കൗണ്‍സിലിലേക്ക് വിളിക്കുന്നത്. അതിലെ ഗ്രൂപ്പ് വഴക്കൊന്നും അറിയില്ലായിരുന്നു. എങ്കിലും കൗണ്‍സിലിലെ പ്രവര്‍ത്തനം നല്ല അനുഭവമായി. വലിയ പരിചയവൃന്ദം ഉണ്ടായി.  

ഏഷ്യാനെറ്റിന്റെ അവാര്‍ഡ് വലിയ അംഗീകാരമായി കരുതുന്നു.  നഴ്‌സിംഗ് അധ്യാപനത്തിനും ലഭിച്ച അംഗീകാരമായി അതിനെ കരുതുന്നു. ഇവിടെ നഴ്‌സിംഗ് സ്‌കൂളില്‍ ലോകത്തിന്റെ എല്ലാ ഭാഗത്തുനിന്നും വന്നവരുണ്ട്. ഇന്ത്യക്കാരില്‍ പട്ടേല്‍മാരും മലയാളികളും ധാരാളമുണ്ട്. 

ഇമിഗ്രേഷന്‍ പ്രശ്‌നം മൂലം പുറത്തുനിന്ന് നഴ്‌സുമാര്‍ വരുന്നതില്‍ കുറവുണ്ട്. അതിനാൽ നഴ്‌സിങ്ങ് രംഗത്ത് ജോലി എളുപ്പമാണ് 

നഴ്‌സുമാര്‍ക്ക് ഇവിടെ പലതരം അവസരങ്ങളുണ്ട്. അഡ്മിനിസ്‌ട്രേറ്റീവ് രംഗത്തും മെഡിക്കല്‍ ഐടി രംഗത്തുമൊക്കെ അവര്‍ക്ക് പ്രവര്‍ത്തിക്കാം. മാന്യമായ ജോലിയാണ് നഴ്‌സിംഗ് ഇവിടെ.

പ്രൊഫഷണൽ രംഗത്തും  കമ്മ്യൂണിറ്റിയിലും  വിവിധ അവാർഡുകൾ നേടി. നഴ്‌സിംഗിനുള്ള     ഡെയ്‌സി അവാർഡ്,  ബർണബാസ് ഹെൽത്ത് കെയർ സിസ്റ്റത്തിൽ നിന്നുള്ള ജെയിൻ  മച്ചാർട്ടർ എൻഡോവ്‌മെന്റ് അവാർഡ്,   2018-ൽ  ഇന്ത്യൻ അമേരിക്കൻ പ്രസ് ക്ലബ്ബിന്റെ   കമ്മ്യൂണിറ്റി സർവീസ് അവാർഡ്,  നാഷണൽ അസോസിയേഷൻ ഓഫ് നഴ്സ് പ്രാക്ടീഷണർ (NINPA) നൽകുന്ന  ഇല്യൂമിനേറ്റിംഗ് ലീഡർഷിപ്പ് അവാർഡ് തുടങ്ങിയവ ലഭിച്ചു.
 
ഭാവിയില്‍ സംഘടനാ പ്രവര്‍ത്തനമൊക്കെ വിട്ട് ചില പ്രൊജക്ടുകള്‍ ചെയ്യണമെന്ന് കരുതുന്നു. കമ്യൂണിറ്റിക്ക് ഗുണകരമായ ഒന്നാവണം ഇതെന്ന് ഉറപ്പുവരുത്തും.

Join WhatsApp News
Anil Augustine 2022-12-09 17:45:54
Congratulations Shrimathi. Dr. Thankamani, for these eminent accomplishments, contributions and coveted recognition!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക