Image

സൂക്ഷിച്ചാല്‍ ദുഃഖിക്കണ്ട; അപകടം പതിയിരിക്കുന്ന പ്രീ വെഡിങ്ങ് ഫോട്ടോഗ്രാഫി (ദുര്‍ഗ മനോജ് )

ദുര്‍ഗ മനോജ് Published on 10 December, 2022
സൂക്ഷിച്ചാല്‍ ദുഃഖിക്കണ്ട; അപകടം പതിയിരിക്കുന്ന പ്രീ വെഡിങ്ങ് ഫോട്ടോഗ്രാഫി (ദുര്‍ഗ മനോജ് )

വരനൊപ്പം സെല്‍ഫി എടുക്കുന്നതിനിടെ വിവാഹത്തലേന്ന് പ്രതിശ്രുത വധു പാറക്കുളത്തില്‍ വീണു. പ്രതിശ്രുത വരന്‍ കൂടെച്ചാടി.
ഇന്നായിരുന്നു അവരുടെ വിവാഹം നടക്കേണ്ടിയിരുന്നത്. പകല്‍ക്കുറി ആയിരവില്ലിയിലുള്ള പാറമടയില്‍ ഇന്നലെയായിരുന്നു സംഭവം.പരവൂര്‍ സ്വദേശിയായ ഇരുപത്തിയഞ്ച്കാരനും, പാരിപ്പള്ളി സ്വദേശിനിയായ പത്തൊമ്പത് കാരിയുമാണ് അപകടത്തില്‍പ്പെട്ടത്
ഒടുവില്‍ നാട്ടുകാരും ഫയര്‍ഫോഴ്‌സും പൊലീസും  ചേര്‍ന്ന് ഇരുവരേയും രക്ഷപ്പെടുത്തി.


വിവാഹത്തലേന്ന് ഇരുവരും ഫോട്ടോ ഷൂട്ടിനായാണ് ഇവിടെ എത്തിയത്.യുവതി സെല്‍ഫി എടുക്കുന്നതിനിടെ കാല്‍ വഴുതി പാറക്കുളത്തിലേയ്ക്ക് വീഴുകയായിരുന്നു.


150 അടിയോളം ഉയരമുള്ള പാറ മുകളില്‍നിന്നും 50 അടിയില്‍പ്പരം ആഴമുള്ള പാറക്കുളത്തില്‍ വീണ് മുങ്ങിത്താഴുന്ന  പ്രതിശ്രുതവധുവിനെ രക്ഷിക്കാന്‍  പ്രതിശ്രുതവരനും  കൂടെച്ചാടി. 
പിന്നെ വെള്ളത്തില്‍ കണ്ട  സാരി തുമ്പ് പിടിച്ചവലിച്ച്  പ്രതിശ്രുത വധുവിനെ പൊക്കിയെടുത്ത് വെള്ളം കുറഞ്ഞ ഭാഗത്തെത്തി.
നീന്തല്‍ വലിയ വശമില്ലാത്ത പ്രതിശ്രുത വരന്‍  
വളരെ പണിപ്പെട്ടാണ് പ്രതിശ്രുത വധുവിനെ പാറക്കുളത്തില്‍  വെള്ളം കുറഞ്ഞ ഭാഗത്ത് എത്തിച്ചത്.
  ഇവിടെ നിന്നും ഇരുവരുംഉറക്കെ നിലവിളിക്കാന്‍ തുടങ്ങി.
കരയില്‍ നിന്നിരുന്ന ഫോട്ടോ ഷൂട്ടി നായി കൂടെയെത്തിയ ഫോട്ടോ ഗ്രാഫര്‍മാര്‍ അതിനു മുമ്പേ തന്നെ നിലവിളി തുടങ്ങിയിരുന്നു.
കൂട്ടവിളി കേട്ട്  പരിസരവാസികളും ഓടിയെത്തി. നാട്ടുകാര്‍ ഇട്ട് കൊടുത്ത കയറില്‍ മുങ്ങിപ്പോകാതിരിക്കാന്‍  പരസ്പരം  ബന്ധിച്ചു  നിന്ന ഇരുവരേയും  സംഭവം അറിഞ്ഞെത്തിയ  പൊലീസും ഫയര്‍ഫോഴ്‌സും  ചങ്ങാടത്തില്‍ കരയില്‍ എത്തിക്കുകയായിരുന്നു.
അപകടത്തില്‍ പ്രതിശ്രുത വധുവിന് കാലിന് അവശതയുള്ളതിനാല്‍ ഇന്ന് നടക്കേണ്ട വിവാഹം മാറ്റിയേക്കും എന്നാണ് വിവരം.

ഈ വാര്‍ത്ത, ഇപ്പോള്‍ ചെറിയ ചിരിയോടെ വായിക്കാന്‍ സാധിക്കുന്നത് ആര്‍ക്കും അപകടം സംഭവിക്കാത്തതു കൊണ്ടാണ്. എന്നാല്‍ അധികം പഴക്കമില്ല, ഫോട്ടോ ഷൂട്ടിനിടയില്‍ വരന്‍ മരിച്ച സംഭവം നടന്നിട്ട്. സിനിമാ താരങ്ങളുടെ ഫോട്ടോ ഷൂട്ട് പോലെയല്ല, വിവാഹ ഫോട്ടോ ഷൂട്ടുകള്‍. ഇവിടെ മിക്കപ്പോഴും പ്രൊഫഷണലുകള്‍ ആയിരിക്കില്ല ക്യാമറയുടെ പിന്നില്‍ ഉണ്ടാവുക. മികച്ച ഷോട്ടുകള്‍ക്കായി അപകടം പിടിച്ച സ്ഥലത്തേക്ക് വരനും വധുവും ചെന്നെത്തുകയും അപകടത്തില്‍ പെട്ടു പോവുകയുമാണ് ചെയ്യുന്നത്. ഇന്റ്റിമേറ്റ് ചിത്രങ്ങള്‍ ഷൂട്ട് ചെയ്തത് പബ്ലിക്ക് ആകുന്നതു വഴിയുണ്ടാകുന്ന ഭാവിപ്രശ്‌നങ്ങള്‍ ബാക്കിയുണ്ട്. വിവാഹത്തിനോട് അനുബന്ധിച്ചുള്ള ഫോട്ടോഷൂട്ടുകള്‍ ഇത്തിരി സാഹസികത കുറച്ചു ഷൂട്ട് ചെയ്താല്‍ ജീവന്‍ രക്ഷപ്പെടും എന്നോര്‍ക്കുന്നതാണ് ഫോട്ടോഗ്രാഫര്‍മാര്‍ക്കും വധൂവരന്മാര്‍ക്കും നന്ന്.

Pre-Wedding Photography is a dangerous place.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക