Image

എന്‍ട്രന്‍സ് കുരുതി; രാജസ്ഥാനിലെ കോട്ടയില്‍ ആത്മഹത്യ ചെയ്തത് മൂന്നു വിദ്യാര്‍ത്ഥികള്‍( ദുര്‍ഗ മനോജ് )

ദുര്‍ഗ മനോജ് Published on 13 December, 2022
 എന്‍ട്രന്‍സ് കുരുതി; രാജസ്ഥാനിലെ കോട്ടയില്‍ ആത്മഹത്യ ചെയ്തത് മൂന്നു വിദ്യാര്‍ത്ഥികള്‍( ദുര്‍ഗ മനോജ് )

എന്‍ട്രന്‍സ് പരീക്ഷയാണ് ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ ഭാവി നിര്‍ണയിക്കുന്ന പ്രധാന ഘടകം. അത് മെഡിക്കല്‍ എഞ്ചിനീയറിങ്ങ് എന്‍ട്രന്‍സ് ആകാം, ഉപരിപഠനത്തിനുള്ള പരീക്ഷകള്‍ ആകാം. ഇതില്‍ നീറ്റ്, പരീക്ഷയും ജെ ഇ ഇ, ഐ ഐ ടി എന്‍ട്രന്‍സുകളും പ്ലസ് ടൂ വിദ്യാര്‍ത്ഥികളുടെ മേന്മയുടെ അളവുകോലാണ്. സാമാന്യമായി പഠിച്ചു പോകുന്നവര്‍ക്കുള്ളതല്ല ഇത്തരം പരീക്ഷകള്‍. കൃത്യമായ തയ്യാറെടുപ്പ്, ഒരു നിമിഷം പോലും ശ്രദ്ധമാറാതെയുള്ള പഠനം ഇതൊക്കെയാണ് വിജയത്തിനടിസ്ഥാനം. എന്‍ട്രന്‍സ് പാസ്സാകന്‍ കേരളത്തില്‍ ചില പ്രത്യേക സ്ഥലങ്ങളിലെ കോച്ചിങ് സ്ഥാപനങ്ങള്‍ക്കു പിന്നാലെ പോകുന്നതു പോലെ രാജസ്ഥാനിലെ കോട്ട എന്ന നഗരവും കോച്ചിങ് സെന്ററുകള്‍ക്കു വിഖ്യാതമാണ്. ഐ ഐ ടി ആണോ ലക്ഷ്യം? നീറ്റ് ആണോ ലക്ഷ്യം? ചലോ കോട്ട എന്നതാണ് പുതിയ മുദ്രാവാക്യം പോലും.
എല്ലാ സംസ്ഥാനങ്ങളില്‍ നിന്നും കുട്ടികള്‍ കോട്ടയില്‍ എത്തിച്ചേരുന്നുണ്ട്.

മക്കള്‍ ഡോക്ടറാകണം എന്നത് ഏതൊരു ഇന്ത്യന്‍ രക്ഷകര്‍ത്താവിന്റെയും മിനിമം ആഗ്രഹമാണ്. അതിനായി ഒരു വിധം മാര്‍ക്കു വാങ്ങുന്ന കുട്ടികളെ കുട്ടിക്കാലം മുതല്‍ ബ്രെയിന്‍ വാഷ് ചെയ്ത് എന്‍ട്രന്‍സ് പരിശീലനത്തിനു തള്ളി വിടും. പരിശീലന കേന്ദ്രങ്ങള്‍ കുട്ടികളെ പഠിപ്പിക്കും, വെറും പഠിപ്പിക്കലല്ല, ഭീകരമായി പഠിപ്പിക്കും. പത്തു പതിനാറും പതിനേഴും വയസ്സുള്ള കുട്ടികളുടെ ആത്മാഭിമാനം ഇഞ്ചപ്പരുവമാക്കും. അവര്‍ കട്ടിക്കണ്ണടയും വച്ച്, ചുറ്റുപാടിനെക്കുറിച്ച് അജ്ഞരായി സമവാക്യങ്ങള്‍ ഉരുവിട്ടു പഠിക്കും. വൈകാരികമായ കാര്യങ്ങളില്‍ നിസ്സംഗത പുലര്‍ത്തും. ബ്രോയിലര്‍ കോഴികളേ നിങ്ങള്‍ ഭാഗ്യവാന്മാര്‍ എന്തെന്നാല്‍ നിങ്ങള്‍ അറക്കപ്പെടും, ഇവിടെ കുട്ടികള്‍ പാസ്സാകുന്ന കാലം വരെ അപഹസിക്കപ്പെടും, നിരാശരാകും.

ചിലര്‍ ദാ കോട്ടയിലെ എന്‍ട്രന്‍സ് കോച്ചിങ് വിദ്യാര്‍ത്ഥികളായ അങ്കുഷ്, ഉജ്ജ്വല്‍, പ്രണവ് എന്നിവരെപ്പോലെ കൗമാരംതാണ്ടും മുന്‍പ് സ്വയം അവസാനിപ്പിക്കും. മൂന്നു കുട്ടികള്‍, ജീവിതം എത്ര പ്രസന്നതയോടെ നേരിടേണ്ടവരായിരുന്നു. അവര്‍ സുല്ലിട്ട് ജീവിതം അവസാനിപ്പിച്ചു. ഇനിയും താങ്ങാന്‍ വയ്യ എന്നു തോന്നിക്കാണും ആ കുട്ടികള്‍ക്ക്.

സര്‍ക്കാരുകള്‍ക്ക് ഇവിടെ ഒന്നും ചെയ്യാനുണ്ടാവില്ല.  ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ കുറേ പേര്‍ക്കു ജോലി നല്‍കുന്നു, അത്ര തന്നെ ഗവണ്‍മെന്റിന്. വീട്ടുകാര്‍ക്കോ മക്കള്‍, ഷോപീസ് ആണ്. മെഡിസിനു പഠിക്കുന്നു, ഐ ഐ ടി യില്‍ പഠിക്കുന്നു എന്നു മേനിപറയാന്‍ വളരെ എളുപ്പം. എന്നാലോ സാഹിത്യം പഠിക്കാന്‍ ആഗ്രഹിക്കുന്ന കുട്ടിക്കു മുന്നില്‍ ഓര്‍ഗാനിക് കെമിസ്ട്രി നീട്ടുമ്പോള്‍ മനസ്സു മടുത്ത് കുട്ടികള്‍ അത് സ്വീകരിക്കുന്നു. ചിലര്‍ ആ സഹനം ഒരു വിധം താണ്ടും. ചിലര്‍ വീണുപോകും. മാതാപിതാക്കള്‍ അല്പം അലിവു കാട്ടുക. ഒന്നുമില്ലേലും അവര്‍ സ്വന്തം മക്കളല്ലേ?

ഇവിടെ നിയമത്തിനും ഒന്നും ചെയ്യാനാകില്ല. തിരിച്ചറിയേണ്ടത് ഇന്‍സ്റ്റിറ്റ്യൂട്ടുകാരുമല്ല, കാരണം പരീക്ഷയുടെ റിസള്‍ട്ട്, സ്ഥാപനത്തിന്റെ നിലനില്‍പ്പിന്റെ പ്രശ്‌നമാണ്. പക്ഷേ, മാതാപിതാക്കള്‍ക്കു ചെയ്യാന്‍ ഏറെയുണ്ട്, മക്കളുടെ പഠന നിലവാരം കൃത്യമായി അറിയുന്നവര്‍ മറ്റാരുമല്ല. അമിത പ്രതീക്ഷ കുട്ടികള്‍ക്കു നല്‍കാതിരിക്കുക. ഡോക്ടറാകണം എന്ന ആഗ്രഹം കുട്ടിയുടേതാണോ? എങ്കില്‍ അവര്‍ അതിനു സ്വയം മുന്നോട്ടു വരട്ടെ, മികച്ച പരിശീലനം നമുക്കു നല്‍കാം.എന്നാല്‍ ശരാശരിക്കാരനെ വെറുതേ വിടുക. അവര്‍ സ്വന്തം താത്പര്യത്തിനനുസരിച്ചു പഠിക്കട്ടെ. അതല്ലേ ശരി?

Three students death by suicide rajastan coaching centre.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക