Image

ട്രെയില്‍ തട്ടി ചിതറിപ്പോകുന്ന മൃതദേഹങ്ങള്‍ കണ്ടെടുത്ത് പെറുക്കിക്കൂട്ടിയിരുന്ന വേലായുധന്‍ ഇനിയില്ല; (ദുര്‍ഗ മനോജ് )

ദുര്‍ഗ മനോജ് Published on 14 December, 2022
ട്രെയില്‍ തട്ടി ചിതറിപ്പോകുന്ന മൃതദേഹങ്ങള്‍ കണ്ടെടുത്ത് പെറുക്കിക്കൂട്ടിയിരുന്ന വേലായുധന്‍ ഇനിയില്ല; (ദുര്‍ഗ മനോജ് )

ട്രെയിനിനു മുന്നില്‍ച്ചാടി ആത്മഹത്യ ചെയ്യുന്നവര്‍ ഒരു നിമിഷം ഓര്‍ക്കാത്ത ഒരാളുണ്ട്, അയാളാണ് വേലായുധന്‍. വേലായുധനെപ്പോലുള്ളവരാണ് ചിതറിത്തെറിക്കുന്ന മൃതദേഹം പെറുക്കിക്കൂട്ടി ആംബുലന്‍സില്‍ കയറ്റാന്‍ റെയില്‍വേയെ സഹായിക്കുന്നത്. മരിച്ചവര്‍ക്കുമപ്പുറം അവരുടെ ഉറ്റവരുടെ തോരാ ക്കണ്ണീരിന് ഒരല്പം ശാന്തി, അധികമാര്‍ക്കും ചെയ്യാന്‍ ധൈര്യമില്ലാത്ത ഈ ജോലി ചെയ്യുന്നതിലൂടെ വേലായുധന്‍ നല്‍കിയിരുന്നു. ആ വേലായുധന്‍ കഴിഞ്ഞ പത്തു ദിവസമായി ആലുവ ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ അനാഥ ശവമായി ഉറ്റവരെ കാത്തു കിടക്കുന്നു. രണ്ടു ദിവസം കൂടിക്കഴിഞ്ഞാല്‍ ആലുവ നഗരസഭാ ശ്മശാനത്തില്‍ വേലായുധന്‍ ഒരു പിടി ചാരമാകും. ഈ മാസം മൂന്നിന് ആലുവ കെ എസ് ആര്‍ ടി സി ബസ് സ്റ്റാന്‍ഡില്‍ വേലായുധനെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

അല്ലറ ചില്ലറ ജോലികള്‍ ചെയ്തു ജീവിച്ചിരുന്ന വേലായുധന്‍ റെയില്‍വേ പോലീസിനെ സഹായിക്കാന്‍ തുടങ്ങിയതോടെ നഷ്ടമായതു കുടുംബ ജീവിതമാണ്. അതോടെ കുടുംബം അയാളെ ഉപേക്ഷിച്ചു പോയി. വീടില്ലാത്ത വേലായുധന്‍, കെ എസ് ആര്‍ ടി സി സ്റ്റാന്‍ഡ്, റെയില്‍വേ സ്റ്റേഷന്‍, ബൈപ്പാസ് മേല്‍പ്പാലം എന്നിവിടങ്ങളിലാണ് അന്തിയുറങ്ങിയിരുന്നത്. തമിഴ്‌നാട്ടില്‍ നിന്നും മുപ്പത്തഞ്ചു വര്‍ഷം മുന്‍പാണ് കുടുംബത്തോടൊപ്പം വേലായുധന്‍ കേരളത്തിലെത്തുന്നത്.
രണ്ടു ദിവസം കൂടിക്കഴിഞ്ഞാല്‍ വേലായുധന്‍ അനാഥര്‍ക്കിടയില്‍ ഒരാളായി ചിതയിലമരും.

വേലായുധനെപ്പോലെ പലരുണ്ട് നമുക്കിടയില്‍. അവരെ വെറും കണ്ണു കൊണ്ടു നോക്കിയാല്‍ നമുക്കു കാണാനാകില്ല. കിണറ്റില്‍ വീണ പൂച്ചയേയും പട്ടിയേയും എടുക്കാന്‍ വരുന്ന, ഓടിനു മുകളില്‍ കുടുങ്ങിയ പൂച്ചയെ രക്ഷിക്കാന്‍ വരുന്ന, പൊട്ടക്കിണറ്റില്‍ പൊങ്ങി വന്ന വീര്‍ത്തു ചീര്‍ത്ത മൃതദേഹം പോലീസുകാര്‍ക്കു വേണ്ടി എടുക്കാന്‍ ഇറങ്ങുന്ന, പല പല സ്റ്റേഷന്‍ അതിര്‍ത്തികള്‍ താണ്ടി ഒഴുകി വരുന്ന മൃതദേഹം കരയ്ക്കടിഞ്ഞാല്‍ എടുത്തു കയറ്റുന്ന, ആരെങ്കിലും കൊന്നു കുഴിച്ചിട്ട മൃതദേഹം വീണ്ടും കണ്ടെത്തേണ്ടി വരുന്ന, ഓടയില്‍ ഇറങ്ങി ബ്ലോക്ക് വൃത്തിയാക്കുന്ന, ഇങ്ങനെ സാധാരണക്കാര്‍ക്ക് അറപ്പുള്ള ജോലികള്‍ മാത്രം ചെയ്യുന്ന ചില പാര്‍ശ്വവര്‍ത്തികളായ മനുഷ്യരുണ്ട്. വേലായുധന്‍ അവരിലൊരാളാണ്. അവര്‍ മദ്യത്തില്‍ അഭയം തേടുന്നവരാണ്. മൂക്കറ്റം കുടിച്ച് പാതി ബോധത്തിലേ അവര്‍ക്കിതൊക്കെ ചെയ്യാനാകൂ. അവരെ നമ്മള്‍ വീട്ടില്‍ കയറ്റില്ല.അവരോടു നമ്മള്‍ പൊതുവഴിയില്‍ വെച്ചു സംസാരിക്കില്ല, അവര്‍ മരിച്ചാല്‍ നമ്മള്‍ റീത്തും വയ്ക്കില്ല. എന്തെന്നാല്‍ അവര്‍ക്കു വീടില്ല, സ്വന്തക്കാരില്ല, മുഖമില്ല, വെറും വിളിപ്പേരുകള്‍ മാത്രമേ ഉള്ളൂ.

അത്ഭുതങ്ങള്‍ സംഭവിച്ചില്ലെങ്കില്‍ വേലായുധന്‍ രണ്ടു ദിവസത്തിനുള്ളില്‍ അല്പം ചാരമായി മാറും. ആരും കണ്ണു നിറയ്ക്കില്ല.
ഇങ്ങനെയും ചിലര്‍ നമുക്കിടയില്‍... അത്രമാത്രം.

Velayudhan, who used to find and collect dead bodies scattered on the trail, is no more.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക