Image

കടുവയെ പിടിച്ച കിടുവ എന്ന പഴഞ്ചൊല്ലുമാറ്റാന്‍ കാലമായി; പോക്‌സോ കേസ് പ്രതിയെ പീഡിപ്പിച്ച പോലീസ് എന്നാക്കുന്നതാണു നല്ലത്(ദുര്‍ഗ മനോജ് )

ദുര്‍ഗ മനോജ് Published on 15 December, 2022
കടുവയെ പിടിച്ച കിടുവ എന്ന പഴഞ്ചൊല്ലുമാറ്റാന്‍ കാലമായി; പോക്‌സോ കേസ് പ്രതിയെ പീഡിപ്പിച്ച പോലീസ് എന്നാക്കുന്നതാണു നല്ലത്(ദുര്‍ഗ മനോജ് )

പോലീസിനെ അങ്ങനങ്ങ് കുറ്റം പറയരുത്, സമൂഹത്തിന്റെ പരിച്ഛേദമാണ് പോലീസും രാഷ്ട്രീയക്കാരും, എന്നൊക്കെ ന്യായീകരിക്കാന്‍ സന്നദ്ദരായി മാത്രം താഴേക്കു വായിക്കുക. കഥ തുടങ്ങുന്നത് രണ്ടു മാസം മുന്‍പാണ്. ഇരുപത്തേഴുകാരനായ അയിരൂര്‍ സ്വദേശിയെ അയിരൂര്‍ പോലീസ്, പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചതിന് പോക്‌സോ ചുമത്തി അറസ്റ്റു ചെയ്തിരുന്നു. പ്രതിയെ പക്ഷേ സി ഐ, സ്റ്റേഷനിലേക്ക് അല്ല കൊണ്ടുപോയത്, മറിച്ച് സ്വന്തം ക്വോട്ടേഴ്‌സിലേക്കാണ്. കേസ് ഒതുക്കി തീര്‍ക്കാം എന്നൊരു വാഗ്ദാനവും മുന്നോട്ടുവെച്ചു. കോട്ടേഴ്‌സില്‍ എത്തിയപ്പോള്‍, സി ഐ തനിനിറം കാട്ടി. പ്രതിയെ ലൈംഗികമായി പീഡിപ്പിച്ചു. പോരാഞ്ഞ്, അമ്പതിനായിരം രൂപ കൈക്കൂലിയും ചോദിച്ചു. പ്രതി അതിനു വഴങ്ങിയില്ല. അതോടെ പോക്‌സോ പ്രതിയ്‌ക്കെതിരെ കടുത്ത ശിക്ഷ കിട്ടത്തക്ക വിധത്തിലുള്ള ചാര്‍ജുകള്‍ എഴുതി അയാളെ അകത്താക്കി. ഈ സമയം കൊണ്ട് പ്രതിയുടെ സഹോദരിയോട് ഒരു ലക്ഷത്തി മുപ്പതിനായിരം രൂപ കൈക്കൂലി വാങ്ങിയെടുത്തു.

പ്രതി, തന്നെ അറസ്റ്റ് ചെയ്തു ലൈംഗികാതിക്രമത്തിനു വിധേയനാക്കിയ സി ഐ ജയസനിലിന് എതിരായി കേസു കൊടുത്തു. കുറ്റാരോപണത്തില്‍ കഴമ്പുണ്ടെന്നു കണ്ട് സി ഐ യെ സസ്‌പെന്‍ഡ് ചെയ്തു കേസ് എടുക്കുകയും ചെയ്തു..


വാര്‍ത്ത വായിച്ച് അന്തം വിട്ടിരിക്കുന്നവരോട് ഒന്നേ പറയാനുള്ളൂ, പോലീസുകാരെക്കുറിച്ച് പണ്ടേ ആക്ഷേപങ്ങള്‍ ഏറെയാണ്, അത് ട്രൗസര്‍ പോലീസിന്റെ കാലം മുതല്‍ അങ്ങനാണ്. 'ഞാനാടാ പോലീസ്, ആരെടാ ' എന്നൊക്കെ വിരട്ടുന്ന പോലീസുകാര്‍, കുമ്പിനിടിക്കുക, ഉരുട്ടുക, ചിലപ്പോള്‍ ഉരുട്ടി കൊല്ലുക, തുടങ്ങിയ കലാപരിപാടികള്‍ അവകാശം പോലെ വെച്ച് ആഘോഷിച്ചിരുന്നവരാണ്. എന്നാല്‍ ട്രൗസര്‍ മാറി പാന്റാവുകയും, ഫോഴ്‌സിലേക്ക്, പി എച്ച് ഡി ക്കാര്‍ ഉള്‍പ്പെടെ വിദ്യാഭ്യാസ യോഗ്യതയുള്ള ചെറുപ്പക്കാര്‍ കടന്നുവരികയും ചെയ്തപ്പോള്‍ അല്പം വെളിച്ചം വീണതാണ്. കുറഞ്ഞ പക്ഷം, സ്റ്റേഷനുകള്‍ ജനമൈത്രി സ്റ്റേഷനുകള്‍ ആയി. ഏമാന്‍മാര്‍ക്കു മുന്നില്‍ ഇരിക്കാമെന്നായി. പിന്നെപ്പിന്നെ ഏമാന്മാര്‍ ഭരിക്കുന്ന പാര്‍ട്ടിയുടെ ഈര്‍ക്കിലി പിള്ളേരുടെ മുന്നില്‍ വരെ കുമ്പിട്ടു നില്‍ക്കുമെന്നായി, ഇങ്ങനൊക്കെ കാര്യങ്ങള്‍ മുന്നേറിയപ്പോള്‍ ചിലരില്‍ പഴയ ട്രൗസര്‍ പോലീസിന്റെ പ്രേതം കുടിയേറി.അങ്ങനെ, പീഡന കേസ് പ്രതിയെ പീഡിപ്പിക്കുന്നവരും പോലീസില്‍ ഉണ്ടായി. എന്താ കഥ, ശിവ ശിവ!

        പോലീസ് അപ്പടിയെങ്കില്‍ പൊതുജനം ഇപ്പടി എന്ന മട്ടില്‍ പൊതുജനങ്ങളും നിയമത്തിനെ അവനവന്റെ ആവശ്യത്തിന് പരുവപ്പെടുത്തിത്തുടങ്ങി. കടം കൊടുത്ത കാശ് തിരിച്ചു ചോദിച്ചാല്‍ വീട്ടിലെ കൊച്ചു കുഞ്ഞിനെക്കൊണ്ട് പരാതി പറയിച്ച് പോക്‌സോ കേസില്‍ പെടുത്താന്‍ മടിക്കാത്തവരായി പൊതുജനങ്ങള്‍. പല കേസുകളിലും തെറ്റായ ലക്ഷ്യത്തിനായി വകുപ്പ് ദുരുപയോഗം ചെയ്യുന്നതായി കോടതി കണ്ടെത്തിയിട്ടുമുണ്ട്.

         ഏതായാലും മാങ്ങാ മോഷ്ടിക്കുന്ന, കാവല്‍ നില്‍ക്കുന്ന വീട്ടില്‍ നിന്നും മുതലുകക്കുന്ന, പീഡനക്കേസ് പ്രതിയെ പീഡിപ്പിക്കുന്ന വല്ലാത്ത പോലീസായി മാറുകയാണോ നമ്മുടെ പോലീസ്?
ഒറ്റപ്പെട്ട സംഭവമാണ്... പോലീസിന്റെ മനോവീര്യം... ഇല്ലേ... ഒന്നും തകര്‍ക്കുന്നില്ലേ... അടുത്ത കേസിന്റെ വാര്‍ത്തയില്‍ നമുക്ക് വീണ്ടും പറയാം, 'ഒറ്റപ്പെട്ട..... '

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക