Image

ജീവിക്കാനായി വികലാംഗനാകേണ്ടിവരുന്നവര്‍; വടക്കോട്ടു നോക്കണ്ട, കേരളത്തിലെ വാര്‍ത്തയാണിതും(ദുര്‍ഗ മനോജ് )

ദുര്‍ഗ മനോജ് Published on 16 December, 2022
ജീവിക്കാനായി വികലാംഗനാകേണ്ടിവരുന്നവര്‍; വടക്കോട്ടു നോക്കണ്ട, കേരളത്തിലെ വാര്‍ത്തയാണിതും(ദുര്‍ഗ മനോജ് )

ഭിക്ഷ യാചിച്ച് ജീവിക്കാനായി ട്രെയിനിനടിയില്‍ കൈ വച്ച് വികലാംഗനായ ഒരു മനുഷ്യന്‍...! വിരലറ്റമൊന്ന് മുറിഞ്ഞാല്‍, ഒരു പോറല്‍ സംഭവിച്ചാല്‍ വേദനകൊണ്ട് പുളയുന്ന മനുഷ്യന് ഈ വ്യക്തി അനുഭവിച്ച വേദനകളെക്കുറിച്ച് ചിന്തിക്കാന്‍ കഴിയില്ല. ശാരീരിക വേദനകളെക്കാള്‍ എത്രയോ അധികമായിരിക്കണം, പ്രായമായതോടെ നോക്കാന്‍ ആരുമില്ലാതെ ജീവിക്കാന്‍ വേണ്ടി സ്വന്തം കൈ കുരുതി നല്‍കേണ്ടി വന്നപ്പോഴുണ്ടായ മനോവിഷമം ? തിരുവനന്തപുരത്തെ ഒരു തെരുവ് ഗായകന്റെ ജീവിതത്തില്‍ നടന്ന യഥാര്‍ത്ഥ സംഭവമാണ് ഇത്. 

ഐഎഫ്എഫ്കെ വേദിക്ക് പുറത്ത് നിന്നാണ് 'പിച്ചക്കാരന്‍' എന്ന കവിത റാഫി എന്ന വ്യക്തിയില്‍ നിന്ന് മാധ്യമ പ്രവര്‍ത്തകന്‍ അലക്സ് റാം കേള്‍ക്കുന്നത്. കവിതയിലേത് യഥാര്‍ത്ഥ സംഭവമാണെന്നും, ആ വ്യക്തി ജീവിച്ചിരിപ്പുണ്ടെന്നും കണ്ടെത്തി. ഒടുവില്‍ ആ വയോധികനെ തിരിച്ചറിഞ്ഞു.

'ജീവിക്കാന്‍ വേണ്ടി ട്രെയിനിന്റെ അടിയില്‍ കൈ കൊണ്ട് വെച്ച് കൊടുത്തതാണ് ഞാന്‍. അതിനുമുമ്പ് തെങ്ങ് കയറ്റമായിരുന്നു പണി. ഇനി കേറാന്‍ പറ്റൂല. പഴുത്ത മടലില്‍ പിടിച്ച് വീണ് കിടന്നാല്‍... മക്കള് സഹായിക്കൂല, ആരും സഹായിക്കൂല.. എന്നെ നോക്കാനും ആരും കാണൂല. അതുകൊണ്ട് ഞാന്‍ സ്വയമേ ട്രെയിനിന്റെ അടിയില്‍ കൈകൊണ്ടുവെച്ചു കൊടുത്തു. തെങ്ങില്‍ കയറിയാല്‍ എന്തായാലും ഞാന്‍ വീഴുമെന്ന് ഉറപ്പാണ്. അതുകൊണ്ട് ഈ കൈ ഇനി വേണ്ടന്നു വച്ചു. ഇപ്പോള്‍ ചിലര്‍ ദൈവമേ ഒരു കൈ ഇല്ലാത്ത ആളാണല്ലോ എന്ന് വിചാരിച്ച് ഒരു പത്തിരുപത് തരും. ഒരു അഞ്ഞൂറ് രൂപ, ആയിരം രൂപ കിട്ടുമ്പോഴേക്കും പതിയെ എഴുനേറ്റ് പോകും' വയോധികന്‍ പറഞ്ഞു.

         ഇതും സാംസ്‌കാരിക കേരളത്തിന്റെ മുഖച്ചിത്രമാണ്. വ്യക്തി, അയാള്‍ വാങ്ങുന്ന ഉപ്പിനു വരെ നികുതി കൊടുത്തു ജീവിക്കുന്ന നാടാണിത്. എന്നാല്‍ ഒരു ഘട്ടത്തില്‍ അയാള്‍ക്കു പണിയെടുത്തു ജീവിക്കാനുള്ള ആരോഗ്യം നഷ്ടമാകുമ്പോള്‍, സ്വയം വികലാംഗനാകേണ്ടി വരുന്ന നാട്.. രണ്ടു കൈയ്യും കാലുമുണ്ടെങ്കില്‍ ഉറപ്പായും കാണുന്നവര്‍ പറയും പോയി നയിച്ച് തിന്നെടാ എന്ന്, എന്നാല്‍ വികലാംഗനാണെങ്കില്‍ സഹതാപം നിറയും. പാവം തോന്നും, വല്ലതും കൊടുക്കും. അതു വാങ്ങി അയാള്‍ ജീവിക്കും. ഇവിടെ ഒരു ആത്മാഭിമാനത്തോടെ ജീവിക്കാനുള്ള അവകാശമാണ് ഇല്ലാതാകുന്നത്. കേരളത്തില്‍ യുവാക്കളേക്കാള്‍ വൃദ്ധരാണ് ഉള്ളത്. വൃദ്ധരുടെ ആലയങ്ങള്‍, വളരെ കുറവാണ് ഇവിടെ. ആ യാഥാര്‍ത്ഥ്യം ഉള്‍ക്കൊണ്ട്, സര്‍ക്കാര്‍ തലത്തിലും, കോര്‍പ്പറേറ്റ് തലത്തിലും വൃദ്ധസദനങ്ങള്‍ ഉണ്ടാകേണ്ടതുണ്ട്. അവരും പൗരന്മാരാണ്. അതു മറക്കരുത്.

( thiruvananthapuram man chops off hand to beg )

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക