Image

പേ പിടിച്ച മനുഷ്യര്‍; ഉറ്റവരെ വെട്ടിവീഴ്ത്തുമ്പോള്‍ കൈവിറയ്ക്കാത്ത ഇവര്‍ മനുഷ്യരോ? (ദുര്‍ഗ മനോജ് )

ദുര്‍ഗ മനോജ് Published on 17 December, 2022
പേ പിടിച്ച മനുഷ്യര്‍; ഉറ്റവരെ വെട്ടിവീഴ്ത്തുമ്പോള്‍ കൈവിറയ്ക്കാത്ത ഇവര്‍ മനുഷ്യരോ? (ദുര്‍ഗ മനോജ് )

ഇരുപത്തിനാലു മണിക്കൂറിനിടയില്‍ സമാന രീതിയില്‍ മൂന്നു കൊലപാതകങ്ങള്‍. ഒന്ന് തിരുവനന്തപുരത്ത് നടുറോഡില്‍ വെച്ചു കഴുത്തില്‍ വെട്ടി, അടുത്തത് കന്യാകുമാരിക്കടുത്ത് തക്കലയില്‍ നടുറോഡില്‍ത്തന്നെ തലയില്‍ വെട്ടി. ഇനി ഒരു അരുംകൊല ബ്രിട്ടണിലെ വീട്ടില്‍ വെച്ച് കഴുത്തുഞെരിച്ച്, മൂന്നു കൊലപാതകങ്ങളും നടത്തിയിരിക്കുന്നത് ഇരകളുടെ ജീവിത പങ്കാളികള്‍ ആണ്. തിരുവനന്തപുരത്ത് വഴയിലയില്‍ നടുറോഡില്‍ കഴുത്തിനു വെട്ടേറ്റു വീണത് വഴയില സ്വദേശിനി സിന്ധുവാണ്. സിന്ധുവിനെ കൊന്നത്, പന്ത്രണ്ടു വര്‍ഷമായി കൂടെ താമസിക്കുന്ന പങ്കാളി രാകേഷും. ഹോം നഴ്‌സായി ജോലിക്കു പോകാന്‍ വീട്ടില്‍ നിന്ന് ഇറങ്ങിയ സിന്ധുവിനെ, പിന്തുടര്‍ന്ന് എത്തി വെട്ടിവീഴ്ത്തി മരണം ഉറപ്പാക്കുകയായിരുന്നു പ്രതി. അടുത്ത വാര്‍ത്ത, ലണ്ടനില്‍ നഴ്‌സായി ജോലി ചെയ്തിരുന്ന കണ്ണൂര്‍ സ്വദേശിയായ അഞ്ജുവിനെ ഭര്‍ത്താവ് സാജു ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയതാണ്. നാലും ആറും വയസ്സുള്ള മക്കളേയും ഭാര്യയ്‌ക്കൊപ്പം അയാള്‍ കൊലപ്പെടുത്തി. തനിക്ക് ജോലിയില്ല എന്ന അപകര്‍ഷതാബോധത്തില്‍ നിന്നുണ്ടായ പകയാണ് മൂന്നു കൊലപാതകങ്ങള്‍ ചെയ്യാനുള്ള കരളുറപ്പ് സാജുവിന് നല്‍കിയത്.

        അടുത്തത്, പുതുതായി ബ്യൂട്ടീഷ്യന്‍ കോഴ്‌സ് പഠിക്കാന്‍ തുടങ്ങിയ ഭാര്യ പ്രിന്‍സയുടെ വസ്ത്രധാരണരീതി ശരിയല്ല എന്നു പറഞ്ഞ് ഉണ്ടായ തര്‍ക്കത്തെത്തുടര്‍ന്നാണ് ഭര്‍ത്താവ് എബനേസര്‍ അനുരഞ്ജന ചര്‍ച്ചകള്‍ക്കുശേഷം ഒന്നിച്ചു നടന്നുവരവേ റോഡിലിട്ട് വെട്ടി കൊന്നത്.

മൂന്നു കൊലപാതകങ്ങളിലെ പ്രതികള്‍ക്കും സമാനതകള്‍ ഏറെയുണ്ട്. മൂന്നു പേരും കടുത്ത അപകര്‍ഷതാബോധമുള്ളവര്‍. സ്വന്തം കുറവുകള്‍ മറച്ചുവയ്ക്കാനും, കൂടെ ജീവിക്കുമ്പോഴും പക ഉള്ളിലൊതുക്കി അത് ആളിക്കത്തിച്ച് പങ്കാളിയെ കൊല്ലാനും കരളുറപ്പു നേടിയവരാണവര്‍.          

         ഒരു സാധാരണ മനുഷ്യന് മറ്റൊരാളെ അരിഞ്ഞു വീഴ്ത്താനും, ഭാര്യയ്‌ക്കൊപ്പം കുഞ്ഞുങ്ങളെക്കൂടി ശ്വാസം മുട്ടിച്ചു കൊല്ലാനുമുള്ള ചിന്ത, ഒരിക്കലും കടന്നു വരില്ല. അതൊരിക്കലും ശിക്ഷാവിധികളെ ഭയന്നല്ല, മറിച്ച് ഒപ്പം ജീവിച്ച കാലത്തിലെ ഊഷ്മളമായ നിമിഷങ്ങളുടെ ഓര്‍മയും, മനസ്സിലെ അന്തര്‍ലീനമായ സ്‌നേഹവും ക്ഷമിക്കാനും പൊറുക്കാനും മനുഷ്യരെ ശീലിപ്പിച്ചു. എന്നാലിന്ന്, നടുറോഡില്‍ വെട്ടി അരിഞ്ഞിടാന്‍ തക്കവിധം മനുഷ്യര്‍ മാറുന്നു എന്നു വന്നാല്‍ കാലം അത്രയേറെ മാറ്റിയിരിക്കുന്നുവെന്നും, മനുഷ്യരില്‍ സ്‌നേഹവും ദയയും അപ്രത്യക്ഷമാകുന്നുവെന്നും മാത്രമാണ് ഈ സംഭവങ്ങള്‍ കാണിക്കുന്നത്.

നായകള്‍ക്കു ഭ്രാന്ത് പിടിക്കുമ്പോഴാണവ കണ്ണില്‍ക്കണ്ടവരെ കടിച്ചു മരിക്കുക. കടുവയും പുലിയുമൊക്കെ നാട്ടിലിറങ്ങുന്നതും വിശന്നിട്ടാണ്. എന്നാല്‍ മനുഷ്യര്‍ മാത്രം പക കൊണ്ട് സ്വന്തം പങ്കാളിയേയും സ്വന്തം ചോരയില്‍ പിറന്ന കുഞ്ഞുങ്ങളേയും വെട്ടിവീഴ്ത്തുന്നു.

പ്രതികള്‍ക്ക് തക്ക ശിക്ഷ കിട്ടട്ടെ എന്നു പറയുമ്പോഴും ഇത്തരം ആക്രമണങ്ങള്‍ ഇനി ഉണ്ടാകാതിരിക്കട്ടെ എന്നും പ്രത്യാശിക്കാം നമുക്ക്.

Are these people who don't wave their hands when they cut down their loved ones?
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക