Image

ഇതാണു കൂട്ടുകാർ; ബാലവിവാഹം തടഞ്ഞതു സഹപാഠികൾ (ദുർഗ മനോജ് )

Published on 19 December, 2022
ഇതാണു കൂട്ടുകാർ; ബാലവിവാഹം തടഞ്ഞതു സഹപാഠികൾ (ദുർഗ മനോജ് )

ക്രൂരതകളുടെ മാത്രം വാർത്ത നിറഞ്ഞ ലോകത്തു നിന്നും നന്മ നിറഞ്ഞ വാർത്തയിതാ. ബാലവിവാഹം ഇന്ത്യയിൽ നിരോധിച്ചിട്ടു പതിറ്റാണ്ടുകളായി. എന്നാലും ബാലവിവാഹങ്ങൾക്ക് ഇപ്പോഴും പൂർണമായും തടയിടാൻ സാധിച്ചിട്ടില്ല. പെൺകുട്ടികൾ ബാധ്യതയെന്നു കരുതുന്ന ഗ്രാമങ്ങൾ ഇന്നും അപൂർവമല്ല.


പശ്ചിമ ബംഗാളിൽ നിന്നും പുറത്തു വരുന്ന വാർത്ത അതാണു സൂചിപ്പിക്കുന്നത്. ഒമ്പതാം ക്ലാസുകാരി ഒരാഴ്ചയായി സ്ക്കൂളിൽ വരാത്തതിൻ്റെ കാരണം അന്വേഷിച്ചു പോയ കൂട്ടുകാർക്കു മനസ്സിലായി അവൾ വിവാഹിതയാകുകയാണ് എന്ന്. അതോടെ കൂട്ടുകാർ ഒന്നു നിശ്ചയിച്ചു. അവർ നിയമവിരുദ്ധമായ ആ വിവാഹം നടത്തരുതെന്നും സഹപാഠിയെ സ്ക്കൂളിലേക്ക് അയക്കണമെന്നും ആവശ്യപ്പെട്ടു.
വീട്ടുകാർ മുതിർന്നവരുടേതായ രീതിയിൽ കുട്ടികളെ കുറച്ചു കണ്ടു. അവർ പെൺകുട്ടിയെ രഹസ്യമായി വരൻ്റെ വീട്ടിലെത്തിച്ചു.ഇതറിഞ്ഞ കൂട്ടുകാർ നേരെ വരൻ്റെ വീട്ടിലെത്തി. പെൺകുട്ടിയെ വിട്ടയച്ചില്ലെങ്കിൽ അവിടെ അനിശ്ചിതകാല സമരം നടത്തുമെന്ന് അവർ അറിയിച്ചു. സംഗതി കൈവിട്ടു പോകുമെന്നായപ്പോൾ അവർ പെൺകുട്ടിയെ തിരിച്ചയച്ചു. തിരികെ പെൺകുട്ടിയെ അവളുടെ മാതാപിതാക്കളുടെ അടുത്ത് എത്തിച്ച് പതിനെട്ടു വയസ്സിനു മുൻപ് അവളെ വിവാഹം ചെയ്തയക്കില്ലെന്നു സമ്മതിപ്പിച്ചു.


ഗോലാറിലെ സുശീല ഹൈസ്ക്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥികളാണ് സഹപാഠിയുടെ ജീവിതം തകർക്കുന്ന തീരുമാനത്തിൽ നിന്നും രക്ഷാകർത്താക്കളെ പിന്തിരിപ്പിച്ചത്. സ്ക്കൂളിൻ്റെ പ്രധാന അധ്യാപകനും, കേശ്പൂർ ബ്ലോക്ക് ഡവലപ്പ്മെൻ്റ് ഓഫീസറും കുട്ടികളെ അഭിനന്ദിച്ചു.


സാമ്പത്തിക പ്രയാസങ്ങളെത്തുടർന്നാണ് പെൺകുട്ടിയെ വേഗം വിവാഹം ചെയ്ത് അയച്ച് ബാധ്യത ഒഴിവാക്കാൻ നോക്കിയതെന്ന് പെൺകുട്ടിയുടെ അയൽവാസികളും പറഞ്ഞു.
നമ്മുടെ നാട് പെൺകുട്ടികൾ മികച്ച വിദ്യാഭ്യാസം നേടി, ഉന്നത പദവികളിലേക്കു പ്രവേശിക്കുന്നതു സ്വപ്നം കാണുമ്പോഴാണ് ബാലവിവാഹം ഒരു യാഥാർത്ഥ്യമായി തുടരുന്നതും. അതിനൊരു ചെറിയ മാറ്റം ഈ കുട്ടികൾക്കു സാധിച്ചു എന്നതു ചെറിയ കാര്യമല്ല.

# Classmates stopped child marriage

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക