Image

അഭിമാനിക്കാം, രാജ്യത്ത് ചേരികളിൽ താമസിക്കുന്നവർ ഏറ്റവും കുറവ് കേരളത്തിൽ (ദുർഗ മനോജ്)

Published on 20 December, 2022
അഭിമാനിക്കാം, രാജ്യത്ത് ചേരികളിൽ താമസിക്കുന്നവർ ഏറ്റവും കുറവ് കേരളത്തിൽ (ദുർഗ മനോജ്)

മറ്റു സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ നഗരവാസികൾക്കിടയിലെ ചേരികളിൽ ഏറ്റവും കുറച്ചു പേർ താമസിക്കുന്നത് കേരളത്തിൽ. സംസ്ഥാനത്ത് 45417 പേർ മാത്രമാണ് ചേരികളിൽ താമസിക്കുന്നത്. ഗുജറാത്തിൽ മൂന്നര ലക്ഷം പേർ ചേരിനിവാസികളായി ഉണ്ടെങ്കിൽ മഹാരാഷ്ട്രയിൽ അത് ഏതാണ്ട് 25 ലക്ഷം പേരാണ്. മധ്യപ്രദേശിൽ പതിനൊന്നു ലക്ഷം മനുഷ്യർ ചേരികളിൽ പാർക്കുമ്പോൾ ഉത്തർപ്രദേശിൽ അത് പത്തരലക്ഷമാണ്. രാജ്യസഭയിൽ സി പി എം എം പി എ എ റഹിം ഉന്നയിച്ച ചോദ്യത്തിന് കേന്ദ്ര സർക്കാർ നൽകിയ മറുപടിയിലാണ് ഇക്കാര്യങ്ങൾ ഉള്ളത്.2011ലെ സെൻസെസ് പ്രകാരം രാജ്യത്ത് 108 227 ചേരികളാണ് ഉള്ളത്. നഗരങ്ങളിലെ ദരിദ്രർക്കുള്ള ഭവന നിർമ്മാണ പദ്ധതികൾ നടപ്പാക്കേണ്ടത് സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളുമാണ്. ഇതിനു വേണ്ട കേന്ദ്ര സഹായവും ലഭ്യമാണ്. എങ്കിലും ചേരികൾ ഇന്നുമൊരു യഥാർത്ഥ്യമായിത്തുടരുന്നു.


ചെറിയ സംസ്ഥാനമായ കേരളത്തിൽ ഭൂമി ലഭ്യത ഇന്ത്യയിലെ മറ്റു വലിയ സംസ്ഥാനങ്ങളെ അപേക്ഷിച്ച് കുറവാണെങ്കിലും ഇവിടെ നഗരവൽക്കരണം സംസ്ഥാനത്ത് ഒന്നുപോലെ സംഭവിക്കുന്ന ഒന്നായതിനാലാണ് ചേരികൾ രൂപം കൊള്ളാത്തത്. മറ്റു സംസ്ഥാനങ്ങളിൽ ഗ്രാമപ്രദേശങ്ങൾ തീർത്തും പിന്നാക്കാവസ്ഥയിൽ നിലകൊള്ളുേേമ്പോൾ കേരളത്തിൽ ആ അവസ്ഥയില്ല. ഇവിടെ ഗ്രാമ നഗര വ്യത്യാസങ്ങൾ കാര്യമായി പ്രകടമല്ല. അതിനാൽ തൊഴിലിനായി നാടും വീടും ഉപേക്ഷിച്ച് നഗരങ്ങളിലെ പുറംപോക്കിൽ താമസിക്കേണ്ട അവസ്ഥയും ഇല്ല. തൊട്ടടുത്ത പട്ടണത്തത്തിലേക്കുള്ള പരമാവധി യാത്രാ സമയം പോലും ഒരു മണിക്കൂറിൽ അധികമില്ല.


ഇതോടൊപ്പം മികച്ച അടിസ്ഥാനവിദ്യാഭ്യാസ സൗകര്യങ്ങളും, പൊതുജനാരോഗ്യ സംവിധാനങ്ങളും, ഉയർന്ന ജീവിത നിലവാരത്തെക്കുറിച്ചുള്ള അവബോധവും കേരളത്തിൽ ചേരികൾ പുതുതായി രൂപം കൊള്ളാതിരിക്കാനുള്ള കാരണങ്ങളാണ്.
ഏതായാലും നമുക്ക് അഭിമാനിക്കാം, ഏറ്റവും കുറവു ചേരികൾ ഉള്ള സംസ്ഥാനം കേരളമാണ് എന്നതിൽ.

# Kerala has the least number of people living in slums

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക