Image

നൊമ്പരമായി നിദ ഫാത്തിമ: അച്ഛനെ കാത്തിരുന്നത് മകളുടെ വിയോഗ വാര്‍ത്ത(ദുര്‍ഗ മനോജ് )

ദുര്‍ഗ മനോജ് Published on 23 December, 2022
 നൊമ്പരമായി നിദ ഫാത്തിമ: അച്ഛനെ കാത്തിരുന്നത് മകളുടെ വിയോഗ വാര്‍ത്ത(ദുര്‍ഗ മനോജ് )

വെറും പത്തു വയസ്സു മാത്രമാണ് അവളുടെ പ്രായം. ദേശീയ സൈക്കിള്‍ പോളോ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ പുറപ്പെട്ടതായിരുന്നു അവള്‍, നിദ ഫാത്തിമ. നാഗ്പൂരിലേക്കു പോയ പെണ്‍കുട്ടി മരണമടഞ്ഞു എന്ന വാര്‍ത്തയുടെ ഞെട്ടലില്‍ നിന്നും മുക്തരായിട്ടില്ല അവളുടെ വീട്ടുകാര്‍ ഇപ്പോഴും. ഞായറാഴ്ചയാണ് നിദയും സംഘവും ടൂര്‍ണമെന്റില്‍ പങ്കെടുക്കാന്‍ ആലപ്പുഴ നിന്നും പുറപ്പെട്ടത്. വയറുവേദനയും ശര്‍ദ്ദിയും നിദയെ അലട്ടുന്നുണ്ടായിരുന്നു. കുഴഞ്ഞു വീണ പെണ്‍കുട്ടിയെ ആശുപത്രിയില്‍ എത്തിച്ച് കുത്തിവെയ്പ്പു നല്‍കിയതിനു തൊട്ടുപിന്നാലെ കുട്ടി മരണപ്പെടുകയായിരുന്നു. മകളുടെ അസുഖമറിഞ്ഞ് നാഗ്പൂരിലേക്കു പുറപ്പെടാന്‍ എയര്‍പോര്‍ട്ടില്‍ എത്തിയ അവളുടെ അച്ഛന്‍ ഷിഹാബുദ്ദീന് അവിടെ വെച്ച് ടി വി വാര്‍ത്തയിലൂടെ മകളുടെ മരണവിവരം അറിയുകയായിരുന്നു.

ഒരു കുരുന്നിനെ കുരുതി കൊടുത്തപ്പോള്‍ പുറത്തു വരുന്നത് കേരളത്തിലെ രണ്ടു സൈക്കിള്‍ പോളോ അസോസിയേഷനുകള്‍ തമ്മിലുള്ള പോരാണ്. കേരളത്തില്‍ തിരുവനന്തപുരം കേന്ദ്രമാക്കി കേരള സൈക്കിള്‍ പോളോ അസോസിയേഷനും കൊച്ചി കേന്ദ്രീകരിച്ച് സൈക്കിള്‍ പോളോ അസോസിയേഷന്‍ ഓഫ് കേരളയും ഉണ്ട്. ഇതില്‍ തിരുവനന്തപുരത്തിനു കീഴിലാണ് നിദ അടങ്ങുന്ന സംഘം നാഗ്പൂരില്‍ എത്തിയത്. അതും കോടതി വിധിയിലൂടെ മത്സരത്തില്‍ പങ്കെടുക്കാന്‍ അനുമതി നേടിയാണ് അവര്‍ എത്തിയത്. അതിനാല്‍ത്തന്നെ ഭക്ഷണമോ താമസമോ ഈ. ടീമിനു ലഭിച്ചിരുന്നില്ല. പുറത്തു നിന്നുള്ള ഭക്ഷണം കഴിച്ചതില്‍ നിദയ്ക്കു മാത്രമാണ് പ്രശ്‌നം ഉണ്ടായതും. താമസസ്ഥലത്തു നിന്നും നൂറു മീറ്റ അകലെയുള്ള ആശുപത്രിയിലേക്ക് നടന്നാണ് നിദ എത്തിയത്. എന്നാല്‍ അവിടെ നിന്നും കുത്തിവെയ്പ് എടുത്തപാടെ സ്ഥിതി വഷളായ അവസ്ഥയില്‍ കുട്ടിയെ ഐസിയുവിലേക്കു മാറ്റേണ്ടി വന്നു. പക്ഷേ, നിദ അധികം വൈകാതെ മരണത്തിനു കീഴടങ്ങുകയായിരുന്നു.

നിദയുടെ മരണം ഒറ്റപ്പെട്ട സംഭവമാണ്. എന്നാല്‍ നിരന്തരം സംഭവിക്കുന്ന മറ്റൊന്നുണ്ട്. ഏതു ദേശീയ മത്സരങ്ങള്‍ക്കു പുറപ്പെടുമ്പോഴും, യാത്രാ സൗകര്യമൊരുക്കാനും, വൃത്തിയും പോഷണവും ഉള്ള ഭക്ഷണം അവര്‍ക്കായി ഒരുക്കാനും അധികൃതര്‍ക്കു വലിയ പ്രയാസമാണ്. പലപ്പോള്‍ ട്രെയിനിലെ ബോഗികളില്‍ ജനറല്‍ കമ്പാര്‍ട്ട്‌മെങ്കിലും, റിസര്‍വേഷന്‍ കമ്പാര്‍ട്ട്‌മെന്റുകളില്‍ കുത്തിനിറച്ചും കുട്ടികളെ യാത്ര ചെയ്യിക്കുന്നതു പതിവാണ്.

നിദയുടെ മരണത്തിന്റെ യഥാര്‍ത്ഥ കാരണം പുറത്തുവരണം. ഒപ്പം, കുട്ടികള്‍ക്കു പരമാവധി സൗകര്യം ഒരുക്കി വേണം കായിക മേളകളിലേക്ക് അവരെ എത്തിക്കാന്‍.
കാലിക്കൂട്ടമല്ല, അടിച്ചു തെളിച്ചു നടത്തിക്കാന്‍, അവര്‍ നാളെയുടെ വാഗ്ദാനങ്ങളാണ്.

Nida Fatima: The father who came to see his daughter was waiting for the news of his daughter's demise.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക