Image

തിരുപ്പിറവി ആഘോഷത്തിൽ ലോകം (ദുർഗ മനോജ് )

Published on 25 December, 2022
തിരുപ്പിറവി ആഘോഷത്തിൽ ലോകം (ദുർഗ മനോജ് )

ലോകരക്ഷകൻ്റെ ജനനത്തിൽ പ്രാർത്ഥനയോടെ വിശ്വാസലോകം ഇന്നു ക്രിസ്മസ് ആഘോഷിക്കുകയാണ്. പലവിധത്തിലെ ദുരിതങ്ങളിലൂടെ കടന്നുപോകുമ്പോഴും തിരുപ്പിറവി ഒരു പ്രതീക്ഷയാണ്. തിന്മയ്ക്കെതിരെ നന്മയുടെ ഉയിർത്തെഴുന്നേൽപ്പ് ആണ് ലോകനാഥൻ്റെ പിറവിയിലൂടെ ലോകത്തിനു സംഭവിച്ചത്. പാപികളെന്നു മുദ്രകുത്തിയവരുടെ പാപങ്ങൾ ആ ദൈവപുത്രൻ്റെ കരസ്പർശത്താൽ ഇല്ലാതായി. പതിതകളോടവൻ കാരുണ്യം പ്രവർത്തിച്ചു. ഈ ലോകം കരുത്തരുടേതും സമ്പന്നരുടേതും അധികാരിവർഗത്തിൻ്റേതും മാത്രമല്ലെന്നവൻ ലോകത്തോടു പറഞ്ഞു, പ്രവർത്തിച്ചു. ഒടുവിൽ ക്രൂശിതനാകുമ്പോഴും അവൻ തനിക്കു ചുറ്റുമുള്ള പീഡിതർക്കു വേണ്ടി നിലകൊണ്ടു. മാനവരാശിക്കു വേണ്ടി ആ ക്രൂരതകൾ മുഴുവൻ ഏറ്റുവാങ്ങി.


ഇന്ന് മൂന്നൂറു ദിവസം പിന്നിട്ട് യുക്രെയിൻ യുദ്ധം തുടരുകയാണ്. ഈ ക്രിസ്മസ് ദിനത്തിൽ, ഒരു ജനത ഉറ്റവരെ നഷ്ടപ്പെട്ട്, തണുപ്പിനെ അതിജീവിക്കാൻ മാർഗങ്ങളില്ലാതെ, ആവശ്യത്തിനു ഭക്ഷണമില്ലാതെ യുദ്ധമൊഴിയുന്ന ആ നല്ല കാലത്തിനായി കാത്തിരിക്കുകയാണ്.
ചൈനയിലും ജപ്പാനിലും കൊറിയയിലും ഒക്കെ കോവിഡ് എട്ടാം തരംഗം ആഞ്ഞുവീശുന്നു. ഇതിനിടയിൽ ഇറാനിലെ ഭ്രാന്തു പിടിച്ച ഭരണകൂടത്തിൻ്റെ കൈകളിൽ പിടഞ്ഞു മരിക്കുന്നു കൗമാരം താണ്ടാത്തവരും, അഫ്ഗാനിൽ പെൺകുട്ടികൾക്കു മുന്നിൽ സർവകലാശാലകളുടെ വാതായനങ്ങൾ കൊട്ടിയടക്കാൻ തിടുക്കപ്പെടുന്നവരും ഉള്ളത്.


നിറയുന്ന നിലവിളികൾക്കിടയിലും, എല്ലാ അനിശ്ചിതത്വങ്ങൾക്കിടയിലും, ജനങ്ങൾ ഈ രാവിൽ പുഞ്ചിരിക്കുന്നു, പള്ളിമേടകളിൽ നിന്നുയരുന്ന സംഗീതവും, പള്ളിമണികളുടെ മുഴക്കവും, ആരാധനയും മനുഷ്യരിൽ പ്രത്യാശ നിറയ്ക്കുന്നു.
നല്ല കാലം വരും, മനുഷ്യർ പരസ്പരം കൊന്നു തള്ളുന്ന യുദ്ധങ്ങളില്ലാത്ത, മതാന്ധത മുറ്റിയ ഹൃദയങ്ങളില്ലാത്ത ഒരു നല്ല കാലം. ആ കാലത്തെക്കുറിച്ചുള്ള പ്രത്യാശയാണ് ഇന്നീ ക്രിസ്മസ് ദിനത്തിലും പങ്കുവയ്ക്കാനുള്ളത്.
ഏവർക്കും ഹൃദയംനിറഞ്ഞ ക്രിസ്മസ് ആശംസകൾ.

# The world celebrates Tiruppiravi

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക