Image

തിരുപ്പിറവി ആഘോഷത്തില്‍ ലോകം : (ദുര്‍ഗ മനോജ്)

ദുര്‍ഗ മനോജ് Published on 26 December, 2022
തിരുപ്പിറവി ആഘോഷത്തില്‍ ലോകം : (ദുര്‍ഗ മനോജ്)

ലോകരക്ഷകന്റെ ജനനത്തില്‍ പ്രാര്‍ത്ഥനയോടെ വിശ്വാസലോകം ഇന്നു ക്രിസ്മസ് ആഘോഷിക്കുകയാണ്. പലവിധത്തിലെ ദുരിതങ്ങളിലൂടെ കടന്നുപോകുമ്പോഴും തിരുപ്പിറവി ഒരു പ്രതീക്ഷയാണ്. തിന്മയ്‌ക്കെതിരെ നന്മയുടെ ഉയിര്‍ത്തെഴുന്നേല്‍പ്പ് ആണ് ലോകനാഥന്റെ പിറവിയിലൂടെ ലോകത്തിനു സംഭവിച്ചത്. പാപികളെന്നു മുദ്രകുത്തിയവരുടെ പാപങ്ങള്‍ ആ ദൈവപുത്രന്റെ കരസ്പര്‍ശത്താല്‍ ഇല്ലാതായി. പതിതകളോടവന്‍ കാരുണ്യം പ്രവര്‍ത്തിച്ചു. ഈ ലോകം കരുത്തരുടേതും സമ്പന്നരുടേതും അധികാരിവര്‍ഗത്തിന്റേതും മാത്രമല്ലെന്നവന്‍ ലോകത്തോടു പറഞ്ഞു, പ്രവര്‍ത്തിച്ചു. ഒടുവില്‍ ക്രൂശിതനാകുമ്പോഴും അവന്‍ തനിക്കു ചുറ്റുമുള്ള പീഡിതര്‍ക്കു വേണ്ടി നിലകൊണ്ടു. മാനവരാശിക്കു വേണ്ടി ആ ക്രൂരതകള്‍ മുഴുവന്‍ ഏറ്റുവാങ്ങി.


ഇന്ന് മൂന്നൂറു ദിവസം പിന്നിട്ട് യുക്രെയിന്‍ യുദ്ധം തുടരുകയാണ്. ഈ ക്രിസ്മസ് ദിനത്തില്‍, ഒരു ജനത ഉറ്റവരെ നഷ്ടപ്പെട്ട്, തണുപ്പിനെ അതിജീവിക്കാന്‍ മാര്‍ഗങ്ങളില്ലാതെ, ആവശ്യത്തിനു ഭക്ഷണമില്ലാതെ യുദ്ധമൊഴിയുന്ന ആ നല്ല കാലത്തിനായി കാത്തിരിക്കുകയാണ്. ചൈനയിലും ജപ്പാനിലും കൊറിയയിലും ഒക്കെ കോവിഡ് എട്ടാം തരംഗം ആഞ്ഞുവീശുന്നു. ഇതിനിടയില്‍ ഇറാനിലെ ഭ്രാന്തു പിടിച്ച ഭരണകൂടത്തിന്റെ കൈകളില്‍ പിടഞ്ഞു മരിക്കുന്നു കൗമാരം താണ്ടാത്തവരും, അഫ്ഗാനില്‍ പെണ്‍കുട്ടികള്‍ക്കു മുന്നില്‍ സര്‍വകലാശാലകളുടെ വാതായനങ്ങള്‍ കൊട്ടിയടക്കാന്‍ തിടുക്കപ്പെടുന്നവരും ഉള്ളത്.നിറയുന്ന നിലവിളികള്‍ക്കിടയിലും, എല്ലാ അനിശ്ചിതത്വങ്ങള്‍ക്കിടയിലും, ജനങ്ങള്‍ ഈ രാവില്‍ പുഞ്ചിരിക്കുന്നു, പള്ളിമേടകളില്‍ നിന്നുയരുന്ന സംഗീതവും, പള്ളിമണികളുടെ മുഴക്കവും, ആരാധനയും മനുഷ്യരില്‍ പ്രത്യാശ നിറയ്ക്കുന്നു.

നല്ല കാലം വരും, മനുഷ്യര്‍ പരസ്പരം കൊന്നു തള്ളുന്ന യുദ്ധങ്ങളില്ലാത്ത, മതാന്ധത മുറ്റിയ ഹൃദയങ്ങളില്ലാത്ത ഒരു നല്ല കാലം. ആ കാലത്തെക്കുറിച്ചുള്ള പ്രത്യാശയാണ് ഇന്നീ ക്രിസ്മസ് ദിനത്തിലും പങ്കുവയ്ക്കാനുള്ളത്. ഏവര്‍ക്കും ഹൃദയംനിറഞ്ഞ ക്രിസ്മസ് ആശംസകള്‍.

ദുര്‍ഗ മനോജ് 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക