Image

അനര്‍ഹര്‍ തട്ടിയെടുക്കുന്ന റേഷന്‍ ആനുകൂല്യങ്ങള്‍ ( ദുര്‍ഗ മനോജ് )

ദുര്‍ഗ മനോജ് Published on 27 December, 2022
 അനര്‍ഹര്‍ തട്ടിയെടുക്കുന്ന റേഷന്‍ ആനുകൂല്യങ്ങള്‍ ( ദുര്‍ഗ മനോജ് )

റേഷന്‍ കാര്‍ഡ് ഉടമകളെക്കുറിച്ച് സമൂഹത്തില്‍ ചില തമാശകള്‍ പ്രചരിച്ചിട്ടുണ്ട്. അതിലൊന്ന്, ബെന്‍സുകാറില്‍ വന്നിറങ്ങി മഞ്ഞ കാര്‍ഡ് കാണിച്ച് റേഷന്‍ അരി വാങ്ങുന്നു എന്ന തരത്തിലുള്ളതും, ഉടുതുണിക്കു മറുതുണിയില്ലതെ, ചെറ്റപ്പുരയില്‍ കഴിയുന്നവര്‍ വെള്ളക്കാര്‍ഡും പിടിച്ചു നില്‍ക്കുന്നതുമായ തമാശകളാണവ. ആനുകൂല്യങ്ങള്‍ കാര്‍ഡിന്റെ നിറവും തരവും അനുസരിച്ചാകുമ്പോള്‍ അല്പം തട്ടിപ്പിന് ഒട്ടുമിക്കവരും തയ്യാറാകുന്നു എന്നതാണ് സത്യം. വെള്ളക്കാര്‍ഡിന് യാതൊരു വിധ ആനുകൂല്യങ്ങളും ലഭിക്കില്ല എന്നതിനാല്‍ ആനുകൂല്യങ്ങള്‍ തട്ടിയെടുക്കാനായി മാസ വരുമാനം കുറച്ചു കാണിക്കലാണ് കാലങ്ങളായി നമ്മുടെ നാട്ടിലെ ഒരു തട്ടിപ്പുരീതി. വിദേശത്തു ജോലിയുള്ളവര്‍, സ്വകാര്യ കമ്പനിയില്‍ മികച്ച ഉദ്യോഗമുള്ളവര്‍, സ്വന്തം ബിസിനസ് സ്ഥാപനമുള്ളവര്‍ ഒക്കെ ഏറ്റവും കുറവു വരുമാനം കാണിച്ച് പരമാവധി ദാരിദ്ര്യം കാണിക്കുന്ന ആ തരികിട പരിപാടികള്‍ക്കു മേല്‍ പിടിമുറുകിത്തുടങ്ങി. എന്നാല്‍ കാലം മാറി. അനര്‍ഹര്‍ തട്ടിയെടുക്കുന്ന ആനുകൂല്യങ്ങളെക്കുറിച്ച് സര്‍ക്കാരിനും ബോധ്യം വന്നു തുടങ്ങി. സര്‍ക്കാര്‍ നടപടികള്‍ ആരംഭിച്ചു.
ഇപ്പോള്‍ ആനുകൂല്യങ്ങള്‍ ലഭിക്കുന്ന മുന്‍ഗണനാ കാര്‍ഡുകള്‍ കൈവശം വയ്ക്കുന്ന അനര്‍ഹരെ ഗവണ്‍മെന്റ് 'ഓപ്പറേഷന്‍ യെല്ലോ ' വഴി കണ്ടെത്തിക്കൊണ്ടിരിക്കുകയാണ്. പൊതു ജനങ്ങളുടേയും ഉദ്യോഗസ്ഥരുടേയും സഹായത്തോടെ 'ഓപ്പറേഷന്‍ യെല്ലോ ' വഴി 13942 പരാതികളാണ് ഇതിനോടകം ലഭിച്ചത്. ഈ വര്‍ഷം ഒക്ടോബറില്‍ ആരംഭിച്ച പദ്ധതിയിലൂടെ ഇതിനോടകം രണ്ടു കോടി എഴുപത്തെട്ടു ലക്ഷത്തോളം രൂപ പിഴയായി ലഭിക്കുകയും ചെയ്തുകഴിഞ്ഞു. പരാതി ലഭിച്ചാല്‍ 48 മണിക്കൂറിനകം, പരാതി പരിശോധിച്ച്, അനര്‍ഹരുടെ കൈവശമുള്ള  കാര്‍ഡ് തിരിച്ചു വാങ്ങി, അവര്‍ക്കു ലഭിച്ച ഭക്ഷ്യധാന്യത്തിന്റെ വില കണക്കാക്കിയാണ് പിഴ ഈടാക്കിയത്. പിഴയോ ശിഷയോ കൂടാതെ കാര്‍ഡുകള്‍ സ്വമേധയാ സൗണ്ടര്‍ ചെയ്യാന്‍ സാവകാശം നല്‍കിയിരുന്നു. അതു പ്രകാരം 172312 റേഷന്‍ കാര്‍ഡുകള്‍ സറണ്ടര്‍ ചെയ്തിരുന്നു. നിലവില്‍ കേരളത്തില്‍ 9317380 റേഷന്‍ കാര്‍ഡ് ഉടമകള്‍ ആണുള്ളത്.

കൂടുതല്‍ അനര്‍ഹരെ കണ്ടെത്താനാകാട്ടെ, ഓപ്പറേഷന്‍ യെല്ലോ വന്‍വിജയമാകട്ടെ.

Ration Benefits Extorted by ineligibles.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക