Image

ഋഷഭ് പന്തിന്റെ രക്ഷകനായത് ഹരിയാനയിലെ ബസ് ഡ്രൈവര്‍ സുശീല്‍(ദുര്‍ഗ മനോജ് )

ദുര്‍ഗ മനോജ് Published on 31 December, 2022
ഋഷഭ് പന്തിന്റെ രക്ഷകനായത് ഹരിയാനയിലെ ബസ് ഡ്രൈവര്‍ സുശീല്‍(ദുര്‍ഗ മനോജ് )

ഈ ലോകം സുന്ദരമാണെന്ന് ഈ വര്‍ഷാന്ത്യത്തില്‍ ആഹ്ലാദത്തോടെ പറയാനാകുന്നു. ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഋഷഭ് പന്തിന് വാഹനാപകടത്തില്‍ പരിക്കേറ്റെന്ന വാര്‍ത്ത ഞെട്ടലോടെയാണ് നമ്മള്‍ കേട്ടത്. പൂര്‍ണമായും കത്തിയമര്‍ന്ന കാറിന്റെ ചിത്രം കാണുന്ന ഏതൊരാള്‍ക്കും ആ അപകടത്തിന്റെ വ്യാപ്തി തിരിച്ചറിയാം. ഡ്രൈവിങ്ങിനിടെ ഋഷഭ് ഉറങ്ങിപ്പോയപ്പോള്‍ കാര്‍ ഡിവൈഡറില്‍ ഇടിച്ചു മറിഞ്ഞു തീ പിടിക്കുകയായിരുന്നു. അമ്മയ്ക്ക് സര്‍പ്രൈസ് നല്‍കി പുതുവത്സരം ആഘോഷിക്കാന്‍ ഡല്‍ഹിയില്‍ നിന്നും ഡെറാഡൂണിലേക്കു വരുമ്പോഴാണ് അപകടം സംഭവിച്ചത്. ആ അപകടത്തില്‍ ഋഷഭിന്റെ ജീവന്‍ രക്ഷിച്ചത് ഹരിയാനയിലെ ബസ് ഡ്രൈവര്‍ സുശീല്‍ ആണ്. ഹരിദ്വാര്‍ ഭാഗത്തു നിന്നും വരുമ്പോള്‍ ആണ് കാര്‍ ഡിവൈഡറില്‍ ഇടിച്ചു മറിയുന്നത് സുശീല്‍ കാണുന്നത്. ഉടന്‍ തന്നെ വണ്ടി നിര്‍ത്തി സുശീല്‍ ഓടി എത്തി. 'ഞാന്‍ ഋഷഭ് പന്ത് ആണ്. ' എന്നാണ് ഡ്രൈവിങ് സീറ്റില്‍ ഇരുന്ന ആള്‍ പറഞ്ഞത്. കാറിന്റെ ചില്ലുതകര്‍ത്താണ് പന്തിനെ കത്തുന്ന കാറില്‍ നിന്നും അദ്ദേഹത്തെ സുശീല്‍ വലിച്ചു പുറത്ത് എത്തിച്ചത്. കാര്‍ ഡിവൈഡറില്‍ ഇടിച്ചു മറിയുന്നത് സുശീല്‍ വ്യക്തമായി കണ്ടിരുന്നു. ഡെറാഡൂണിലെ മാക്‌സ് ആശുപത്രിയില്‍ ആണ് ആദ്യം എത്തിച്ചത്. നെറ്റിയിലും പുറത്തും പരിക്കേറ്റിട്ടുണ്ടെങ്കിലും ഗുരുതരമല്ല എന്നാണ് ആശുപത്രിയില്‍ നിന്നും അറിയിച്ചിരിക്കുന്നത്.

ഇപ്പോള്‍ ഋഷഭ് പന്തിന്റെ ജീവന്‍ രക്ഷിക്കാന്‍ ഓടിയെത്തിയ സുശീലിനെ പ്രശംസിക്കുകയാണ് ദേശീയ ക്രിക്കറ്റ് അക്കാദമി തലവനായ വി വി എസ് ലക്ഷ്മണ്‍. തീ പിടിച്ചു കൊണ്ടിരുന്ന കാറില്‍ നിന്നും പന്തിനെ പുറത്ത് എത്തിച്ച് ബെഡ്ഷീറ്റു കൊണ്ടു പൊതിഞ്ഞ് ആംബുലന്‍സ് വിളിച്ച് ആശുപത്രിയില്‍ എത്തിച്ചത് സുശീലാണ്.

പുതിയ റിപ്പോര്‍ട്ട് പ്രകാരം നട്ടെല്ലിനും തലച്ചോറിനും പരിക്കൊന്നുമില്ലെന്നു പരിശോധനാ ഫലം വന്നിട്ടുണ്ട്. ഋഷഭിനെ എയര്‍ ലിഫ്റ്റ് ചെയ്ത് ഡല്‍ഹിയിലേക്കു കൊണ്ടുവരുന്ന കാര്യത്തില്‍ ഉടനെ തീരുമാനമുണ്ടാകും.

ഒരു അപകടം കണ്‍മുന്നില്‍ നടന്നാലോ, സ്വന്തം വാഹനം ഒരു ചെറിയ അപകടം ഉണ്ടാക്കിയാലുമൊക്കെ എത്രയും വേഗം അവിടെ നിന്നും രക്ഷപ്പെടാനാണ് പൊതുവേ മിക്കവരും ശ്രമിക്കുക. പോലീസും കേസും ഒക്കെ തലവേദനയാണ്. കണ്‍മുന്നില്‍ അപകടം നടന്നാല്‍ കണ്ടില്ലെന്നു വച്ച് പാഞ്ഞു പോകുകയും അപകടത്തില്‍പ്പെട്ടവര്‍ രക്തം വാര്‍ന്നു മരിക്കുകയും ചെയ്തിട്ടുള്ള സംഭവങ്ങളും ഒട്ടനവധിയാണ്. എന്തിന്, പരിക്കേറ്റവരെ കവര്‍ച്ച ചെയ്യുന്നവരും ധാരാളം. അതിനിടയില്‍ സുശീലിനെപ്പോലുള്ളവര്‍ മനുഷ്യത്വം അവസാനിച്ചിട്ടില്ല എന്നതിന് ഉദാഹരണമായി നിലകൊള്ളുന്നു.

പുതുവര്‍ഷത്തില്‍ ഇന്ത്യയുടെ അഭിമാനതാരം ഋഷഭ് പന്ത് പൂര്‍ണ ആരോഗ്യം വീണ്ടെടുക്കട്ടെ എന്നു പ്രാര്‍ത്ഥിക്കുന്നതിന്റെ ഒപ്പം, സമയോചിതമായി ഇടപെട്ട, സുശീല്‍ എന്ന ബസ് ഡ്രൈവര്‍ നന്മയുടേയും സമചിത്തതയുടേയും പ്രതീകമായി വിളങ്ങുകയും ചെയ്യുന്നു.

Rishabh Pant's savior was Sushil, a bus driver from Haryana.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക