Image

ഭക്ഷ്യവിഷബാധയൊരു തുടര്‍ക്കഥ ( ദുര്‍ഗ മനോജ് )

ദുര്‍ഗ മനോജ് Published on 03 January, 2023
ഭക്ഷ്യവിഷബാധയൊരു തുടര്‍ക്കഥ ( ദുര്‍ഗ മനോജ് )

പുതുവത്സരാഘോഷങ്ങളുടെ നിറം കെടുത്തി കടന്നുവന്ന വാര്‍ത്തകളില്‍ റോഡ് അപകടങ്ങള്‍ക്കൊപ്പം ഭക്ഷ്യവിഷബാധയും സ്ഥാനം പിടിച്ചിരുന്നു. ഒരു മാമോദിസ ചടങ്ങില്‍ വിളമ്പിയ മീന്‍ കറിയില്‍ നിന്നും ഭക്ഷ്യവിഷബാധയേറ്റ് ഏറെപ്പേരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടി വന്ന വാര്‍ത്തയുടെ തൊട്ടുപിന്നാലെയാണ്, കോട്ടയത്ത് സംക്രാന്തിയിലുള്ള ഹോട്ടലില്‍ നിന്നും 29 ന് അല്‍ഫാം കഴിച്ച രശ്മി എന്ന മുപ്പത്തിരണ്ടുകാരി കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ ഇരിക്കേ മരിച്ച വാര്‍ത്ത പുറത്തു വരുന്നത്. മെഡിക്കല്‍ കോളേജിലെ നഴ്‌സായിരുന്നു മരിച്ച രശ്മി. നഴ്‌സിങ്ങ് ഹോസ്റ്റലിലേക്ക് ഓണ്‍ലൈനായി ഭക്ഷണം വരുത്തി കഴിക്കുകയായിരുന്നു. അല്‍ഫാം കഴിച്ച് ഒരു മണിക്കൂറിനുള്ളില്‍ ചര്‍ദിയും വയറിളക്കവും ആരംഭിച്ചു. തുടര്‍ന്ന് മൂന്നു ദിവസം ആന്തരിക അവയവങ്ങളില്‍ അണുബാധ ഉണ്ടായി തീര്‍ത്തും ഗുരുതരാവസ്ഥയിലായി രശ്മി. തുടര്‍ന്നാണ് മരണത്തിനു കീഴടങ്ങിയത്. ഒരു കുടുംബത്തിന്റെ അത്താണിയാണ് ഭക്ഷ്യവിഷബാധയേറ്റ് മരണത്തിനു കീഴടങ്ങിയത്. ഇപ്പോള്‍ ആരോപണ വിധേയമായിരിക്കുന്ന ഹോട്ടല്‍ രണ്ടു മാസം മുന്‍പ് ആരോഗ്യ വിഭാഗം പരിശോധന നടത്തി പൂട്ടിച്ചതാണ്. അത് വീണ്ടും തുറന്നു പ്രവര്‍ത്തിച്ചു തുടങ്ങുന്നതിനിടയിലാണ് ഈ അത്യാഹിതം.

ഇനി ഭക്ഷ്യ സുരക്ഷാ വിഭാഗം കണ്ണടച്ചു നില്‍ക്കുന്ന മറ്റൊരു ഇടമുണ്ട്. ഭക്ഷ്യവിഷബാധയുടെ പ്രധാന കാരണങ്ങളില്‍ ഒന്നാണത്. ഇറച്ചി കച്ചവടത്തിന്റെ മറവിലെ ചത്ത മാടുകളുടെ മാംസ വില്‍പ്പനയാണ് അതിലൂടെ നടത്തുന്നത്. രോഗം വന്നതും, കാരണമറിയാതെ ചത്തുപോകുന്നതുമായ ആടുമാടുകളുടെ മാംസം കേരളത്തിലേക്കു വ്യാപകമായി തമിഴ്‌നാട്ടില്‍ നിന്നും എത്തിക്കുന്ന ലോബികള്‍ സജീവമാണ്. ഒപ്പം സുനാമി ഇറച്ചി എന്ന പേരില്‍ ചത്ത കോഴിയുടെ മാംസം 'എം' എന്ന കോഡില്‍ ബേക്കറി പലഹാരങ്ങള്‍ക്കും കേറ്ററിങ്ങ് കാര്‍ക്കും മറ്റും വില്‍ക്കുന്ന ലോബിയും ശക്തമാണ്. ചെറിയ കാശിന് കിട്ടുന്ന ചത്ത കോഴിയുടെ മാംസം നല്ലതിനൊപ്പം ചേര്‍ത്താണ് തട്ടിപ്പ്.

ഒന്നു പറയാം ഭക്ഷ്യവിഷബാധ ഒരു ചെറിയ കാര്യമല്ല. മരണസാധ്യത ഏറെയുള്ള ഒന്നാണ്. മാംസഭക്ഷണം മാത്രമാണ് പ്രശ്‌നം എന്നു കരുതേണ്ട. വെജിറ്റേറിയന്‍കാരുടെ പനീറും പണി തരാന്‍ സാധ്യത ഏറെയുള്ള ഒരു ഭക്ഷ്യ വിഭവമാണ്. വൃത്തിക്കുറവും, പഴക്കം ചെന്ന ഭക്ഷണവും ജീവനെടുക്കാതിരിക്കാന്‍ സ്വയം ജാഗ്രത പാലിക്കുകയാണ് വേണ്ടത്. അതല്ലാതെ, കൈക്കൂലിയില്‍ മതിമറക്കുന്ന ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും ഉള്ള നാട്ടില്‍ കൂടുതല്‍ പ്രതീക്ഷിക്കരുത്.

സ്വന്തം ആരോഗ്യം നോക്കേണ്ടത് അവനവന്റെ ഉത്തരവാദിത്തമായി കാണുക. പോയാല്‍ അവനവനും കുടുംബത്തിനും മാത്രമാകും നഷ്ടം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക