Image

കോഴിക്കോടിന്റെ മനം നിറച്ച് സ്‌ക്കൂള്‍ കലോത്സവം (ദുര്‍ഗ മനോജ് )

ദുര്‍ഗ മനോജ് Published on 04 January, 2023
കോഴിക്കോടിന്റെ മനം നിറച്ച് സ്‌ക്കൂള്‍ കലോത്സവം (ദുര്‍ഗ മനോജ് )

അറുപത്തൊന്നാമതു സ്‌ക്കൂള്‍ യുവജനോത്സവത്തിന് കൊടിയേറിയതോടെ കോഴിക്കോടുനഗരം കലകളുടെ ഉത്സവ ലഹരിയിലായി. ഒരു ദിവസം പിന്നിടുമ്പോള്‍ കണ്ണൂരാണ് പോയിന്റ് നിലയില്‍ മുന്നില്‍, തൊട്ടു പിന്നില്‍ കോഴിക്കോട് ഉണ്ട്. വേദനിപ്പിക്കുന്ന മനുഷ്യരെ ഒന്നിപ്പിക്കുന്നതാണ് കലയെന്ന് കലോല്‍സവം ഉദ്ഘാടനം ചെയ്തു കൊണ്ട് പറഞ്ഞു. ജാതിക്കും മതത്തിനും അതീതമാണ് കല. വേര്‍തിരിവുകളില്ലാത്ത ആസ്വാദനം നമുക്കു സാധ്യമാകണം. ഗോത്രകലകള്‍ ഉള്‍പ്പെടെ അടയാളപ്പെടുത്താതെ പോകുന്ന കലകളെ കലോത്സവത്തില്‍ ഉള്‍പ്പെടുത്തുന്നതു പരിഗണിക്കുമെന്ന് അദ്ദേഹം പറഞ്ഞു. അറുപത്തൊന്നാം കലോത്സവത്തില്‍ 61 കുട്ടികള്‍ സ്വാഗത ഗാനം ആലപിച്ചു.

ഈ കലോത്സവത്തിന് ഒരു ചെറിയ പ്രത്യേകത കൂടിയുണ്ട്, ഇന്ന് ഏതൊരു ഐറ്റത്തിനും സംസ്ഥാന തലം വരെ എത്തണമെങ്കില്‍ പണച്ചെലവു നല്ലതുപോലെയുണ്ട്. പഴയ കാലത്തെപ്പോലെ തട്ടിക്കൂട്ട് പരിപാടികളുമായി മത്സരിക്കാന്‍ ഇറങ്ങിയാല്‍ സ്‌ക്കൂള്‍ തലം പോലും കടന്നു കിട്ടില്ല, എന്നിട്ടല്ലേ സംസ്ഥാനതലം! മിമിക്രിയാകട്ടെ, പാട്ട് ആകട്ടെ എന്തിനും ഗുരു വേണം. ഗുരുവിന് ഫീസും പിന്നെ തട്ടില്‍ക്കയറാന്‍ ഗുരുദക്ഷിണയും വേണം. പക്കമേളക്കാരെയൊക്കെ ഒഴിവാക്കിയില്‍ നൃത്ത ഇനങ്ങള്‍ക്കു ചെലവു കുറയുമെന്നു ഗവണ്‍മെന്റ് കണ്ടെത്തിയപ്പോഴും, പെന്‍ഡ്രൈവില്‍ പക്കമേളം റെക്കോര്‍ഡ് ചെയ്യാന്‍ ചെലവ് ഒട്ടും കുറവല്ല എന്നത് കുട്ടികളേയും രക്ഷിതാക്കളേയും അക്ഷരാര്‍ത്ഥത്തില്‍ വട്ടംചുറ്റിക്കുന്നു. അതിനാല്‍ കലോത്സവത്തിലെ യഥാര്‍ത്ഥ താരം ഗുരുവാണ്.

എന്നാല്‍ ഇപ്പോള്‍, അപൂര്‍വം ചില കുട്ടികള്‍ അല്പം വഴിമാറി നടന്നു നോക്കുകയാണ്. അവര്‍ യൂട്യൂബിനെ ഗുരുവാക്കി വീട്ടിലിരുന്നു പരിശീലനം തേടുന്നു. അത്തരത്തില്‍ രണ്ടു കുട്ടികളാണ് മിമിക്രിയില്‍ എ ഗ്രേഡ് നേടിയ കൊല്ലം, എസ് എന്‍ ജിഎച്ച്എസിലെ ലക്ഷ്മി ബി എസും, ചാക്യാര്‍കൂത്തില്‍ എ ഗ്രേഡ് നേടിയ എളേറ്റില്‍ എം ജെഎച്ച് എസ് എസിലെ സഞ്ജയ് സന്തോഷും.

ഏതായാലും ഇത്തവണ അപ്പീല്‍ പെരുമഴ ഇല്ലാത്തതിനാല്‍ സമയക്രമം കുറേയൊക്കെ പാലിച്ചു മുന്നോട്ടുപോകാനാകും എന്നാണ് കരുതുന്നത്.
മന്ത്രിയ്ക്ക് പറയാം, മത്സരമല്ല, പങ്കെടുക്കലാണ് വലുത് എന്നൊക്കെ, ലക്ഷങ്ങളാണ് സംസ്ഥാനതലം വരെ രണ്ടോ മൂന്നോ നൃത്ത ഇനങ്ങള്‍ക്കു മത്സരിച്ചാല്‍ രക്ഷിതാക്കള്‍ക്ക് ചെലവാകുന്നത്. അപ്പോള്‍ മത്സരം എന്നാല്‍ യുദ്ധം തന്നെയാകും. എങ്ങാനും നല്ലൊരു സംവിധായകന്റെ കണ്ണില്‍പ്പെട്ടാല്‍ മഞ്ചു വാര്യരാകാനുള്ള അവസരമാണ് മുന്നില്‍. അതു കളയാന്‍ കാശു മുടക്കുന്നവരെന്താ അത്ര മണ്ടന്മാരോ?

ഏതായാലും ഏഴാം തീയതി ആകുമ്പോഴേക്കും മാധ്യമങ്ങള്‍ വിജയികളെ ആവുന്നത്ര പുകഴ്ത്തും, വിജയികളില്‍ ചിലര്‍ മീഡിയയില്‍ മുഖം കാട്ടും, പത്രത്താളില്‍ ഇടം നേടും. ബഹുഭൂരിപക്ഷം നിരാശരായി അടുത്ത അങ്കം കുറിച്ചു മടങ്ങും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക