Image

പുതുവത്സരത്തില്‍ ഭക്ഷ്യവിഷബാധയേറ്റ് കേരളം (ദുര്‍ഗ മനോജ് )

ദുര്‍ഗ മനോജ് Published on 07 January, 2023
പുതുവത്സരത്തില്‍ ഭക്ഷ്യവിഷബാധയേറ്റ് കേരളം (ദുര്‍ഗ മനോജ് )

മരണത്തിനു കടന്നു വരാന്‍ പ്രത്യേക വഴിയൊന്നും വെട്ടിയൊരുക്കേണ്ടതില്ല. അതിപ്പോ കഠാരയുടെ കൂര്‍ത്തതുമ്പു കൊണ്ടുമാകാം, അല്ലെങ്കില്‍ കുഴിമന്തിയിലെ പഴകിയ ഇറച്ചിയില്‍ നിന്നുമാകാം. ഒരു ചരമക്കുറിപ്പ് എഴുതി പേന താഴെ വെയ്ക്കും മുന്‍പ് അടുത്ത വാര്‍ത്തയും വന്നുകഴിഞ്ഞു. ഇതു കേരളത്തിന്റെ വടക്കേ അറ്റത്തു നിന്നാണ്. കാസര്‍ഗോഡ് സ്വദേശിനിയായ അഞ്ജുശ്രീ പാര്‍വതിയാണ് മംഗലാപുരത്ത് ചികിത്സയിലിരിക്കേ മരിച്ചത്. പുതുവത്സരം ആഘോഷിക്കാന്‍ ഓണ്‍ലൈനായി റൊമന്‍സിയ എന്ന ഹോട്ടലില്‍ നിന്നു വാങ്ങിയ കുഴിമന്തി കഴിച്ച ശേഷമാണ് അഞ്ജുശ്രീയ്ക്ക് ശാരീരിക അസ്വാസ്ഥ്യം ഉണ്ടായത്. കാസര്‍ഗോഡ് ചികിത്സ തേടിയെങ്കിലും ഫലമുണ്ടായില്ല. നിലവഷളായതിനെത്തുടര്‍ന്ന് മംഗലാപുരത്തേക്കു മാറ്റുകയായിരുന്നു. ഇന്നലെ മരണത്തിനു കീഴടങ്ങി.

കോട്ടയത്തെ ഭക്ഷ്യവിഷബാധയേറ്റുള്ള നഴ്‌സ് രശ്മി രാജിന്റെ മരണത്തെത്തുടര്‍ന്ന് സംസ്ഥാനമൊട്ടുക്കും ആരോഗ്യവകുപ്പിന്റെ പരിശോധനകള്‍ നടന്നുവരികയാണ്. ഷവര്‍മ്മക്കടകളിലും പരിശോന നടക്കുന്നുണ്ട്. ഇന്നലെ 485 സ്ഥാപനങ്ങളില്‍ ഷവര്‍മ്മ പ്രത്യേക പരിശോധന നടത്തിയതില്‍ പത്ത് എണ്ണം പൂട്ടിച്ചു. ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിച്ച ആറെണ്ണവും കണ്ടെത്തി. 162 സ്ഥാപനങ്ങള്‍ക്ക് പിഴവുകള്‍ പരിഹരിക്കാന്‍ നോട്ടീസും നല്‍കി.

ഏതായാലും ഈ കോലാഹലം ഒരു രണ്ടാഴ്ച കൂടി തകര്‍ത്ത് മുന്നേറും. അതു കഴിയുമ്പോള്‍, കാണേണ്ടപോലെ കാണേണ്ടവരെ കാണുമ്പോള്‍ അടച്ചതും പൂട്ടിച്ചതും ഒക്കെ മറ്റു പേരിലോ അതേ പേരിലോ ചുവരില്‍ അല്പം പെയിന്റ് വാരിത്തേച്ച് കാഴ്ചയ്ക്ക് ഒരു ആനച്ചന്തം വരുത്തി പ്രവര്‍ത്തിച്ചു തുടങ്ങും. ഒട്ടും സംശയിക്കണ്ട, ആ പഴയ സുനാമി ചിക്കന്റെ വരവു തടഞ്ഞിട്ടില്ല. അതിനാല്‍ സുനാമി ചിക്കനും, ഒപ്പം  ഡിണ്ടിഗലില്‍ നിന്നും തെര്‍മോകോള്‍ പെട്ടിയില്‍ കുറച്ച് ഫോര്‍മാലിന്‍ ഐസില്‍ പൊതിഞ്ഞ ചത്ത ആടുമാടുകളുടെ മാംസവും അമൃത എക്‌സ്പ്രസില്‍ കേരളത്തിലേക്ക് വരും. അതൊക്കെത്തന്നെ ഉപ്പും മുളകും ചേര്‍ത്ത് കുഴിമന്തിയായും അല്‍ഫാംആയും നമ്മുടെ തീന്‍മേശയില്‍ എത്തും.

Food poisoning in Kerala on New Year.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക