Image

യുക്മ ചാരിറ്റി ഫൗണ്ടേഷന്‍ നിര്‍മ്മിച്ച വീടുകളുടെ താക്കോല്‍ ദാനം

Published on 09 January, 2023
 യുക്മ ചാരിറ്റി ഫൗണ്ടേഷന്‍ നിര്‍മ്മിച്ച വീടുകളുടെ താക്കോല്‍ ദാനം

 

ലണ്ടന്‍: യുകെ മലയാളികളില്‍ നിന്നും കേരളത്തിലെ വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി യുക്മ ചാരിറ്റി ഫൗണ്ടേഷന്‍ സമാഹരിച്ച ഫണ്ടുപയോഗിച്ച് മുണ്ടക്കയം കൂട്ടിക്കല്‍ പഞ്ചായത്തില്‍ നിര്‍മ്മിച്ച രണ്ട് വീടുകളുടെ താക്കോല്‍ ദാനം കേരള സംസ്ഥാന സഹകരണ, രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി . വി.എന്‍. വാസവന്‍ നിര്‍വഹിച്ചു. ശനിയാഴ്ച രാവിലെപതിനൊന്നിന് കൂട്ടിക്കല്‍ സെന്റ്. മേരീസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് പാരീഷ് ഹാളില്‍ പൂഞ്ഞാര്‍ എം.എല്‍.എ. അഡ്വ. സെബാസ്റ്റ്യന്‍ കുളത്തിങ്കലിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ പത്തനംതിട്ട എം.പി. ആന്റെ ആന്റണി മുഖ്യ പ്രഭാഷണം നടത്തി.

2021 ല്‍ കേരളത്തിലെ മലയോര മേഖലകളിലാകെ ഭീകരനാശം വിതച്ച ഉരുള്‍പൊട്ടലുകളില്‍ ഏറ്റവും കൂടുതല്‍ നാശം സംഭവിച്ച കൂട്ടിക്കല്‍ പഞ്ചായത്തില്‍, പഞ്ചായത്തിന്റെ സഹകരണത്തോടെ അനുയോജ്യരായ ഉപഭോക്താക്കളെ കണ്ടെത്തുകയും, വീടുകളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുകയും ചെയ്തത് ഷാജി തോമസാണ്.


യുക്മ പ്രസിഡന്റ് ഡോ.ബിജു പെരിങ്ങത്തറ, സെക്രട്ടറി കുര്യന്‍ ജോര്‍ജ് എന്നിവര്‍ നേതൃത്വം കൊടുക്കുന്ന യുക്മ ദേശീയ സമിതിയുടെ കീഴില്‍ യുക്മ ചാരിറ്റി ഫൌണ്ടേഷനില്‍ മനോജ് കുമാര്‍ പിള്ള, അലക്‌സ് വര്‍ഗീസ്, അഡ്വ.എബി സെബാസ്റ്റ്യന്‍, ടിറ്റോ തോമസ്, ഷാജി തോമസ്, വര്‍ഗീസ് ഡാനിയേല്‍, ബൈജു തോമസ് എന്നിവരാണ് നിലവിലെ യുക്മ ചാരിറ്റി ഫൌണ്ടേഷന്‍ ട്രസ്റ്റിമാര്‍. 

2018 ഓഗസ്റ്റ് മാസത്തില്‍ കേരളത്തില്‍ നടന്ന മഹാപ്രളയത്തില്‍ എല്ലാം നഷ്ടപ്പെട്ടവര്‍ക്ക് വേണ്ടി അന്നത്തെ യുക്മ പ്രസിഡന്റ് മാമ്മന്‍ ഫിലിപ്പ് നേതൃത്വം കൊടുത്ത യുക്മ ദേശീയ സമിതിയുടെ കീഴില്‍ യുക്മ ചാരിറ്റി ഫൌണ്ടേഷന്‍ സമാഹരിച്ച തുകയില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മന്ത്രി കടകംപള്ളി സുരേന്ദ്രന് കൈമാറിയ തുകയുടെ ബാക്കി ഉപയോഗിച്ചാണ് രണ്ട് ഭവനങ്ങള്‍ പൂര്‍ത്തീകരിച്ചിരിക്കുന്നത്.

അലക്‌സ് വര്‍ഗീസ്‌

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക