Image

എലിയോടു വേണ്ടിനി യുദ്ധം; ഷെഡ്യൂള്‍ അഞ്ച് ഇനിയില്ല ( ദുര്‍ഗ മനോജ് )

ദുര്‍ഗ മനോജ് Published on 13 January, 2023
എലിയോടു വേണ്ടിനി യുദ്ധം; ഷെഡ്യൂള്‍ അഞ്ച് ഇനിയില്ല ( ദുര്‍ഗ മനോജ് )

വില്ല്, വിഷം, പെട്ടി, പശ, മുക്കിക്കൊല്ലല്‍, അടിച്ചു കൊല്ലല്‍ തുടങ്ങിയ മാര്‍ഗങ്ങള്‍ ഒരുക്കി എലിയെ പിടിക്കാന്‍ കാത്തിരിക്കുവാണോ? ഒന്ന് സൂക്ഷിച്ചാല്‍ മൂന്നു വര്‍ഷം അകത്തു പോകാതെ രക്ഷപ്പെടാം. കാക്ക, എലി, പഴം തീനി വവ്വാല്‍ തുടങ്ങിയ ജീവികളെ കൊന്നാല്‍ ഇനി കാത്തിരിക്കുന്നത് തടവും, പിഴയും. ഈ ജീവികളെ സംരക്ഷിത വിഭാഗമാക്കി ഷെഡ്യൂള്‍ രണ്ടില്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനമിറക്കി.

വിളകള്‍ നശിപ്പിക്കുകയും രോഗം പരത്തുകയും ചെയ്യുന്ന വെര്‍മിന്‍ ജീവികള്‍ അടങ്ങിയ അഞ്ചാം ഷെഡ്യൂളില്‍ ആയിരുന്നു എലിയും കാക്കയുമൊക്കെ. കാക്കയെക്കൊണ്ട് കെടുതിയില്ല. കാ കാ എന്ന് കരഞ്ഞ് വീട്ടുമുറ്റം വൃത്തിയാക്കിയിരുന്നവയാണത്. കവികള്‍ പാടിയതുപോലെ കുട്ടികളുടെ കൈയിലെ നെയ്യപ്പം പഴയപോലെ കുട്ടികളേയും കാക്കകളേയും ഭ്രമിപ്പിക്കുന്നുമില്ല. വവ്വാലുകള്‍ പഴത്തോട്ടങ്ങള്‍ക്കു ഭീഷണിയാണെങ്കിലും, കാട്ടുപന്നിയോളം വരില്ലല്ലോ എന്നു കരുതി ക്ഷമിക്കാം. എന്നാല്‍ മെഡിക്കല്‍ കോളേജില്‍ ഡയാലിസിസ് നടത്തിക്കിടന്ന രോഗിയുടെ കാല്‍വിരല്‍ കരണ്ടു കൊണ്ടുപോകാന്‍ വരെ ധൈര്യം കാണിക്കുന്ന എലികളോട് സംയമനം പാലിക്കണം എന്ന നിയമം മനുഷ്യവിരുദ്ധമല്ലേ?
1972 ലെ വന്യ ജീവി സംരക്ഷണ നിയമത്തിലെ പുതിയ ഭേദഗതി പ്രകാരം ഷെഡ്യൂളുകള്‍ ആറില്‍ നിന്നും നാലായി ചുരുങ്ങി. കൊല്ലാന്‍ അനുമതിയുള്ള ജീവികളാണ് അഞ്ചില്‍ ഉണ്ടായിരുന്നത്. അവ കുറഞ്ഞ സംരക്ഷണം ആവശ്യമുള്ള ജീവികള്‍ ഉള്‍പ്പെടുന്ന പട്ടികയിലേക്കു മാറുകയാണ്, അതായത് ഷെഡ്യൂള്‍ രണ്ടിലേക്ക്. പിന്നെ ഒരാശ്വാസമുണ്ട്, എങ്ങാനും ഇവ ക്രമാതീതമായി പെരുകുകയോ, മനുഷ്യനേയോ വിളകളേയോ കാലികളേയോ ആക്രമിച്ചാല്‍ അവയെ വെര്‍മിന്‍ വിഭാഗത്തില്‍പ്പെടുത്തി കൊന്നൊടുക്കാന്‍ കേന്ദ്രത്തിന് സംസ്ഥാന വൈല്‍ഡ് ലൈഫ് ബോര്‍ഡ് വഴി അപേക്ഷിക്കാം.( ആ അപേക്ഷ അനുവദിച്ചു വരുമ്പോള്‍ എലിവല്ലതും ബാക്കി വച്ചാലല്ലേ എന്ന സംശയം ബാക്കി.)

വന്യജീവി സംരക്ഷണ നിയമത്തില്‍ ഉള്‍പ്പെട്ട ജീവികളെ കൊല്ലാന്‍ കേന്ദ്രം കനിഞ്ഞേ പറ്റൂ. തേങ്ങാമുറികരണ്ടു തിന്നുന്ന, കാണുന്നിടത്തു മുഴുവന്‍ മൂത്രിച്ചും കാഷ്ഠിച്ചും വൃത്തികേടാക്കുന്ന എലികളേ, ഇനി നിങ്ങടെ കാലം.:

Join WhatsApp News
Ninan Mathullah 2023-01-19 02:14:23
Is it because rat is closely related to a god of BJP/RSS supporters? Politics and religion everywhere. No doubt the younger generation trying to escape from India. Now they can't cultivate land and make a living. Human life and security is more important than animal life.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക