Image

റോഡിന്റെ അവസ്ഥ മോശം;  മാപ്പു പറഞ്ഞ്, യുവാവിന്റെ കാല്‍ കഴുകി വൃത്തിയാക്കി മന്ത്രി! (ദുര്‍ഗ മനോജ് )

ദുര്‍ഗ മനോജ് Published on 17 January, 2023
റോഡിന്റെ അവസ്ഥ മോശം;  മാപ്പു പറഞ്ഞ്, യുവാവിന്റെ കാല്‍ കഴുകി വൃത്തിയാക്കി മന്ത്രി! (ദുര്‍ഗ മനോജ് )

ഈ വാര്‍ത്ത ഭോപ്പാലില്‍ നിന്നാണ്. റോഡ് തകര്‍ന്നതിനെത്തുടര്‍ന്ന് യുവാവിന്റെ കാലില്‍ പറ്റിയ ചെളി, മന്ത്രി പ്രധുമന്‍ സിംഗ് തോമര്‍ കഴുകിക്കളയുന്ന ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. ഗ്വാളിയോറിലെ, വിനയ് നഗര്‍ മേഖലയിലെ റോഡിന്റെ ശോച്യാവസ്ഥ നേരിട്ട് മനസിലാക്കാനാണ് മന്ത്രി എത്തിയത്. അഴുക്കുചാലിനു വേണ്ടി എടുത്ത കുഴികള്‍ കാരണമാണ് റോഡ് ശോച്യാവസ്ഥയില്‍ ആയത്. ഇതിനെക്കുറിച്ച് അന്വേഷിക്കുന്നതിനിടയിലാണ് യുവാവിന്റെ കാലില്‍ പറ്റിപ്പിടിച്ച ചളി മന്ത്രി കഴുകിക്കളഞ്ഞത്. കൂടാതെ ജനങ്ങളോടു മന്ത്രി മാപ്പും പറഞ്ഞു. റോഡിന്റെ അറ്റകുറ്റപ്പണികള്‍ പെട്ടെന്നു പൂര്‍ത്തിയാക്കുമെന്ന് അദ്ദേഹം അറിയിച്ചു.

ഇതൊക്കെ കാണുമ്പോള്‍ ചിലതു പറയാതെ വയ്യ, ഒരു വര്‍ഷത്തിലേറെക്കാലമായി തകര്‍ന്നു കിടക്കുന്ന റോഡുകള്‍ ഒന്നും രണ്ടുമല്ല തിരുവനന്തപുരം കോര്‍പ്പറേഷനു കീഴിലുള്ളത്. പലതും ആഴത്തില്‍ കുഴിച്ചിട്ടു കഴിഞ്ഞതോടെ കരാറുകാരന്‍ തിരിഞ്ഞു നോക്കാത്തവയാണ്. അത്തരം റോഡുകള്‍ മിക്കവയും ഇടറോഡുകള്‍ ആയതിനാല്‍ വി ഐ പി സഞ്ചാരം തീരെ ഇല്ലാത്തതിനാലും, കുഴിയില്‍ വീണ വോട്ടറെ പൊക്കിയെടുക്കാന്‍ ഒരു അധികാരി ടീമിനേയും കണ്ട ചരിത്രവുമില്ല. ജപ്പാന്‍ കുടിവെള്ള പദ്ധതി കുഴിച്ചുകുളമാക്കിയ റോഡുകളുടെ നീളമെടുത്താല്‍ ജപ്പാനേക്കാളും വലുതാണ്.

ഏതായാലും, പ്രധുമന്‌സിംഗ് തോമര്‍ എന്ന മന്ത്രി പബ്ലിസിറ്റിക്കു വേണ്ടി നടത്തിയ കസര്‍ത്താണ്, എന്നു വാദിച്ചാലും സാരമില്ല, ഒരു വട്ടമെങ്കിലും വോട്ടുകുത്തി ജയിപ്പിച്ചവരോട് ഒന്നു മാപ്പു പറഞ്ഞല്ലോ. ഇവിടെ അതുമില്ല. അമ്പതു മീറ്റര്‍ ദൂരമുള്ള വീട്ടിലേക്ക് രണ്ടും മൂന്നും കിലോമീറ്റര്‍ ചുറ്റി വളഞ്ഞ് സഞ്ചരിച്ച്, ഭാഗ്യം കൊണ്ടു മാത്രം ചെളിയില്‍ ഉരുണ്ടു കെട്ടി വീഴാതെ നടന്നു വീടു പിടിക്കുന്നവര്‍ക്ക് ചുമ്മാതൊന്ന് ആശിക്കാം, വരും, തോമറിനെ കണ്ട് ഏതേലും ഒരു മന്ത്രി വന്നൊരു മാപ്പ് പറയും. തിരുവനന്തപുരത്തു മാത്രമല്ല, ഒട്ടുമിക്ക പട്ടണങ്ങളിലും തകര്‍ന്ന റോഡും, ഗതാഗതക്കുരുക്കും ഒരു ആഡംബര കാഴ്ചയാണിന്ന്. പത്തുപന്ത്രണ്ടടി താഴ്ചയില്‍ കുഴിയാക്കി ഇട്ടിരിക്കുന്ന റോഡിനടുത്തു നിന്ന് സെല്‍ഫി എടുക്കാം. എന്നിട്ട് പറയാം ആഹാ അന്തസ് എന്ന്. ഏതായാലും കിഫ് ബി യുടെ കഥ കഴിയാറായി എന്ന കരക്കമ്പിയും പ്രചരിക്കുന്നതിനാല്‍ റോഡിന്റെ ഭാവി, ഭൂതമാകാനും മതി.

ആശിക്കാന്‍ കാശു വേണ്ടല്ലാ. നല്ല റോഡ് ഒരു സ്വപ്നമാണ്. തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ പ്രശ്‌ന പരിഹാരം വന്നെത്തുമായിരിക്കും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക