Image

മൈസൂരിനെ വിറപ്പിച്ച് പുലി വിളയാടല്‍ (ദുര്‍ഗ മനോജ് )

ദുര്‍ഗ മനോജ് Published on 23 January, 2023
മൈസൂരിനെ വിറപ്പിച്ച് പുലി വിളയാടല്‍ (ദുര്‍ഗ മനോജ് )

മൂന്നുദിവസത്തിനിടെ മൈസൂരില്‍ പുലി കൊല്ലപ്പെടുത്തിയത് മൂന്നു പേരെ. നാഗര്‍ ഹോളെ വനത്തിന് സമീപം, പതിനെട്ടു വയസുള്ള മഞ്ചുവിനെയാണ് ഇന്നലെ പുലി കൊന്നത്. വിറകു ശേഖരിക്കാന്‍ പോയതാണ് മഞ്ചു. ശനിയാഴ്ച രാത്രി ഒരു അഞ്ചാം ക്ലാസുകാരനെ ആക്രമിച്ചതിനു തൊട്ടുപിന്നാലെയാണ് ഈ സംഭവം.വൈകുന്നേരം ബിസ്‌ക്കറ്റ് വാങ്ങാന്‍ പോയ കുട്ടിയെ കാണാതാകുകയായിരുന്നു. വനം വകുപ്പ് നടത്തിയ തിരച്ചിലിനൊടുവില്‍ ഞായറാഴ്ച പുലര്‍ച്ചെയാണ് കുഞ്ഞിന്റെ ജഡം കണ്ടെത്തിയത്.വീട്ടില്‍ നിന്നും രണ്ടു കിലോമീറ്റര്‍ മാറിയാണ് ഒരു കുട്ടിക്കാട്ടില്‍ കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.വെള്ളിയാഴ്ച സിദ്ധമ്മ എന്ന സ്ത്രീയാണ് പുലിയുടെ ആക്രമണത്തില്‍ മരിച്ചത്.തുടര്‍ച്ചയായ ദിവസങ്ങളില്‍ മൂന്ന് ആക്രമണങ്ങള്‍ മൂന്ന് മരണങ്ങള്‍. പുലികളെ പിടികൂടാന്‍ പ്രത്യേക സ്‌ക്വാഡ് രൂപീകരിച്ചിരിക്കുകയാണ് ഇപ്പോള്‍. 
മലയോര മേഖലകളില്‍ എല്ലാം ഇപ്പോള്‍ വന്യ ജീവികളുടെ ആക്രമണം രൂക്ഷമാകുന്ന കാഴ്ചയാണ് ഉള്ളത്. കാട്ടിനുള്ളില്‍ സ്വാഭാവികമായ ഇരകള്‍ കുറയുമ്പോള്‍ വന്യമൃഗങ്ങള്‍ നാട്ടിലേക്ക് ഇറങ്ങുന്നതു പതിവാണ്. സാധാരണ, പ്രായാധിക്യം കൊണ്ടു വേട്ടയാടാന്‍ വയ്യാത്ത മൃഗങ്ങളാണ് നാട്ടിലേക്ക് ഇറങ്ങി വളര്‍ത്തുമൃഗങ്ങളെ ആക്രമിച്ചിരുന്നത്. എന്നാല്‍ ഇന്ന്, ആ സ്ഥിതിയും മാറിയിരിക്കുന്നു. നേരിട്ട് മനുഷ്യരെ ആക്രമിക്കുന്നതാണ് ഇപ്പോള്‍ വരുന്ന വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്..

ഇത് നിസാര പ്രശ്‌നമല്ല. ഒരു ഭാഗത്ത് പന്നികളും കുരങ്ങന്മാരും തത്തകളും മയിലുകളും കൃഷി മുച്ചൂടും നശിപ്പിക്കുന്നു. അതിനു കൂട്ടായി എല്ലാം ചവിട്ടിമെതിക്കാന്‍ ആനകളും എത്തുന്നു. ഒന്നു പുറത്തു കിറങ്ങാന്‍ സാധിക്കാത്ത വിധം പുലിയും കടുവയും കാവല്‍ നില്‍ക്കുക കൂടി ചെയ്താല്‍ മനുഷ്യര്‍ എന്തു ചെയ്യും? പോംവഴി കണ്ടെത്തേണ്ടിയിരിക്കുന്നു. വൈകിയാല്‍ ഇനിയും എത്ര ജീവന്‍ ബലി നല്‍കേണ്ടി വരുമെന്നറിയില്ല. മയക്കുവെടി വെച്ചോ അല്ലാതെയോ ആക്രമണകാരികളായ മൃഗങ്ങളുടെ കാര്യത്തില്‍ ഒരു നിലപാട് എടുക്കാന്‍ വൈകരുത്. വന്യ ജീവി ആക്രമണത്തില്‍ ഇനിയും മനുഷ്യര്‍ കൊല്ലപ്പെടരുത്.

Mysore was shaken by the roar of the tiger.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക