Image

ട്വിസ്റ്റുകളുമായി പി ടി സെവന്‍ സഹായ വാഗ്ദാനവുമായി എം.എല്‍.എ ഗണേഷ് കുമാര്‍ : (ദുര്‍ഗ മനോജ്)

ദുര്‍ഗ മനോജ് Published on 27 January, 2023
ട്വിസ്റ്റുകളുമായി പി ടി സെവന്‍ സഹായ വാഗ്ദാനവുമായി എം.എല്‍.എ ഗണേഷ് കുമാര്‍ : (ദുര്‍ഗ മനോജ്)


മയക്കുവെടിവെച്ച് ആനയെ തളച്ചത് ദൃശ്യമാധ്യമങ്ങള്‍ക്ക് ഒരു ദിവസം നീണ്ടു നിന്ന ആഘോഷമായിരുന്നു. ആനയാണോ? ആനയ്ക്കു കൊമ്പുണ്ടോ എന്നൊക്കെ ആഘോഷത്തോടെ ചോദിച്ച റിപ്പോര്‍ട്ടര്‍മാരും, ഒരു കാഴ്ചയായി നാട്ടുകാര്‍ക്ക്. എന്നാല്‍ കൂട്ടില്‍ അടച്ച ശേഷം, വരുന്ന വാര്‍ത്തകള്‍ അത്ര ശുഭകരമല്ല. എന്തുകൊണ്ട് പി ടി സെവന്‍ ആക്രമണകാരിയായി എന്നതിന്റെ ഉത്തരമാണ് പുറത്തു വന്നിരിക്കുന്നത്. ആരോ നാടന്‍ തോക്ക് ഉപയോഗിച്ച് ആനയെ വെടിവെച്ചിരിക്കുകയാണ്. അവയുടെ പെല്ലറ്റുകള്‍ ശരീരത്തില്‍ തുളഞ്ഞുകയറിയുള്ള അസഹ്യമായ വേദന കൊണ്ടാണ് ആന നാട്ടിലേക്ക് ഇറങ്ങുകയും ഉപദ്രവകാരിയായി മാറുകയും ചെയ്തത്. പതിനഞ്ചോളം പെല്ലറ്റുകളാണ് ആനയുടെ ശരീരത്തില്‍ കണ്ടെത്തിയത്. ഏതാനും പെല്ലറ്റുകള്‍ നീക്കം ചെയ്തിട്ടുണ്ട്. ആന പൂര്‍ണമായും മെരുങ്ങാത്തതിനാല്‍ മുഴുവന്‍ നീക്കം ചെയ്യാനായിട്ടുമില്ല.

ഏതായാലും ആനയുടെ തുടര്‍ ചികിത്സയ്ക്കായി സഹായ വാഗ്ദാനവുമായി എം എല്‍ എ ഗണേഷ് കുമാര്‍ മുന്നോട്ടുവന്നിട്ടുണ്ട് എന്നത് ആശ്വാസകരമാണ്. ഇതേ സമയം കഴിഞ്ഞ വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ ഒരു കുട്ടിയെ ഉള്‍പ്പെടെ മൂന്നു പേരെ ആക്രമിച്ചു കൊലപ്പെടുത്തിയ പുള്ളിപ്പുലിയെ മൈസൂരില്‍ നിന്നും പിടികൂടാന്‍ കഴിഞ്ഞു. ഇന്നലെ രാത്രിയാണ് കര്‍ണാടക വനംവകുപ്പിന്റെ കെണിയില്‍ പുലി വീണത്.അഞ്ചു വയസ്സുള്ള പുലിയെ പിടികൂടാന്‍ ഇന്‍ഫ്രാറെഡ് ക്യാമറകളും നൂറ്റമ്പത് ഉദ്യോഗസ്ഥരുമാണ് ഉറക്കമിളച്ചത്.

വന്യജീവികളുടെ ആവാസവ്യവസ്ഥയില്‍ കാര്യമായ മാറ്റങ്ങള്‍ സംഭവിക്കുന്നതു കൊണ്ടു കൂടിയാണ് അവ ജനവാസ മേഖലയിലേക്ക് ഇറങ്ങി വരുന്നത് എന്നതും ഗൗരവത്തോടെ കാണേണ്ട കാര്യമാണ്. വയനാടന്‍ കാടുകളില്‍ വ്യാപകമായ മഞ്ഞക്കൊന്ന എന്ന മരം അതിവേഗം കാട്ടിനുള്ളിലേക്കു വ്യാപിക്കുന്നത് ചെറിയ മൃഗങ്ങളുടെ പോലും ഭക്ഷ്യലഭ്യതയെ ബാധിക്കുന്നു. കുരങ്ങന്മാര്‍ ഉള്‍പ്പെടെ ആ പ്രദേശം ഒഴിവാക്കുമ്പോള്‍ അവയുമായി ബന്ധപ്പെട്ടവയുടെ ഭക്ഷണലഭ്യതയും കുറയും. അതും കാട്ടില്‍ നിന്നും നാട്ടിലേക്ക് മൃഗങ്ങള്‍ ഇറങ്ങാന്‍ കാരണമാണ്.

കാടും കാട്ടുമൃഗങ്ങളും പ്രധാനമാണ്. അതുപോലെ പ്രധാനമാണ് മനുഷ്യരും മനുഷ്യ ജീവനും, കൃഷിയും.അപകടങ്ങള്‍ക്കു കാത്തിരിക്കുന്നതിനപ്പുറം മുന്‍കൂട്ടിക്കാണാനുള്ള കഴിവു കൂടി വനംവകുപ്പ് കാട്ടേണ്ടിയിരിക്കുന്നു.

ദുര്‍ഗ മനോജ്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക