Image

പഞ്ഞിമിഠായി കഴിക്കല്ലേ കുഞ്ഞുങ്ങളേയെന്നു ഭക്ഷ്യ സുരക്ഷാ വകുപ്പ്; മാരക വസ്തുക്കളുടെ വില്‍പന നിരോധിച്ചിട്ടു പോരേ ഉപദേശമെന്ന് പൊതുജനം (ദുര്‍ഗ മനോജ് )

ദുര്‍ഗ മനോജ് Published on 28 January, 2023
പഞ്ഞിമിഠായി കഴിക്കല്ലേ കുഞ്ഞുങ്ങളേയെന്നു ഭക്ഷ്യ സുരക്ഷാ വകുപ്പ്; മാരക വസ്തുക്കളുടെ വില്‍പന നിരോധിച്ചിട്ടു പോരേ ഉപദേശമെന്ന് പൊതുജനം (ദുര്‍ഗ മനോജ് )

നമുക്ക് ഓരോ സമയത്തും ഓരോ വാര്‍ത്ത കിട്ടും ആഘോഷിക്കാന്‍, കുറേ നാള്‍ ആ വാര്‍ത്തയാവും താരം. ഇടയ്ക്ക് ഒരു നരബലി വാര്‍ത്ത വന്നതോടെ നരബലി ടൂറിസം വരെ നടത്തിയ പാരമ്പര്യമുള്ളവര്‍ പെട്ടെന്നാണ് കഷായ ജ്യൂസിനു പിന്നാലെ പോയതും പ്രതികരിച്ചു ക്ഷീണിച്ചതും. അതിനിടയില്‍ പട്ടി കടി കുറച്ചു ദിവസം തിളങ്ങി നിന്നു. കമ്പോള നിലവാരം പോലെ, ഇന്നു പട്ടി കടിച്ചവര്‍, പട്ടി ഓടിച്ചവര്‍, പട്ടി നോക്കി പേടിപ്പിച്ചവര്‍ എന്നു വരെ നമ്മള്‍ ഡാറ്റ കണ്ടു ഞെട്ടി. അതു കഴിഞ്ഞപ്പോള്‍ ആനകള്‍, പിന്നാലെ, കടുവ, പുലി... അപ്പോഴാണ് പുതിയ കേസ് കിട്ടിയത്.ഭക്ഷ്യസുരക്ഷ!

ഇപ്പോള്‍ കുട്ടികളോടാണ് ഉപദേശം, സ്‌ക്കൂള്‍ പരിസരത്ത്, റോസ്, പിങ്ക് നിറത്തില്‍ പഞ്ഞിമിഠായി വില്‍ക്കുന്നുണ്ടെങ്കില്‍ നിറം ചേര്‍ക്കാത്തത് വാങ്ങിക്കഴിച്ചോ എന്ന്. പിങ്ക് നിറത്തിന് ചേര്‍ക്കുന്ന റോഡമിന്‍-ബി ആരോഗ്യത്തിന് ഹാനികരമാണ് പോലും. ശരി, അതു സമ്മതിച്ചു, എന്നാല്‍ ഈ ഹാനികരമായ വസ്തു എന്തുകൊണ്ട് നിരോധിക്കുന്നില്ല? അതെങ്ങനെ കടകളില്‍ വാങ്ങാന്‍ കിട്ടുന്നു? ജി എസ് ടി ഉള്‍പ്പെടെ നികുതി ഈടാക്കുമ്പോള്‍ ഈ വക സംഗതി ആരും അറിയുന്നില്ലേ?
റോഡമിന്‍-ബി അവിടെ നില്‍ക്കട്ടെ, കാശ്മീരി മുളകുപൊടിയിലെ ചുവപ്പ് രാസവസ്തു ചേര്‍ത്തു തയ്യാറാക്കിത്തരുന്നത് നാട്ടിലെ പ്രമുഖ ബ്രാന്‍ഡുകള്‍ ആണെന്നു കണ്ടെത്തിയിട്ട് എന്തെങ്കിലും നടപടി ഉണ്ടോ? മുളകുപൊടിയിലെ വിഷമോ മാരകം, വല്ലപ്പോഴും പിള്ളേര് വാങ്ങിത്തിന്നുന്ന പഞ്ഞി മിഠായിയിലെ വിഷമോ?
തീര്‍ന്നില്ല, കേക്കുകളില്‍, പേസ്ട്രികളില്‍ വിപ്ലവം നടക്കുകയാണല്ലോ, ഇതിലെ കളറുകള്‍ ഏതുതരമാണ്? അധികാരികള്‍ക്ക് ഉത്തരമുണ്ടോ? പണ്ട്, ക്രിസ്മസ് പ്ലം കേക്കുകളില്‍ പഞ്ചസാര കരിച്ച്, കരാമല്‍ സിറപ്പുണ്ടാക്കി അതു ചേര്‍ത്താണ് കടും ബ്രൗണ്‍ നിറം ഉണ്ടാക്കിയിരുന്നതെങ്കില്‍ ഇപ്പോള്‍ ഒരു നുള്ളു ബ്രൗണ്‍ നിറം ചേര്‍ത്താല്‍ പണി ഈസി.

ഭക്ഷണത്തിലെ മായം, ഒരു വ്യക്തിയുടെ ആരോഗ്യത്തിന്റെ പ്രശ്‌നമാണ്. ആരോഗ്യമുള്ള ജനങ്ങളാണ് നാടിന്റെ അടിത്തറ. മുക്കിനു മുക്കിന് ആശുപത്രികള്‍ ഉയരുന്നുവെന്നതും അവിടൊക്കെ ജനങ്ങള്‍ ഇടിച്ചു കയറുന്നതും ആരോഗ്യം കൂടിയിട്ടല്ല, മറിച്ച് പല വിധ അനാരോഗ്യ പ്രശ്‌നങ്ങള്‍ കൊണ്ടാണ്.

വായിച്ചു കേട്ട കഥയാണ്, ഒരു വൈദ്യന്‍ സ്വന്തം ഗ്രാമത്തില്‍ ഓരോ വീട്ടിലും എത്തി എല്ലാവരുടേയും ആരോഗ്യം നോക്കി മനസിലാക്കുന്നു. ഇതില്‍ ആരെങ്കിലും രോഗി ആയാല്‍ കുറ്റം വൈദ്യന്റെ ആണ്.

അത്തരം ഒരു നിയമം ആരോഗ്യരംഗത്തും ഭക്ഷ്യ സുരക്ഷാ രംഗത്തും കൊണ്ടുവരണം. മായം ചേര്‍ത്ത ഭക്ഷണം വിതരണം ചെയ്യപ്പെട്ടാല്‍ ഉത്തരവാദിത്തം അവര്‍ക്കും കൂടി നല്‍കണം. അല്ലാതെ പിള്ളേരോട് പഞ്ഞി മിഠായി ഉപദേശമല്ല ഭക്ഷ്യ സുരക്ഷാ വകുപ്പ് നടത്തേണ്ടത്.

The public is advised that banning the sale of deadly substances is not enough
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക