Image

എഡിസണിലെ ബുൾഡോസർ സംഭവത്തിൽ ക്രിമിനൽ  കുറ്റത്തിനു തെളിവില്ലെന്നു പോലീസ് 

Published on 04 February, 2023
എഡിസണിലെ ബുൾഡോസർ സംഭവത്തിൽ ക്രിമിനൽ  കുറ്റത്തിനു തെളിവില്ലെന്നു പോലീസ് 

ന്യൂ ജേഴ്സിയിലെ എഡിസണിൽ കഴിഞ്ഞ ഇന്ത്യൻ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ചു നടത്തിയ പരേഡിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെയും പടങ്ങൾ വച്ച ബുൾഡോസർ ഇറക്കിയതിൽ വിവേചന കുറ്റമാണെങ്കിലും അതിന്റെ പേരിൽ ഭീഷണിപ്പെടുത്താനുള്ള ശ്രമം ഉണ്ടായിരുന്നുവെന്നു തെളിഞ്ഞിട്ടില്ലെന്നു മിഡിൽസെക്സ് കൗണ്ടി പ്രോസിക്യൂട്ടറുടെ ഓഫീസ് പറയുന്നു. 

യു പിയിൽ മുസ്ലിങ്ങളുടെ വീടുകൾ പൊളിക്കാൻ ബുൾഡോസർ ഉപയോഗിക്കുന്ന രീതി യോഗി അധികാരത്തിൽ വന്ന ശേഷം തുടങ്ങിയതാണ്. യോഗിയുടെ ചിത്രത്തിനരികിൽ 'ബാബാ കാ ബുൾഡോസർ' എന്നെഴുതി വച്ചിരുന്നു. അതു കൊണ്ട് ഇതു വിരട്ടാനുള്ള അടവായിരുന്നുവെന്നു യുഎസ് മുസ്ലിം സംഘടനകൾ ആരോപിച്ചു. 

വിവേചന സംഭവമായി തന്നെയാണ് അതു റിപ്പോർട്ട് ചെയ്തിരുന്നതെന്നു പ്രോസിക്യൂട്ടർ പറയുന്നു. എന്നാൽ അതൊരു ക്രിമിനൽ കുറ്റമായി സ്ഥാപിക്കാൻ ആവശ്യമായ തെളിവുകൾ ലഭിച്ചില്ലെന്നു പ്രോസിക്യൂട്ടർ യോലാൻഡ സിച്ചോണും എഡിസൺ പോലീസ് ചീഫ് തോമസ് ബ്രയാനും പറഞ്ഞു. ക്രിമിനൽ കുറ്റം സ്ഥാപിച്ചിട്ടില്ലെങ്കിലും എല്ലാ വിദ്വേഷ നടപടികളെയും എതിർക്കുന്നുവെന്നും അവർ വ്യക്തമാക്കി. 

ഇന്ത്യൻ ബിസിനസ് അസോസിയേഷനാണ് പരേഡ് നടത്തിയത്. വിദ്വേഷ ചിഹ്നമായ ബുൾഡോസർ ഇന്ത്യയിലെ ന്യൂനപക്ഷങ്ങളെ ഭയപ്പെടുത്താൻ  ഇറക്കിയതാണെന്ന ആരോപണം സംഘാടകർ നിഷേധിച്ചിരുന്നു. എഡിസൺ പോലീസിനു പക്ഷെ നിരവധി പരാതികൾ ലഭിച്ചു. 

ബുൾഡോസർ വിഭജനത്തിന്റെയും വിദ്വേഷത്തിന്റെയും പ്രതീകമാണെന്നു എഡിസന്റെ ഇന്ത്യൻ അമേരിക്കൻ മേയർ സാം ജോഷി ചൂണ്ടിക്കാട്ടി. അതെ തുടർന്നു സംഘാടകർ മാപ്പു ചോദിച്ചു.

പോലീസ് പ്രസ്താവനയെ തുടർന്ന് കൗൺസിൽ ഓൺ അമേരിക്കൻ-ഇസ്ലാമിക് റിലേഷൻസ് പറഞ്ഞു: "അന്വേഷണം നടത്തിയതിനു മിഡിൽസെക്സ് കൗണ്ടി പ്രോസിക്യൂട്ടറുടെ ഓഫീസിനോട് നന്ദി പറയുന്നു. അതൊരു വിവേചന കുറ്റമായി കണ്ടതിനെ സ്വാഗതം ചെയ്യുന്നു." 

Not enough proof of bias intimidation in bulldozer incident 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക