Image

ബലൂൺ വഴിതെറ്റി വന്നതാണെന്നു പറഞ്ഞു  ചൈന ഖേദം പ്രകടിപ്പിച്ചെങ്കിലും ആന്റണി ബ്ലിങ്കൻ ചൈനീസ് സന്ദർശനം റദ്ദാക്കി

Published on 04 February, 2023
ബലൂൺ വഴിതെറ്റി വന്നതാണെന്നു പറഞ്ഞു  ചൈന ഖേദം പ്രകടിപ്പിച്ചെങ്കിലും ആന്റണി  ബ്ലിങ്കൻ ചൈനീസ് സന്ദർശനം റദ്ദാക്കി



യുഎസിനു മേൽ ഒഴുകി നടന്ന ചാര ബലൂൺ ചൈനയുടേതാണെന്നു അവർ സമ്മതിക്കുന്നു. വഴിതെറ്റി വന്നതാണെന്നു ചൈനീസ് വിദേശകാര്യ വക്താവ് വിശദീകരിച്ചെങ്കിലും യുഎസ് വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കൻ തന്റെ ചൈനീസ് സന്ദർശനം റദ്ദാക്കി പ്രതിഷേധം അറിയിച്ചു. 

ചൈനീസ് വിശദീകരണത്തിൽ പറയുന്നത്: "മൊണ്ടാനയ്ക്കു മീതെ കണ്ട ബലൂൺ കാലാവസ്ഥാ പഠനത്തിനു മാത്രം ഉപയോഗിക്കുന്ന വ്യോമയാനമാണ്. അത് ഉദ്ദേശിച്ച പാതയിൽ നിന്നു മാറി സഞ്ചരിച്ചു. 

"ഉദ്ദേശിക്കാത്ത യുഎസ് അതിർത്തിയിൽ പ്രവേശിച്ചതിൽ ചൈന ഖേദം പ്രകടിപ്പിക്കുന്നു. അപ്രതീക്ഷിതമായ ഈ സാഹചര്യം കൈകാര്യം ചെയ്യാൻ യുഎസുമായി തുടർന്നും ബന്ധപ്പെടും. ചൈന ഉത്തരവാദിത്തമുള്ള രാജ്യമാണ്. അന്താരാഷ്ട്ര നിയമങ്ങൾ ഞങ്ങൾ ലംഘിക്കാറില്ല."

എന്നാൽ അതൊരു ചാര ബലൂൺ തന്നെയെന്നു യുഎസിന് ഉറപ്പുണ്ടെന്നു ബ്ലിങ്കൻ തറപ്പിച്ചു പറഞ്ഞു. "ചൈനയുടെ നടപടി അസ്വീകാര്യമാണ്.  അവരുടെ വിശദീകരണം മുഖവിലയ്‌ക്കെടുക്കാൻ കഴിയില്ല. അതു കൊണ്ട് നിർദിഷ്ട ചൈനീസ് സന്ദർശനം മാറ്റി വയ്ക്കുന്നു."

വളരെ ഉയരത്തിൽ പറക്കുന്ന ബലൂൺ നിരീക്ഷിച്ചു വരികയാണെന്നു പെന്റഗൺ വ്യാഴാഴ്ച്ച പറഞ്ഞു. വ്യോമഗതാഗത പാതയ്ക്ക് വളരെ ഉയരെ ആയതിനാൽ മറ്റു അപകട സാധ്യതകൾ ഇല്ല. 

വെടിവച്ചിടാൻ ആലോചിച്ചെങ്കിലും മൂന്ന് ബസുകളുടെ നീളമുള്ള ബലൂൺ പൊട്ടിച്ചിതറി ജനവാസ കേന്ദ്രങ്ങളിൽ വീണാൽ ഉണ്ടാകാവുന്ന അപകടം പരിഗണിച്ചു അതു ഉപേക്ഷിച്ചു. വെള്ളത്തിനു മുകളിൽ എത്തുമ്പോൾ വെടിവച്ചിടുക എന്ന നിർദേശം യുഎസ് സേന പരിഗണിക്കുന്നുണ്ട്. 

കാര്യമായി രഹസ്യങ്ങളൊന്നും ചോർത്താനുള്ള കഴിവ് ബലൂണിനില്ല എന്നാണ് പെന്റഗൺ പറഞ്ഞത്. എന്നാൽ അത്തരമൊരു ബലൂൺ പാസിഫിക് സമുദ്രത്തിനു മീതെ പരാതി വിടുമ്പോൾ അതിനു ലക്ഷ്യങ്ങൾ ഉണ്ടാവുമെന്ന് മറ്റു പ്രതിരോധ വിദഗ്‌ധർ പറയുന്നു. യുഎസ് സൈനിക താവളങ്ങളുടെ ചിത്രങ്ങൾ എടുക്കാൻ ക്യാമറ ഘടിപ്പിച്ചിട്ടുണ്ടാവാം. അല്ലെങ്കിൽ രഹസ്യ സംഭാഷണങ്ങൾ പിടിച്ചെടുക്കാൻ കഴിയുന്ന സെൻസറുകൾ ഉണ്ടാവാം. 

"നമ്മുടെ മീതെ പറക്കാൻ ഇത്തരമൊരു ബലൂണിനു അനുമതി നൽകരുത്," മിസൈൽ ഡിഫെൻസ് പ്രൊജക്റ്റ് ഡയറക്ടർ ടോം കരാക്കോ പറഞ്ഞു. "ചൈനയുടെ മേൽ നമ്മൾ ഇങ്ങനെയൊന്നു വിട്ടാൽ അവർ വെറുതെ ഇരിക്കുമെന്നു ഞാൻ കരുതുന്നില്ല." 

ഏറ്റവും ഒടുവിൽ ബലൂൺ വടക്കുകിഴക്കൻ കൻസാസിനു മീതെ കണ്ടെന്നു വെള്ളിയാഴ്ച്ച റിപ്പബ്ലിക്കൻ സെനറ്റർ റോജർ മാർഷൽ അവിടന്നു ട്വീറ്റ് ചെയ്തു. വെള്ളിയാഴ്ച ഉച്ച തിരിഞ്ഞു മിസൂറിയിൽ കണ്ടതായും റിപോർട്ടുണ്ട്. 

അലാസ്കയുടെ അലീഷ്യൻ ദ്വീപുകൾ, കാനഡ എന്നീ പ്രദേശങ്ങൾ കടന്നാണ് ബലൂൺ മൊണ്ടാനയിൽ ബുധനാഴ്ച എത്തിയത്. അവിടെ മാംസ്‌ട്രോം വ്യോമസേനാ താവളത്തിൽ മൂന്ന് യുഎസ് അണ്വായുധ മിസൈൽ കേന്ദ്രങ്ങളുണ്ട്. 

വെള്ളിയാഴ്ചത്തെ വിവരം അനുസരിച്ചു ബലൂൺ 60,000 അടി ഉയരെയാണ്.

China regrets balloon entry, but Blinken cancels Beijing trip 

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക