Image

വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍ - ശനിയാഴ്ച (ജോബിന്‍സ്)

ജോബിന്‍സ് Published on 04 February, 2023
വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍ - ശനിയാഴ്ച (ജോബിന്‍സ്)

കടുത്ത ജനരോഷം കണക്കിലെടുത്ത് ഇന്ധന സെസ് കുറക്കുന്നതില്‍ എല്‍ഡിഎഫില്‍ ആലോചന തുടങ്ങി. ബജറ്റില്‍ പ്രഖ്യാപിച്ച ലിറ്ററിന് രണ്ട് രൂപ സെസ് ഒരു രൂപയാക്കാനാണ് നീക്കം. കേന്ദ്ര നയത്തെ കുറ്റപ്പടുത്തിയാണ് ഇടത് നേതാക്കള്‍ ഇന്നും നികുതി വര്‍ദ്ധനവിനെ ന്യായീകരിക്കുന്നത്. സംസ്ഥാന ബജറ്റിനെതിരെ ഇത്രയേറെ ജനരോഷം തിളക്കുന്നത് ഇതാദ്യമായാണ്. കേന്ദ്രത്തെ പഴിപറഞ്ഞ് പിടിച്ചുനില്‍ക്കാനുള്ള ശ്രമം ദുര്‍ബ്ബലമാകുന്നുവെന്നാണ് ഇടതു വിലയിരുത്തല്‍.
********************************
ഇന്ധന വില വര്‍ദ്ധനയടക്കം പ്രഖ്യാപിച്ച ജനവിരുദ്ധ ബഡ്ജറ്റിനെതിരെ സംസ്ഥാനത്ത് പ്രതിഷേധം ഇരമ്പുന്നു. പ്രതിപക്ഷം സംസ്ഥാനത്ത് ഇന്ന് കരിദിനമാചരിക്കുകയാണ്. വിവിധയിടങ്ങളില്‍ മുഖ്യമന്ത്രിയുടേയും ധനമന്ത്രിയുടേയും കോലം കത്തിച്ചും ബഡ്ജറ്റിന്റെ കോപ്പി കീറിയെറിഞ്ഞുമാണ് പ്രതിഷേധം.ഇന്ധന വിലയില്‍ പ്രതിഷേധിച്ച് കൊച്ചിയില്‍ മുഖ്യമന്ത്രി താമസിച്ച ഗസ്റ്റ് ഹൌസിന് മുന്നില്‍ പ്രതിഷേധം. മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാണിക്കാന്‍ ശ്രമിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കി.
*******************************
ജനവിരുദ്ധ ബഡ്ജറ്റില്‍ സര്‍ക്കാരിന് സിപിഐ പിന്തുണ. സംസ്ഥാന ബജറ്റില്‍ പ്രഖ്യാപിച്ച നികുതി വര്‍ധനവിനെ ന്യായീകരിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ രംഗത്ത് വന്നു. ഏത് നികുതിയിലും ജനകീയ പ്രതിഷേധങ്ങള്‍ ഉണ്ടാകാറുണ്ടെന്നും കേരളത്തിന്റെ പൊതുവികസനമാണ് നികുതി വര്‍ധനവിലൂടെ ലക്ഷ്യമിടുന്നതെന്നും കാനം പ്രതികരിച്ചു. ശമ്പളവും പെന്‍ഷനും കൊടുക്കണ്ടേ എന്നും കാനം ചോദിച്ചു.
****************************
തിരുവനന്തപുരം നഗരത്തില്‍ വീണ്ടും സ്ത്രീക്ക് നേരെ അതിക്രമം. മുമ്പ് ആക്രമണം ഉണ്ടായ മ്യൂസിയം ജംഗ്ഷനില്‍ തന്നെയാണ് സംഭവം. ബൈക്കില്‍ എത്തിയ രണ്ടംഗസംഘമാണ് സ്ത്രീയ്ക്ക് നേരെ അതിക്രമം നടത്തിയത്. ഇന്നലെ രാത്രി 11:45ന് കനകനഗര്‍ റോഡിലായിരുന്നു സംഭവം. താമസ സ്ഥലത്തേയ്ക്ക് മടങ്ങുകയായിരുന്ന യുവതിക്ക് നേരെയാണ് അതിക്രമം ഉണ്ടായത്. സാഹിത്യ ഫെസ്റ്റിനുശേഷം താമസസ്ഥലത്തേക്ക് മടങ്ങുകയായിരുന്നു യുവതി. അതിക്രമത്തിനിടെ യുവതിയുടെ കഴുത്തിനും മുഖത്തിനും അടിയേറ്റു. 
*************************
സംസ്ഥാന ബജറ്റില്‍ ഇന്ധന സെസ് ഉയര്‍ത്താനുള്ള നിര്‍ദേശത്തിനെതിരെ വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തില്‍ ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ തീരുമാനമെടുക്കുമെന്നും അദേഹം പറഞ്ഞു.
*************************
വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി കേരളത്തില്‍ നേട്ടമുണ്ടാക്കുമെന്ന് സംസ്ഥാനത്തിന്റെ ചുമതലയുള്ള ബിജെപി നേതാവ് പ്രകാശ് ജാവദേക്കര്‍. തെരഞ്ഞെടുപ്പില്‍ അഞ്ച് സീറ്റുകള്‍ നേടുമെന്നും ജാവദേക്കര്‍ കൊച്ചിയില്‍ പറഞ്ഞു. കേരളത്തിലെ ഇടത് സര്‍ക്കാര്‍ അഴിമതിയും ഗുണ്ടായിസവുമാണ് നടത്തുന്നതെന്ന് ജാവദേക്കര്‍ കുറ്റപ്പെടുത്തി.
************************
ഓഹരി തട്ടിപ്പ് ആരോപണത്തില്‍ അദാനിക്കെതിരെ അന്വേഷണമാരംഭിച്ച് കേന്ദ്രം. കേന്ദ്ര കമ്പനികാര്യാലയമാണ് അന്വേഷണം നടത്തുന്നത്. കമ്പനി നിയമത്തിലെ സെക്ഷന്‍ 206 പ്രകാരം അദാനി ഗ്രൂപ്പില്‍ നിന്ന് വിവരങ്ങള്‍ തേടി.
ഗ്രൂപ്പ് സമീപകാലത്ത് നടത്തിയിട്ടുള്ള ഇടപാടുകളുടെ സാമ്പത്തിക രേഖകളും അക്കൗണ്ട് വിവരങ്ങളുമാണ് മന്ത്രാലയം പരിശോധിക്കുക. ഡയറക്ടര്‍ ജനറലിന്റെ നേതൃത്വത്തിലാണ് പ്രാഥമിക അന്വേഷണം. ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് പുറത്ത് വന്നതിന് ശേഷമുള്ള ആദ്യ അന്വേഷണമാണിത്.
************************
തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് റെക്കോഡ് ഏക തുക. ചാവക്കാട് വിശ്വനാഥ ക്ഷേത്രേത്സവത്തില്‍ പങ്കെടുക്കാന്‍ 6.75 ലക്ഷം രൂപയാണ് കൊമ്പന്‍ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് ലഭിച്ചത്. പൂരത്തില്‍ പങ്കെടുക്കാന്‍ ഒരു ആനയ്ക്ക് ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന തുകയാണ് ഇത്. ചാവക്കാട് പുഞ്ചിരി പൂരഘോഷ കമ്മറ്റിയാണ് ആനയെ ഈ തുകക്ക് എടുത്തത്. തെച്ചിക്കോട്ടുകാവ് രാമചന്ദ്രനോടുള്ള ഇഷ്ടം കൊണ്ടാണ് ഇത്രയും തുക മുടക്കുന്നതെന്ന് പുഞ്ചിരി പൂരാഘോഷ കമ്മിറ്റി അംഗങ്ങള്‍ പറയുന്നു.
**********************

MAIN NEWS - KERALA - INDIA 

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക