Image

നോണ്‍ സ്റ്റോപ്പ് രോമാഞ്ചം (സിനിമ-ആനന്ദ്)

Published on 04 February, 2023
നോണ്‍ സ്റ്റോപ്പ് രോമാഞ്ചം (സിനിമ-ആനന്ദ്)

ജിത്തു മാധവന്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച് ജോണ്‍ പോള്‍ ജോര്‍ജ്, സൗബിന്‍ ഷാഹിര്‍, ഗിരീഷ് ഗംഗാധരന്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ച ചിത്രമാണ് രോമാഞ്ചം. സൗബിന്‍ ഷാഹിര്‍, അര്‍ജുന്‍ അശോകന്‍, ചെമ്പന്‍ വിനോദ് ജോസ്, സജിന്‍ ഗോപു തുടങ്ങിയവരെ കൂടാതെ ഒരു പറ്റം പുതുമുഖ താരങ്ങളും അണിനിരക്കുന്ന ചിത്രം horror comedy വിഭാഗത്തില്‍ പെടുന്നതാണ്. 

മലയാളത്തില്‍ വളരെ കുറച്ച് മാത്രം പരീക്ഷിക്കപ്പെട്ടിട്ടുള്ള ഒരു genre ആണ് ഹൊറര്‍ കോമഡി. പ്രേക്ഷകരെ പേടിപ്പിക്കുന്നതിനൊപ്പം ചിരിപ്പിക്കുക കൂടി ചെയ്യേണ്ടി വരുന്നിടത്താണ് ഹൊറര്‍ കോമഡി സിനിമകളുടെ റിസ്‌ക് ഒളിഞ്ഞിരിക്കുന്നത്. അങ്ങനെയൊരു റിസ്‌ക് ആണ് രോമാഞ്ചത്തിന്റെ അണിയറപ്രവര്‍ത്തകര്‍ ഏറ്റെടുത്ത് ഫലിപ്പിച്ചിരിക്കുന്നത്. അത്രയധികം പേടിപ്പിക്കാന്‍ മുതിരുന്നില്ലെങ്കിലും ആദ്യാവസാനം ആകുവോളം ചിരിപ്പിക്കുന്നുണ്ട് രോമാഞ്ചം. 2007 ലെ ബാംഗ്ലൂരിന്റെ പശ്ചാത്തലത്തില്‍ 7 ബാച്ചിലേഴ്‌സിന്റെ കഥയാണ് ചിത്രം പറയുന്നത്. യുവാക്കളുടെ ബാച്ചിലര്‍ ലൈഫിലെ എല്ലാ വിധ അലമ്പുകളും തമാശകളും ഒക്കെ അവരുടെ ജീവിതത്തിലും ഉണ്ട്. അങ്ങനെയിരിക്കെ കൂട്ടത്തിലെ പ്രധാനി ജിബി റൂമിലേക്ക് ഒരു ഓജോ ബോര്‍ഡ് കൊണ്ട് വരുന്നു. തനിക്ക് താല്‍പ്പര്യമില്ലാത്ത വോളിബോള്‍ കളിയില്‍ നിന്ന് മറ്റുള്ളവരെ പിന്തിരിപ്പിക്കാനും ഒരു ടൈം പാസിനും കൂടി വേണ്ടി കൊണ്ട് വന്നതാണെങ്കിലും ഓജോ ബോര്‍ഡ് അപ്രതീക്ഷിതമായി ഒരു ആത്മാവുമായി കണക്റ്റ് ആകുന്നതോടെ കഥ കൂടുതല്‍ രസകരമാകുന്നു. ഓജോ ബോര്‍ഡിന്റെ ത്രില്ലുകളും തമാശകളും ഒക്കെ പല ഭാഷകളിലായി ഇതിന് മുമ്പും വന്നിട്ടുള്ളതാണെങ്കിലും രോമാഞ്ചത്തിലെ തമാശകള്‍ ഫ്രഷ് ആയി തന്നെ പ്രേക്ഷകന് ഫീല്‍ ചെയ്യിപ്പിക്കുന്നിടത്താണ് പടം ക്ലിക്ക് ആകുന്നത്. സംവിധായകന്റെ സൂക്ഷ്മമായ നിരീക്ഷണപാടവം വ്യക്തമാകുന്ന തരത്തിലാണ് ഓരോ സീനുകളിലും വന്ന് പോകുന്ന detailing കള്‍. ഡയലോഗിലെ തമാശകള്‍ക്കും അപ്പുറം ചിത്രം പലയിടത്തും ചിരിപ്പിക്കുന്നതും അതുകൊണ്ടാണ്. സ്‌ക്രീനില്‍ വന്നു പോകുന്ന കഥാപാത്രങ്ങള്‍ക്കെല്ലാം അവരുടേതായ ഐഡന്റിറ്റി കൊടുത്ത തിരക്കഥ പ്രശംസ അര്‍ഹിക്കുന്നുണ്ട്. ഒറ്റ വരിയില്‍ പറഞ്ഞ് തീര്‍ക്കാന്‍ മാത്രം സാധിക്കുന്ന ഒരു കഥയേ കൈവശം ഉള്ളുവെങ്കിലും അതിനെ പരമാവധി എന്‍ജോയബിള്‍ ആക്കുന്നത് ഈ കഥാപാത്ര രൂപീകരണത്തിന്റെ കെട്ടുറപ്പ് മൂലമാണ്. ചുരുങ്ങിയ ബജറ്റില്‍ പരിമിധികള്‍ക്കുള്ളില്‍ നിന്ന് പൂര്‍ത്തിയാക്കിയ ചിത്രം ആണെങ്കിലും പ്രേക്ഷകന്റെ ആസ്വാദനത്തെ അതൊന്നും ലവലേശം ബാധിക്കുന്നില്ല. 


സ്‌ക്രീനില്‍ നിന്ന് കണ്ണെടുപ്പിക്കാത്ത പ്രകടനങ്ങള്‍ കൊണ്ട് സമ്പന്നമാണ് രോമാഞ്ചം. ഇണങ്ങുന്ന ക്യാരക്റ്ററുകള്‍ ലഭിച്ചാല്‍ അവ അത്രമേല്‍ ഭംഗിയായി അവതരിപ്പിക്കാനുള്ള സൗബിന്റെ കഴിവ് ഒരിക്കല്‍ കൂടി ഇവിടെ വെളിവാകുന്നുണ്ട്. ഒരിക്കല്‍ പോലും പ്രകടനത്തില്‍ അതിഭാവുകത്വം കൊണ്ട് വരാതെ ഭംഗിയായി ചെയ്ത സൗബിന്റെ കൈയ്യില്‍ ജിബിയുടെ റോള്‍ സേഫ് ആണ്. ശ്രദ്ധിച്ചില്ലെങ്കില്‍ പാളി പോകാവുന്ന കഥാപാത്രം അര്‍ജുന്‍ അശോകന്‍ മികവാര്‍ന്ന രീതിയില്‍ അവതരിപ്പിച്ചി. നിമിഷങ്ങള്‍ മാത്രമേ സ്‌ക്രീനില്‍ ഉള്ളു എങ്കിലും ചെമ്പന്‍ വിനോദ് ജോസും അപാരമായ ടൈമിംഗ് കാഴ്ച വെച്ചു. ജിബിയുടെ ഒപ്പം റൂമില്‍ ഉള്ള മറ്റു 6 കഥാപാത്രങ്ങളെയും മറ്റാരെയും സങ്കല്‍പ്പിക്കാനാവാത്ത രീതിയില്‍ അഭിനേതാക്കള്‍ വെടിപ്പായി തന്നെ അവതരിപ്പിച്ചിട്ടുണ്ട്. പെര്‍ഫോമന്‍സുകള്‍ക്ക് ഒപ്പം തന്നെ രോമാഞ്ചത്തിന്റെ technincal team ഉം പ്രശംസ അര്‍ഹിക്കുന്നുണ്ട്. സനു താഹിറിന്റെ ഫ്രെയിമുകളും കിരണ്‍ ദാസിന്റെ എഡിറ്റിംഗും സുഷിന്‍ ശ്യാമിന്റെ മ്യൂസിക്കും എല്ലാം വലിയ സപ്പോര്‍ട്ട് ചിത്രത്തിന് നല്‍കുന്നുണ്ട്.    
രസച്ചരട് പൊട്ടാതെ കൃത്യമായ മീറ്ററില്‍ കഥ പറഞ്ഞ് പോയിടത്താണ് രോമാഞ്ചം പൈസ വസൂല്‍ അനുഭവം ആകുന്നത്. കോടികളുടെ കിലുക്കവുമായി വരുന്ന പല ചിത്രങ്ങളും വമ്പന്‍ നിരാശകള്‍ സമ്മാനിക്കുമ്പോള്‍ ചെറുതെങ്കിലും സത്യസന്ധമായ ഇത്തരം പരീക്ഷണങ്ങള്‍ക്ക് കൈയ്യടിക്കേണ്ട മനസ്സ് പ്രേക്ഷകന്‍ കാണിക്കുമെന്ന് തന്നെ വിശ്വസിക്കാം... തുടരട്ടെ രോമാഞ്ചിഫിക്കേഷന്‍...       
                                                                                                    - ആനന്ദ്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക